Sunday, December 30, 2007

എഴുതേണ്ടാത്ത എഴുത്ത്!

എഴുതിത്തുടങ്ങിയേടം മുതല്‍
എഴുതിത്തീര്‍ന്നേടം വരേക്കുള്ള ദൂരം
അക്ഷരങ്ങള്‍ കൊണ്ടളക്കണം.

സ്വയമെഴുതാത്തവര്‍
ആരാനെഴുതിയ
ആത്മകഥകളാണ്,

കടം കൊണ്ടെഴുതിയവര്‍
ചൈതന്യം നഷ്ടപ്പെട്ട
നിത്യ അരൂപികളാണ്,

ആര്‍ക്കോ വേണ്ടി എഴുതിയവര്‍
സ്വയമറിയാത്ത
തീരാനഷ്ടങ്ങളാണ്,

എഴുതിയതേറ്റു പാടുന്നവര്‍
സ്വത്വം തിരയേണ്ട ഗതികേടില്ലാത്ത
ധന്യാത്മാക്കളാണ്,

എഴുതാന്‍ മറന്നു പോയവര്‍
വിറുങ്ങലിച്ചൊടുങ്ങുന്ന
സംഭ്രമങ്ങളാണ്.

എഴുതിത്തുടങ്ങിയേടം മുതല്‍
എഴുതിത്തീര്‍ന്നേടം വരേക്കുള്ള ദൂരം
അക്ഷരങ്ങള്‍ കൊണ്ടളക്കണം.

അക്ഷരങ്ങളുടെ
വടിവില്‍ മയങ്ങാതെ
വിചാരങ്ങള്‍ പെറുക്കുകയും
വാക്കുകളുടെ
എണ്ണമെടുക്കാതെ
വ്യാഖ്യാനങ്ങളില്‍
ഉരുകുകയും ചെയ്യുന്നത്
നിലവാരത്തിന്റെ നീതിശാസ്ത്രം!

ജന്മം തുടങ്ങിയേടം മുതല്‍
ജന്മമൊടുങ്ങുന്നേടം വരേക്കുള്ള ദൂരം
കര്‍മ്മങ്ങള്‍ കൊണ്ടളക്കണം...


വെറുതെ, എന്തോ തോന്നി, അങ്ങെഴുതി... കവിത എന്നു വിളിച്ച് കവിതയെ കളിയാക്കുന്നില്ല!

Thursday, December 27, 2007

ബേനസിര്‍ ഭൂട്ടോ കൊല്ലപ്പെട്ടു!

ബേനസിര്‍ ഭൂട്ടോ അല്പസമയം മുമ്പ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സ്ഫോടനങ്ങള്‍ക്കിടെ കഴുത്തിനു വെടിയേറ്റതാണ് മരണകാരണമെന്ന് അനുമാനിക്കപ്പെടുന്നു.

നിരന്തരമായ വധഭീഷണിയും ഒരു വധശ്രമവും വരെ ഉണ്ടായിട്ടും അവരെ സംരക്ഷിക്കാന്‍ പാകിസ്താന്‍ ഭരണകൂടത്തിനു കഴിഞ്ഞില്ല എന്നത് അപലപനീയമാണ്. തീവ്രവാദ പ്രവണതകളെ ചെറുക്കാനും എതിര്‍ക്കാനും കുഴിച്ചു മൂടാനും അന്താരാഷ്ട്രസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇതു നമുക്കു തരുന്ന പാഠമെന്തെന്ന് ഉണര്‍ന്നു ചിന്തിക്കേണ്ടതില്ലേ. ആശയസംഘട്ടനങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് നീങ്ങുന്ന ഈ പ്രവണതയെ അപലപിച്ചാല്‍ മാത്രം മതിയോ?

ബേനസിര്‍ ഭൂട്ടോ എന്ന വ്യക്തി ആരെന്നതോ, അവരെന്തിനു വേണ്ടി നിലകൊണ്ടു എന്നതോ അല്ല നമുക്കു മുന്നിലുള്ള പ്രശ്നം. തങ്ങളെ പ്രീണിപ്പിക്കാനോ അനുസരിക്കാനോ തയ്യാറാകാത്തവര്‍ ഭൂമുഖത്തു ജീവിച്ചിരിക്കേണ്തതില്ല എന്ന തീവ്രവാദികളുടെ നിലപാട്, പരിധികള്‍ ലംഘിച്ച് ഇത്രടം വരെ എത്തിയിട്ടും ഭൂരിപക്ഷം വരുന്ന അന്താരാഷ്ട്രസമൂഹം ഈ നടപടികള്‍ക്ക് കടിഞ്ഞാണിടാന്‍ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങാത്തതെന്തു കൊണ്ട് എന്നതാണ്.

ഇറാഖില്‍ സദ്ദാം ഒളിപ്പിച്ചിരുന്നു എന്നു പറയപ്പെട്ട ആയുധങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തി, ഒരു രാജ്യത്തെ മുഴുവന്‍ അരക്ഷിതാവസ്ഥയിലേക്കു തള്ളി വിട്ട അമേരിക്ക ഇത്തരം നടപടികളെ വാക്കുകള്‍ കൊണ്ടു മാത്രം എതിര്‍ക്കുന്നത് എന്തു കൊണ്ടാണ്? ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കാനാണ് ആയുധങ്ങള്‍ എന്ന തിരിച്ചറിവ് അവര്‍ക്കുമുണ്ടാവേണ്ടതില്ലേ? ഉണ്ടായിട്ടും മിണ്ടാതിരിക്കുകയാണോ?

ലോകസമൂഹത്തില്‍ തികച്ചും ന്യൂനപക്ഷമായ തീവ്രവാദികളെ നശിപ്പിക്കാന്‍ എന്നും അണുപരീക്ഷണങ്ങളും കരാറുകളുമായി നടക്കുന്ന രാജ്യങ്ങള്‍ക്ക് ആയുധസമ്പത്ത് പോരെന്നുണ്ടോ? അതെങ്ങനെ സാധിക്കും? അത്യാവശ്യം വരുമ്പോള്‍ "ഇവനെ/ഇവളെ ഒന്നു കൊന്നു തരൂ" എന്നിവര്‍ക്ക് അപേക്ഷിക്കാന്‍ ഈ തീവ്രവാദിസമൂഹം നിലനില്‍ക്കേണ്ടതുണ്ടല്ലോ!

ബേനസീറിനെക്കുറിച്ചെന്ന പോലെ തന്നെ, ഒരു പക്ഷേ, അവരെക്കാളധികമായി എനിക്കു വിഷമമുണ്ടാക്കുന്ന വസ്തുത അവരോടൊപ്പം ഇരുപത്തഞ്ചു പേര്‍ കൂടി മരിച്ചു എന്നതാണ്. ആരോര്‍ക്കാന്‍, അവരെക്കുറിച്ച്?

ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയാവുമ്പോഴും തീവ്രവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ബോംബാക്രമണങ്ങളും വെടിവെപ്പുകളും മുടങ്ങാതെ ഇനിയും നടന്നു കൊണ്ടിരിക്കുക തന്നെ ചെയ്യും. അഞ്ചോ ആറോ ദിവസങ്ങള്‍ക്കുള്ളില്‍ നാമുള്‍പ്പെടെ എല്ലാവരും ഇതെല്ലാം മറക്കുകയും അവരോട് പൊറുക്കുകയും പിന്നീടു വരാനിരിക്കുന്ന ആക്രമണങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യും. പത്രങ്ങളും മാധ്യമങ്ങളും ഇത്തരം സംഭവങ്ങള്‍ ആഘോഷം പോലെ കൊണ്ടാടുകയും ചെയ്യും. എല്ലാമൊടുങ്ങുമ്പോള്‍ ബാക്കിയാവുന്നത് പൊലിഞ്ഞു പോയ കുറേ ജീവിതങ്ങളും അവരുടെ കുടുംബാംഗങ്ങളുടെ കണ്ണുനീരും മാത്രം. ഒരു പക്ഷേ, ഒരു സ്മാരകവും!

Tuesday, December 18, 2007

കഥ: ചൈതന്യയിലെ പെണ്‍കുട്ടി

കഫേറ്റീരിയയില്‍ ഒതുക്കി വച്ചിരുന്ന കസേരകളിലൊന്നില്‍ വിനോദ് ഇരുന്നു. തിരക്കു പിടിച്ച ഓഫീസ് ജോലികള്‍ക്കിടയില്‍ വീണു കിട്ടുന്ന ഇടവേളകള്‍ അപൂര്‍വസൌഭാഗ്യം പോലെ അയാള്‍ ആസ്വദിക്കാറുണ്ട്. ഒരു കപ്പു കട്ടന്‍കാപ്പിയും ഒരുപാടു ചിന്തകളും. തുറന്നിട്ട ജനാലയിലൂടെ പുറത്തേക്കു നോക്കിയാല്‍ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ വെള്ളിരേഖകള്‍ വരച്ചൊഴുകുന്ന സൂര്യപ്രകാശം കാണാം. സാമൂഹ്യവ്യവസ്ഥിതിയെ കീറിമുറിച്ചു മുന്നേറുന്ന പുതിയ വെളിപാടുകളെപ്പോലെ ആ പ്രകാശരേഖകള്‍ അയാളുടെ ചിന്തകളിലേക്കു പടര്‍ന്നു കയറി. വശ്യമായ ചിന്തകളെ തനിക്കിടംവലം മേയാന്‍ വിട്ട്, അവയുടെ ഗതികള്‍ സശ്രദ്ധം വീക്ഷിച്ചു കൊണ്ട് അയാള്‍ ഇരുന്നു.

ആവി പറക്കുന്ന കാപ്പി ഊതിത്തണുപ്പിച്ച് ഒരു കവിള്‍ ആസ്വദിച്ചിറക്കുന്നതിനിടെ, മേശപ്പുറത്തിരുന്ന ബ്രൌഷര്‍ വിനോദിന്റെ ശ്രദ്ധയില്‍ പെട്ടു.

"നിങ്ങളുടെ അര ദിവസത്തെ ശമ്പളം കൊണ്ട് ഒരു കുഞ്ഞിന് പുതുജീവന്‍ നല്കൂ."

പച്ചയില്‍ മഞ്ഞ നിറമുള്ള അക്ഷരങ്ങളില്‍ ഭംഗിയായി അച്ചടിച്ച ആ ബ്രൌഷര്‍ അയാള്‍ കയ്യിലെടുത്തു. നിര്‍ധനരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാനായി സംഭാവനകള്‍ തേടിക്കൊണ്ട് ഒരു സന്നദ്ധ സംഘടന തയ്യാറാക്കിയതാണത്. വിനോദ് അതെടുത്ത് മറിച്ചു നോക്കി. ഏതൊരാളുടെയും മനസ്സലിയിക്കുന്ന വാക്കും വാക്യവും ഘടനയും. മൂക്കളയൊലിപ്പിക്കുന്ന പിഞ്ചുപെണ്‍കുഞ്ഞിന്റെയും പിഞ്ഞിക്കീറിയ കുപ്പായമിട്ട കൊച്ചു കുറുമ്പന്‍ ചെക്കന്റെയും പടങ്ങള്‍ ചേര്‍ത്ത് ആകര്‍ഷകമാക്കിയ ഉള്‍ത്താളുകള്‍. വിനോദ്, വെറുതെ അമ്മയെ ഓര്‍ത്തു.

പണ്ട്, തന്റെ പച്ചക്കുപ്പായത്തിലെ വിട്ടു പോയ കുടുക്ക് മഞ്ഞ് നിറമുള്ള നൂലു കൊണ്ടാണ് അമ്മ തുന്നിത്തന്നിരുന്നത്. പലരും കളിയാക്കിയിരുന്നു, സ്കൂളിലും പുറത്തും. ഒരുപാടു നാളുകള്‍ക്കു ശേഷമാണ് അമ്മയോട് അതേക്കുറിച്ചു പറഞ്ഞത്. താന്‍ കാണാതെ, പുറം തിരിഞ്ഞു നിന്ന് അമ്മ കണ്ണുകള്‍ ഒപ്പിയത് എന്തിനായിരുന്നെന്ന് അന്നും ഇന്നും മനസ്സിലായിട്ടില്ല.

വിനോദ് താനിട്ടിരിക്കുന്ന മെറൂണ്‍ നിറമുള്ള കുപ്പായത്തിലേക്കു നോക്കി. ഇന്നും കുടുക്കുകള്‍ തുന്നിപ്പിടിപ്പിക്കാറുണ്ട്, അല്പം മുന്തിയ കലാബോധത്തോടെ. ഇന്നും കീറിയ തുണികള്‍ തുന്നിയുടുക്കാറുണ്ട്, ഡാണിംഗ് എന്നു വിളിപ്പേരുള്ള തുന്നല്‍പ്രക്രിയയിലൂടെ. പല പേരുകളില്‍, പല ഭാവങ്ങളില്‍ പലതും പുനര്‍ജ്ജനിക്കുന്നു! അയാള്‍ കാപ്പിക്കപ്പ് ചുണ്ടോടടുപ്പിച്ചു.

"ഹെല്ലോ സര്‍..."

ഒരു പെണ്‍ശബ്ദം കേട്ട് വിനോദ് മുഖമുയര്‍ത്തി നോക്കി. ഒരു യുവതി. വിനോദിന്റെ സൌന്ദര്യസങ്കല്‍പ്പങ്ങള്‍ അവളെക്കാള്‍ ഒരുപാടു മുന്നിലായതു കൊണ്ടാകണം, അയാള്‍ക്കവളില്‍ വലിയ ആകര്‍ഷണമൊന്നും തോന്നിയില്ല. കാതിലെ വിശേഷ ഡിസൈനിലുള്ള വലിയ വെള്ളിക്കമ്മലുകള്‍ അവളുടെ കവിളുകളെ ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു. ചായം തേച്ചു മിനുക്കിയ ചുണ്ടുകള്‍ വിടര്‍ത്തി, അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു.

മനസ്സില്‍ നുരഞ്ഞു പൊങ്ങിയ നീരസത്തിനു മീതെ മാന്യതയുടെ കുപ്പായക്കുടുക്കുകള്‍ വലിച്ചു കൊളുത്തിയ ശേഷം വിനോദ് മുഖത്തൊരു പുഞ്ചിരി വരുത്തിച്ചു.

"ഒരഞ്ചു മിനിറ്റ് ഞാനിവിടെ ഇരുന്നോട്ടെ?"

പുഞ്ചിരിയോടെത്തന്നെ അവള്‍ ചോദിച്ചു. അയാള്‍ നിരസിച്ചില്ല.

"ഷുവര്‍"

"സര്‍ ഈ ബ്രൌഷര്‍ മുഴുവന്‍ വായിച്ചോ?"

"ങും..."

മുഴുവന്‍ വായിച്ചില്ലെങ്കിലും അയാള്‍ ഉവ്വെന്നു തന്നെ പറഞ്ഞു. എന്തിത്ര വായിക്കാനെന്ന് അയാള്‍ ചിന്തിക്കാതെയുമിരുന്നില്ല. കമ്പനിയുടെ വ്യത്യസ്ത ഉല്പന്നങ്ങള്‍ക്കു വേണ്ടി ഒരുപാട് മാര്‍ക്കറ്റിംഗ് ഡോക്യുമെന്റ്സ് അയാള്‍ എഴുതിയിട്ടുണ്ട്. ഇതും അതു പോലൊരെണ്ണം.

പണ്ട്, പൂനെക്കാരിയായ മാനേജര്‍ അശ്വിനി പറയുമായിരുന്നു.

"വാട്ട് എ ലവ്‍ലി ലാംഗ്വേജ്! വിനോദ് എഴുതിയത് കാണുമ്പോള്‍ എനിക്കും നമ്മുടെ പ്രോഡക്ട് ഒരെണ്ണം വാങ്ങിക്കളയാമെന്നു തോന്നുന്നു. നൈസ് ജോബ്."

കണക്കില്ലാതെ പുകഴ്‍ത്തുകയും അതു പോലെ ഇകഴ്‍ത്തുകയും ചെയ്യാറുള്ള അശ്വിനിയെക്കുറിച്ചോര്‍ത്തപ്പോള്‍ വിനോദിനു ചിരി വന്നു. നാട്ടില്‍ ജോലി കിട്ടി അവര്‍ തിരിച്ചു പോയപ്പോള്‍ താനടക്കം എല്ലാവരും ഒരുപാടു സന്തോഷിച്ചിരുന്നു. ഇപ്പോഴെന്തോ, പുകഴ്‍ത്താനും ഇടക്കൊക്കെ ഒരാള്‍ വേണമെന്ന തോന്നല്‍!

"സര്‍..."

പെണ്‍കുട്ടി തുടര്‍ന്നു.

"ചൈതന്യ ഫൌണ്ടേഷന്‍സ് പാവപ്പെട്ട കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്കുന്ന സംഘടനയാണ്."

അയാള്‍ ’ഓഹോ’ എന്ന ഭാവത്തില്‍ തല കുലുക്കി.

"ചേരികളില്‍ നിന്നും അനാഥാലയങ്ങളില്‍ നിന്നുമായി ഇരുന്നൂറിലധികം കുട്ടികളെ ഞങ്ങള്‍ പഠിപ്പിക്കുന്നുണ്ട്."

വാനിറ്റി ബാഗ് മേശപ്പുറത്തു വച്ച്, അതിന്റെ സിബ്ബ് തുറന്ന്, അവള്‍ രണ്ടുമൂന്നു ഫോട്ടോഗ്രാഫുകള്‍ മേശപ്പുറത്തു വച്ചു. അതിലൊരെണ്ണം വിനോദിന്റെ മുമ്പിലേക്കു നീട്ടി വച്ച് അവള്‍ പറഞ്ഞു.

"ഇതാണ് ചൈതന്യയുടെ സ്കൂള്‍"

വിനോദ് ആ ഫോട്ടോയിലൂടെ കണ്ണോടിച്ചു. നാലു നിലയുള്ള മനോഹരമായ കെട്ടിടം. മുകളില്‍ വലിയ അക്ഷരങ്ങളില്‍ ’ചൈതന്യ സ്കൂള്‍ ഓഫ് ചാരിറ്റി’ എന്നെഴുതി വച്ചിരിക്കുന്നു.

"സാറിനറിയാമോ?"

വിനോദിന്റെ താല്പര്യം കണ്ട് പെണ്‍കുട്ടിയുടെ ഉത്സാഹം വര്‍ദ്ധിച്ചു.

"ബാംഗ്ലൂരിലെ ചേരികളില്‍ മാത്രം പതിനായിരക്കണക്കിനു കുട്ടികള്‍ അടിസ്ഥാനവിദ്യാഭ്യാസം പോലും കിട്ടാതെ കഴിയുന്നുണ്ട്."

വിനോദിനു പെട്ടെന്നോര്‍മ്മ വന്നത് കേരളത്തില്‍ കുട്ടികളില്ലാത്തതു കാരണം പൂട്ടിപ്പോകുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്. എങ്കില്‍ത്തന്നെയും മുഖമുയര്‍ത്തി അയാള്‍ അവളെ നോക്കി ചോദിച്ചു.

"അതേയോ?"

"അതേസര്‍, ചൈതന്യ ഇത്തരം കുട്ടികളെ ഞങ്ങളുടെ സ്കൂളില്‍ ചേര്‍ത്ത് മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും ന്യൂട്രീഷ്യസ് ഭക്ഷണവും നല്കുന്നുണ്ട്."

"ന്യൂട്രീഷ്യസ് ഭക്ഷണമെന്നു വച്ചാല്‍?"

"മുട്ട, പാല്‍... പിന്നെ അതു പോലുള്ള പോഷകാഹാരങ്ങള്‍."

വിനോദ് താന്‍ കാപ്പി കൊണ്ടുവന്ന ഗ്ലാസ്സിലേക്കു നോക്കി. തണുത്തു തുടങ്ങിയ കട്ടന്‍കാപ്പി ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്ത ശേഷം അയാള്‍ ആ കപ്പ് അവള്‍ക്ക് കാണാനാവാത്ത വിധം താഴെ വച്ചു.

ബ്രൌഷറിലൂടെ അയാള്‍ വീണ്ടൂം കണ്ണോടിച്ചു. പടത്തിലെ മൂക്കളയൊലിപ്പിക്കുന്ന പെണ്‍കുഞ്ഞിന്റെ കണ്ണുകള്‍ അയാളെ നോക്കി ചിരിച്ചു. അയാള്‍ക്ക് സിന്ധുവിനെക്കുറിച്ച് ഓര്‍മ്മ വന്നു. ഒപ്പം സര്‍ക്കാര്‍ സ്കൂളിന്റെ പഴകിയ മതിലും ഇടതു വശത്തെ മേല്‍മറയില്ലാത്ത മൂത്രപ്പുരയുമെല്ലാം. വാതില്‍ക്കല്‍ നിന്ന് ചിരിച്ചു കൊണ്ട് സിന്ധു ഒരിക്കല്‍ ചോദിച്ചിരുന്നു.

"നീയെന്താ എന്നും ങ്ങനെ വൈകി വരണേ?"

കല്ലു ചുമന്ന് ചുമലില്‍ പറ്റിയ ചതവ് കുപ്പായം കൊണ്ട് നന്നായി മറച്ചെന്ന് ഉറപ്പു വരുത്തി, അന്ന് താന്‍ മറുപടി പറഞ്ഞു.

"ണീക്കാന്‍ വൈക്‍ണത് കൊണ്ടാ..."

പുലര്‍ച്ചെ സൂര്യനുദിക്കും മുമ്പേ അച്ഛന്റെ വാലില്‍ത്തൂങ്ങി എന്നും താന്‍ പോയിരുന്നു, കല്ലെടുക്കാന്‍. കല്ലുവെട്ടിക്കുഴിയില്‍ നിന്ന് കല്ലു വെട്ടിയെടുത്ത് വീട്ടുമുറ്റത്തെത്തിക്കുന്നതിനാണ് കൂലി. അച്ഛന്‍ വെട്ടും, കഴിയുന്നിടത്തോളം താന്‍ ചുമക്കും.

നിരുത്സാഹപ്പെടുത്താന്‍ വേണ്ടിയായിരുന്നില്ലെങ്കിലും, മറ്റു പലരെയും പോലെ ഒരിക്കല്‍ അച്ഛനും ചോദിച്ചു.

"നിയ്യെന്തിനാടാ ചെക്കാ, കൂളില്‍ പോണത്? ന്റെ കൂടെത്തന്നെ നിന്ന് ഇതൊക്കെ വെട്ടാന്‍ പഠിച്ചൂടെ?"

ആ ചോദ്യം തന്നെ ഒരുപാടു വിഷമ്മിപ്പിച്ചു. എങ്കിലും സര്‍ക്കാര്‍ സ്കൂളില്‍ നിന്നും സൌജന്യമായി കിട്ടിയ പുസ്തകങ്ങള്‍ പഠിക്കാനുള്ള ത്വരയെ തട്ടിയുണര്‍ത്തി. ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം വീണ്ടും പഠനം തുടര്‍ന്നു. ഉച്ചക്കഞ്ഞിയും, ഒപ്പം ബീവാത്തുമ്മ പാകം ചെയ്തു തന്നിരുന്ന പയറുപ്പേരിയും ഓര്‍ത്ത് അയാള്‍ ചുണ്ടുകള്‍ നനച്ചു.

എല്ലാമറിഞ്ഞ്, ഒരു ദിവസം ചാക്കോമാഷ് തന്റെ പുറത്തു തട്ടിക്കൊണ്ട് പറഞ്ഞു.

"നന്നാവും... പഠിക്കണ കാര്യത്തില്‍ എന്ത് വെഷമണ്ടെങ്കിലും ന്നോട് പറഞ്ഞോളൂ..."

ഓര്‍മ്മകളില്‍ മുഴുകി വിനോദ് കണ്ണുകളടച്ചു.

"സര്‍..."

ചൈതന്യയിലെ പെണ്‍കുട്ടിയുടെ വിളി അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി.

"അയാം സോറി... ഞാനീ കുട്ടികളെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു."

"അതേ സര്‍, ചൈതന്യയിലൂടെ താങ്കള്‍ക്കും ഈ കുട്ടികളെ സഹായിക്കാം..."

ഒന്നു നിര്‍ത്തിയ ശേഷം പെണ്‍കുട്ടി തുടര്‍ന്നു.

"ഓരോ കുട്ടിക്കും വേണ്ടി ഇരുപത്തെണ്ണായിരം രൂപയാണ് ചൈതന്യ ഒരു വര്‍ഷം ചെലവാക്കുന്നത്.

അത് ഒരല്പം വലിയ തുകയാണെന്ന് വിനോദിനു തോന്നി. സംശയം മറച്ചു വക്കാതെ അയാള്‍ ചോദിച്ചു.

"എന്തിനാണിത്രക്കൊക്കെ?"

"പുസ്തകങ്ങള്‍ക്കു മാത്രം വര്‍ഷം ആയിരത്തി ഇരുന്നൂറ്. പിന്നെ യൂണിഫോം, ഷൂസ്, ഉച്ചത്തെ ന്യൂട്രീഷ്യസ് ഫുഡ്... ഇതൊക്കെത്തന്നെ..."

യൂണിഫോമും ഷൂസും! വിനോദ് തുന്നു വിട്ടു തുടങ്ങിയ തന്റെ ഷൂസിലേക്കു നോക്കി. കമ്പനി നിര്‍ബന്ധം പറഞ്ഞില്ലായിരുന്നെങ്കില്‍ താനിതെന്നേ വലിച്ചെറിഞ്ഞേനേ!

"പരമാവധി വിലയിട്ടു നോക്കിയാലും പറഞ്ഞ തുകയുടെ പകുതി പോലും വരില്ലല്ലോ?"

വിനോദ് അവളെ ഒന്നിരുത്തി നോക്കി.

"ട്യൂഷന്‍ ഫീസും ഉണ്ടല്ലോ സര്‍..."

"ചാരിറ്റിയെന്നു പറഞ്ഞിട്ട്?"

"അ... അതെ... പക്ഷേ, ടീച്ചേഴ്‍സിന്റെ ശമ്പളവും മറ്റും കൊടുക്കേണ്ടേ? ചൈതന്യയില്‍ ഞങ്ങള്‍ നിയമിച്ചിരിക്കുന്നവര്‍ എല്ലാം ക്വാളിഫൈഡ് ആളുകളാണ്. ഈ കോമ്പറ്ററ്റിവ് വേള്‍ഡില്‍ ഇതു പോലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ ഇവരെ പ്രാപ്തരാക്കണമല്ലോ!"

ഇതു പോലുള്ള സ്ഥാപനങ്ങളില്‍! വിനോദ് വീണ്ടും ബ്രൌഷറിലൂടെ കണ്ണോടിച്ചു.

"ഈ അര ദിവസത്തെ ശമ്പളം എന്തിനു വേണ്ടിയാ?"

പെണ്‍കുട്ടി വീണ്ടും മനോഹരമായി പുഞ്ചിരിച്ചു.

"ചൈതന്യയിലെ പത്താംതരം വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചു. അവര്‍ക്കു വേണ്ടി ഒരു ജൂനിയര്‍ കോളേജ് നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു. താങ്കളെപ്പോലുള്ളവരുടെ സന്മനസ്സ് ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഞങ്ങളെ സഹായിക്കും."

വിനോദ് അതിശയത്തോടെ അവളെ നോക്കി. പുറത്ത് മഴത്തുള്ളികള്‍ വീണു തുടങ്ങി. ഓരോ തുള്ളിയും ചിന്തകളെ നനച്ചു കൊണ്ട് വിനോദിന്റെ മനസ്സിനകത്തേക്ക് പെയ്തിറങ്ങി. അത്യാഹ്ലാദത്തോടെ അയാള്‍ ജനാലയിലൂടെ കൈ നീട്ടി ആ സ്ഫടികത്തുള്ളികളെ സ്പര്‍ശിച്ചു. ചെറുതായി വീശിയ കാറ്റില്‍ മഴത്തുള്ളികള്‍ പാറി വീണ് തന്റെ വസ്ത്രങ്ങളെ നനച്ചു തുടങ്ങിയപ്പോള്‍ ചൈതന്യയിലെ പെണ്‍കുട്ടി ജനാല വലിച്ചടച്ചു കൊളുത്തിട്ടു.

വിനോദ് അസഹ്യതയോടെ അവളെ നോക്കി. അവള്‍ വീണ്ടും ചിരിച്ചു. ആ ചിരിക്ക്, സിഗരറ്റ് കറ പുരണ്ട മഞ്ഞപ്പല്ലുകള്‍ കാട്ടിയുള്ള ജേക്കബ്ബിന്റെ ചിരിയോട് സാമ്യമുണ്ടെന്ന് അയാള്‍ക്കു തോന്നി. വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇതു പോലെ മഴയുള്ളൊരു ദിവസമാണ് അയാള്‍ ജേക്കബ്ബിനെ കണ്ടത്, കോളേജ് അഡ്‍മിഷനു വേണ്ടി. ഉപചാരപൂര്‍വ്വം സ്വീകരിച്ചിരുത്തിയ ശേഷം ജേക്കബ്ബ് ആദ്യം ചോദിച്ച ചോദ്യം,

"തുകയുണ്ടാവുമല്ലോ, ല്ലേ, എടുക്കാന്‍?"

ഏതു തുകയെന്നു ചോദിക്കാന്‍ മനസ്സു വിങ്ങിയതാണ്. കോളേജ് മാനേജരെ ആദ്യമേ പിണക്കേണ്ടല്ലോ എന്നു കരുതി. തുടര്‍ന്നുള്ള സംഭാഷണങ്ങള്‍ക്കിടയില്‍ കരുതി വച്ചിരുന്ന നിയന്ത്രണം എപ്പോഴോ കൈ വിട്ടു പോയി.

"അല്പം സാമൂഹ്യപ്രതിബദ്ധതയൊക്കെ വേണ്ടേ?" അല്പം ഉറക്കെത്തന്നെ ചോദിച്ചു. അന്ന് ജേക്കബ്ബ് പറഞ്ഞ മറുപടി ഇന്നും ചെവിയില്‍ മുഴങ്ങുന്നു.

"സാമൂഹ്യപ്രതിബദ്ധതയൊക്കെ സാമൂഹ്യപാഠം പഠിക്കുന്നോര്‍ക്ക്... ഞങ്ങള് പഠിപ്പിക്കുന്നതേ, ടെക്‍നോളജിയാ. നമ്മുടെ പിള്ളാര്‍ക്ക് പ്രതിബദ്ധത മള്‍ട്ടി നാഷണല്‍ കമ്പനികളോടാ... ഇറങ്ങിക്കേ, ഇറങ്ങിക്കേ..."

അന്നു തീരുമാനിച്ചതാണ്, സാമൂഹ്യപാഠം തന്നെ പഠിക്കണമെന്ന്. സര്‍ക്കാര്‍ കോളേജില്‍ തന്നെ ചേര്‍ന്ന് ചരിത്രത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദവും നേടി. എന്നിട്ടും, അവസാനം താനും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍...! അയാള്‍ക്ക് തന്നോടു തന്നെ അമര്‍ഷം തോന്നി.

"ഹായ് വിനോദ്"

വിനോദിന്റെ സഹപ്രവര്‍ത്തകയായ നയന അവര്‍ക്കരികിലേക്കു നടന്നു വന്നു.

"കുറേ നേരമായല്ലോ പോന്നിട്ട്, കാര്യമായ പണിയൊന്നും ഇല്ല അല്ലേ?"

വിനോദ് ചിരിച്ചു. നയന തിരിഞ്ഞ്, ചൈതന്യയിലെ പെണ്‍കുട്ടിയെ നോക്കി.

"ഇയാള്‍ ചൈതന്യയുടെ ആളല്ലേ? ഞാന്‍ കുറേ നേരമായി അന്വേഷിക്കുന്നു."

ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും മുറിച്ചു വച്ച ചെക്ക്‍ലീഫെടുത്ത് നയന അവള്‍ക്കു നേരെ നീട്ടി.

"നാലായിരം രൂപയുടേതാണ്."

പഴയ പുഞ്ചിരിയോടെത്തന്നെ പെണ്‍കുട്ടി അതു വാങ്ങി. ഒരു റസീറ്റെഴുതി കീറിയ ശേഷം അവളതു നയനക്കു നല്കി. നയന വിനോദിനു നേരെ തിരിഞ്ഞു.

"വിനോദ് കോണ്‍ട്രിബ്യൂട്ട് ചെയ്തില്ലേ? ആഫ്‍റ്റര്‍ ഓള്‍, ഇറ്റ്സ് അ സോഷ്യല്‍ കോസ്."

വീണ്ടും പെണ്‍കുട്ടിയെ നോക്കി നയന തുടര്‍ന്നു ചോദിച്ചു.

"ടാക്സ് ബെനിഫിറ്റ് കിട്ടുമല്ലോ അല്ലേ?"

"ഷുവര്‍ മാഡം"

വിനോദിനു നേരെ കൈ വീശിക്കാണിച്ച് നയന നടന്നകന്നു. വിനോദ് പെണ്‍കുട്ടിയെ നോക്കി. അവള്‍ എഴുന്നേല്‍ക്കാന്‍ ഭാവിക്കുകയാണ്.

"നിങ്ങള്‍ക്കീ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിച്ചു കൂടെ?"

ആ ചോദ്യം അവളുടെ മുഖത്ത് ചിരി പടര്‍ത്തി.

"നിലവാരം നോക്കേണ്ടേ സര്‍?"

മേശപുറത്തു നിരത്തി വച്ചിരുന്ന ഫോട്ടോകള്‍ എടുത്ത് ബാഗില്‍ തിരുകവേ, അവള്‍ തിരിച്ചു ചോദിച്ചു.

"സാറിന്റെ കുട്ടികളെ സര്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കുമോ?"

വിനോദ് മറുപടി പറഞ്ഞില്ല്. അയാള്‍ എഴുന്നേറ്റ് ഓഫീസിലേക്കു നടന്നു. മോണിറ്ററിന്റെ പതിവു വിരസത അയാളെ അസ്വസ്ഥനാക്കി. വീട്ടിലെ ജോലിക്കാരി സുന്ദരാമ്മയുടെ മകള്‍ സീതയെ താന്‍ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചത് തെറ്റായോ എന്നയാള്‍ ശങ്കിച്ചു. കമ്പ്യൂട്ടര്‍ ഓഫ് ചെയ്ത് അയാള്‍ പുറത്തിറങ്ങി. പുറത്തപ്പോഴും അലസിപ്പെയ്യുന്ന മഴയില്‍ കച്ചവടക്കണക്കുകളൊന്നൊന്നായി മുങ്ങിത്താഴുന്ന ഒരു സുദിനം അയാള്‍ മനസ്സില്‍ കണ്ടു.

സര്‍ക്കാര്‍ സ്കൂളിന്റെ മുമ്പില്‍ വിനോദിന്റെ സ്കൂട്ടര്‍ നിന്നു. മഴക്കോട്ടിന്റെ സുരക്ഷിതത്വത്തില്‍ ഗേറ്റിനരികില്‍ കാത്തു നിന്ന തന്റെ മകള്‍ അമ്മുവിനെ അയാള്‍ വാരിയെടുത്ത് പുറകിലിരുത്തി. ദൂരെ, സ്കൂള്‍ മൈതാനത്തില്‍ നിന്നു കൊണ്ട് സീത അവരെ കൈ വീശിക്കാണിച്ചു. വിനോദ് തിരിച്ചു കൈ വീശി. നനുനനുത്ത മഴത്തുള്ളികളെ കൈ നീട്ടി, കുഞ്ഞുവിരലുകള്‍ക്കുള്ളിലൊതുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന അമ്മുവിനെ തന്നോട് ചേര്‍ത്ത് പിഠിച്ച്, അയാള്‍ അവളുടെ കവിളുകളില്‍ ചുംബിച്ചു.

Saturday, December 15, 2007

അമ്മയുടെ വേദന

വിരിയാനിരിക്കുന്ന
ഏതൊരു മുട്ടയും കാത്തിരിക്കുന്നത്
അമ്മക്കിളിയുടെ
ഒരു കൊത്താണ്.

കൊക്കില്‍ പുരണ്ട സ്നേഹം
തോട് പൊളിച്ച്
ജീവന്‍ പകരുമ്പോഴാണ്
'കീയോം കീയോം' എന്നവര്‍
പാടിത്തുടങ്ങുന്നത്.

കൊക്കില്‍ നിന്നും കൊക്കിലൂടെ
പകര്‍ന്നു കിട്ടിയ കാരുണ്യങ്ങളില്‍
ഒന്നു മാത്രമാണ്
ഈ കുഞ്ഞിച്ചിറകുകള്‍.

ചാകാനിരിക്കുന്ന
എതോരമ്മക്കിളിയും വേദനിക്കുന്നത്
ആ കുഞ്ഞിച്ചിറകുകളുടെ
സ്നേഹം പുരണ്ട
തലോടലിനു വേണ്ടിയാണ്...

Friday, December 14, 2007

കവിത: വാല്‍മീകിയോട്

ചത്തു വീണൊരിണക്കിളിയെക്കണ്ട്
ഹൃത്തിലന്നൊരൊളിയമ്പു വീണതിന്‍
വര്‍ത്തമാനങ്ങള്‍ ചൊല്ലിപ്പഠിച്ചൊരാ
തത്ത പോലും മുഖം തിരിച്ചെന്തിനോ!

‘ചത്ത പൈങ്കിളി ചാകേണ്ടതായിരു’-
ന്നുത്തരമിന്നു വേറെ പിറന്നിതാ,
അര്‍ത്ഥമേതും തിരക്കാതെയാളുകള്‍
വ്യര്‍ത്ഥമോരോന്നുരുവിടുന്നിപ്പൊഴും!

'അമ്പുകള്‍ നെഞ്ചു കീറട്ടെ, വര്‍ഗ്ഗീയ-
കമ്പനങ്ങള്‍ പെരുകട്ടെ'യെന്നൊരാള്‍
വമ്പു കാട്ടിപ്പറയിലും, നാളെ നാം
കമ്പമോടെക്കൊടുത്തിടും വോട്ടുകള്‍!

കാഴ്ചയുണ്ടേറെ കാണുവാന്‍ ഭൂവിതില്‍
വാഴ്ച മാത്രം കൊതിക്കുന്ന പാര്‍ട്ടികള്‍,
താഴ്ചയെന്തെന്നറിയുവാനാകാത്ത
വീഴ്ചയാകുന്നു നമ്മുടെ തീര്‍പ്പുകള്‍!

രാമനും രാമബാണവും വില്ലുമീ
താമരക്കു വളം ചേര്‍ന്നു ചീ,ഞ്ഞതില്‍
കോമരങ്ങള്‍ മരണം വിതക്കവേ,
'രാമ രാമ'യെന്നാരുണ്ടു ചൊല്ലുവാന്‍?


‘ചത്ത പൈങ്കിളി ചാകേണ്ടതായിരുന്നു’ - സോറാബുദ്ദീന്‍ ശൈഖിനെ വ്യാജ എറ്റുമുട്ടലിലൂടെ വധിച്ചതിനെ ന്യായീകരിച്ച് നരേന്ദ്രമോഡി നടത്തിയ പ്രസ്താവനയെ സൂചിപ്പിക്കുന്നു.

Monday, December 3, 2007

പ്രണയം: രണ്ടു ഗാനങ്ങള്‍

ഗാനം ഒന്ന്:
-------------
നിറങ്ങളില്‍ വിരല്‍ തൊട്ടു നീ
വിരിയിച്ച പൂക്കള്‍
വിടരിലും വിശ്വവസന്തവനങ്ങളില്‍
ഒരു നിറം മാത്രം തിരഞ്ഞൂ...
നിറങ്ങളില്‍ വിരല്‍ തൊട്ടു നീ
വിരിയിച്ച പൂക്കള്‍...

പലകുറി മായ്‍ച്ചും കുറിച്ചും നീയിത്ര മേല്‍
എഴുതിയ പ്രേമചിത്രങ്ങള്‍
അലസമീ മിഴികളിലെങ്ങോ പൊലിഞ്ഞു പോ-
യൊരു മുഖം മാത്രം മറന്നൂ...
തരളമെന്‍ നഖചിത്രമേതോ
നിറം വെടിഞ്ഞൂ...

(നിറങ്ങളില്‍...)

മകരമാഞ്ചില്ലകള്‍ മുടിയഴിച്ചാടുമീ
വിരഹവിലോലമാം യാമം,
വരകളായ്, വര്‍ണ്ണവസന്തമായ് നിന്നുള്ളില്‍
നിറയുവാന്‍ വെന്പുമെന്‍ ദാഹം...
സ്മൃതികളില്‍ തിര വീണു മായും
ഹൃദയവര്‍ണ്ണം...

(നിറങ്ങളില്‍...)
-------------------
ഗാനം രണ്ട്:
-----------
വര്‍ണ്ണത്തിരശ്ശീല നീര്‍ത്തി പൊന്‍വസന്തം പുഞ്ചിരിച്ചൂ
സ്വര്‍ണ്ണമുകിലേറി ഞാനുമെന്‍ നിനവും വന്നണഞ്ഞൂ
എണ്ണിയെണ്ണിത്തീര്‍ത്ത നാളിന്നെയത്രയെത്ര നിശ്വാസങ്ങള്‍
കണ്ണു തുറക്കില്ലേയെന്നുള്‍പ്പൂവിന്നിതള്‍ നിവര്‍ത്താന്‍?

(വര്‍ണ്ണത്തിരശ്ശീല...)

ഓര്‍മ്മ പൂക്കും ചില്ലകളില്‍ വിണ്‍കിളികള്‍ പാടിയപ്പോള്‍
ആദ്യരാഗഭാവനയെ കാമനകള്‍ തഴുകിയപ്പോള്‍
നിന്റെ ചിത്രത്താളില്‍ നവ്യജന്മം ഞാന്‍ നേടിയിട്ടും
ഉള്ളു തുറക്കില്ലേയെന്നര്‍പ്പണങ്ങള്‍ സ്വീകരിക്കാന്‍?

(വര്‍ണ്ണത്തിരശ്ശീല...)

കാത്തിരിപ്പിന്‍ കാല്‍ച്ചുവട്ടില്‍ വേഷങ്ങള്‍ വീണഴിഞ്ഞു
ആണ്‍കിളി തന്‍ ലാളന തന്‍ തീര്‍ത്ഥം മെയ് ചേര്‍ന്നലിഞ്ഞു,
നിന്റെ വര്‍ണ്ണകല്പനകള്‍ പുല്കാനെന്‍ പൊന്നുടുപ്പിന്‍
വെണ്ണിറവുമാര്‍ദ്രമായി, വന്നു കൈകള്‍ കോര്‍ക്കുകില്ലേ?

(വര്‍ണ്ണത്തിരശ്ശീല...)

ഈയിടെ മനോരമ യുവ സപ്ലിമെന്റ് വഴി ലെനിന്‍ രാജേന്ദ്രന്‍ പബ്ലിക്കായി ആവശ്യപ്പെട്ടത് കൊണ്ട് മാത്രം എഴുതിയ രണ്ടു ഗാനങ്ങള്‍. ഭാവന, കലര്‍പ്പില്ലാതെ നിറഞ്ഞൊഴുകിയതു കാരണം തിരസ്കരിക്കപ്പെട്ടു എന്നു തോന്നുന്നു. ;-) ആര്‍ക്കും ഈണമിട്ടുപയോഗിക്കാം. രചനയുടെ ക്രെഡിറ്റ് എനിക്കു തന്നാല്‍ ഞാന്‍ കേസ് കൊടുക്കില്ല. :-)

ശങ്കരന്‍കുട്ടിയുടെ സങ്കടങ്ങള്‍ - 6

ഇടവിട്ടുള്ള ദിവസങ്ങളില്‍ സുലേഖയും അവരുടെ യജ്ഞങ്ങളില്‍ പങ്കാളിയായി.ഭാരിച്ച ജോലികളൊന്നും അവളെക്കൊണ്ടു ചെയ്യിക്കാതിരിക്കാന്‍ ശങ്കരന്‍കുട്ടി പ്രത്യേകം ശ്രദ്ധിച്ചിരിച്ചുന്നു. അവളുടെ കൊലുസുകളുടെയും വളകളുടെയും കിലുക്കം തോട്ടത്തിന് പുതിയ ഒരു ഉന്മേഷം പകരുണ്ടെന്ന് ശങ്കരന്‍കുട്ടി വിശ്വസിച്ചു. ബക്കറ്റും കുടവും കൈമാറുന്പോള്‍ ഇടക്കെങ്കിലും, അറിയാതെയെന്നവണ്ണം അയാള്‍ അവളുടെ കൈവിരലുകളില്‍ സ്പര്‍ശിച്ചു. എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്തില്‍ സുന്ദരന്‍ തന്റെ ജോലികള്‍ തുടര്‍ന്നു പോന്നു.

കയ്പക്കായകള്‍ മൂത്തു തുടങ്ങി. ശങ്കരന്‍കുട്ടിയും സുന്ദരനും സുലേഖയും കണ്ണു നിറയെ ആ കാഴ്ച നോക്കി നിന്നു. ചിലത് പറിച്ചെടുക്കേണ്ട സമയമായി. ഇല്ലെങ്കിലവ പഴുത്തു വീഴും.

"പറിക്കാന്‍ തോന്നുന്നില്ലെടാ..."

ശങ്കരന്‍കുട്ടി വിഷമത്തോടെ പറഞ്ഞു. ഇത്ര പെട്ടെന്ന് അവ മൂപ്പെത്തുമെന്ന് അവരിരുവരും പ്രതീക്ഷിച്ചിരുന്നില്ല.

"സത്യം"

അത്ര തന്നെ വിഷമത്തോടെ സുന്ദരന്‍ പറഞ്ഞു.

"പക്ഷേ, വല്ലാതെ മൂത്താല്‍ ഒന്നിനുല്ലാണ്ടെ വീഴും"

ഒന്നു നിര്‍ത്തി അയാള്‍ തുടര്‍ന്നു.

"പുതിയത് മുളച്ചാ, പടരാനൊട്ട് സ്ഥലവുംല്ല."

ശങ്കരന്‍കുട്ടി ഒരു കയ്പക്കായില്‍ കൈ വച്ചു. സുന്ദരനെയും സുലേഖയെയും മാറി മാറി നോക്കിയ ശേഷം അയാള്‍ മറുകൈ കൊണ്ട് കണ്ണി ഇറുത്തെടുത്തു. കായറ്റ കണ്ണി വേദനകൊണ്ടെന്ന പോലെ വള്ളിയില്‍ തൂങ്ങിക്കിടന്നു വിറച്ചു.

"നീതതിങ്ങു താ."

സുന്ദരന്‍ കൈ നീട്ടി. അതു വാങ്ങി, മണ്ണിനും കയ്പക്കും വേദനിക്കാത്ത വണ്ണം അയാളത് നിലത്തു വച്ചു. മൂത്ത മറ്റു കായ്കള്‍ പറിക്കാന്‍ സുന്ദരനും ശങ്കരന്‍കുട്ടിക്കൊപ്പം കൂടി.ഏറ്റ്വും മൂപ്പെത്തിയ ആറു കായകള്‍ അവര്‍ പറിച്ചെടുത്തു. പറിച്ചെടുത്തവ ഈരണ്ടെണ്ണം വീതം അവര്‍ മൂവരും കൂടെ വീതിച്ചെടുത്തു.

അന്ന്, പതിവുള്ളതിലും ഒരു കുടം വെള്ളം അവര്‍ കയ്പച്ചുവട്ടില്‍ അധികം പാര്‍ന്നു. വേദനക്കു മരുന്നെന്ന പോലെ അരക്കുടം വെള്ളം അതിനു മീതെ തളിക്കുകയും ചെയ്തു. നേരം ഇരുട്ടിത്തുടങ്ങി.

"ന്റുമ്മാ.. നേരം കോറേയായി"

സുലേഖ പരിഭ്രമിച്ചു.

"അതിനെന്താ, ഞാന്‍ കൊണ്ടാക്കിത്തരാം"

ശങ്കരന്‍കുട്ടി അവള്‍ക്കരികിലേക്കു വന്നു.

"അയ്യോ വേണ്ട, ഞാനൊറ്റക്കു പൊയ്‍ക്കോളാം. ബാപ്പ പ്പം വരും."

സുലേഖ നടന്നു തുടങ്ങി.

"സുലേഖേ..."

ശങ്കരന്‍കുട്ടിയുടെ വിളി കേട്ട് അവള്‍ തിരിഞ്ഞു നോക്കി.

"എനിക്ക് നിന്നെ ഇഷ്ടാ... ഈ തോട്ടത്തിനെക്കാളും."

സുലേഖ അന്പരന്നു പോയി. അവളുടെ കണ്ണുകള്‍ വിടര്‍ന്നു. എല്ലാം അറിയാമായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ശങ്കരന്‍കുട്ടി ഇതു പറഞ്ഞു കളയുമെന്ന് അവള്‍ കരുതിയില്ല. ഒന്നും മിണ്ടാതെ, അങ്കലാപ്പോടെ അവള്‍ സുന്ദരനെ നോക്കി. എല്ലാം കണ്ടു കൊണ്ട് ശാന്തനായി ഇരിക്കുകയാണയാള്‍.

"ഞാന്‍... ഞാന്‍ പുവ്വാ..."

ഇത്രയും പറഞ്ഞൊപ്പിച്ച് അവള്‍ തിരിഞ്ഞു നടന്നു. ശങ്കരന്‍കുട്ടി വിഷമത്തോടെ സുന്ദരനെ നോക്കി. സുന്ദരന്‍ പുഞ്ചിരിച്ചു.

"അവള് വരും, എന്തായാലും വരും"

ശങ്കരന്‍കുട്ടി മുഖം താഴ്‍ത്തി. കുനിഞ്ഞ്, പറിച്ചു വച്ച കയ്പക്കായകള്‍ കയ്യിലെടുത്ത് ഇരുവരും തിരിച്ചു നടന്നു.

ശങ്കരന്‍കുട്ടിയുടെ വീട്. കേശവന്‍ അടുക്കളയിലെ തിണ്ണയിലിരിക്കുന്നു. ശങ്കരന്‍കുട്ടിയുടെ അനിയത്തി അമ്മിണി അടുക്കളയില്‍ നിലത്തിരിക്കുന്നു. അമ്മിണിയെ സ്നേഹത്തോടെ അമ്മു എന്നാണെല്ലാവരും വിളിക്കാറുള്ളത്. അവള്‍ക്കും അങ്ങനെ വിളിക്കുന്നത് കേള്‍ക്കാനാണിഷ്ടം. അഞ്ചാംക്ലാസ്സില്‍ പഠിക്കുന്ന അവള്‍ സ്കൂളില്‍ വച്ചു പോലും ആരു ചോദിച്ചാലും പേര് അമ്മു എന്നാണെന്നേ പറയൂ. ശങ്കരന്‍കുട്ടിയെ അവള്‍ക്ക് വളരെ ഇഷ്ടമാണ്. ഏട്ടനെ അനുകരിച്ച് വീട്ടിലൊരു മുളകു തൈ അവള്‍ കുഴിച്ചിട്ടുണ്ട്. എന്നും അതു നനക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു പോന്നിരുന്നു അവള്‍.

അങ്ങാടിയില്‍ ചെറിയ പലചരക്കു കച്ചവടം നടത്തുന്ന കേശവന് കൃഷിയില്‍ വലിയ താല്പര്യമില്ല. അമ്മ വഴി ഭാഗം വച്ചു കിട്ടിയ സ്വത്തില്‍ പുല്ലാറക്കുന്നിലെ എഴുപതു സെന്റ് മാത്രമാണയാള്‍ വില്‍ക്കാതെ വച്ചിരിക്കുന്നത്. സ്ഥലം വെറുതെയിടേണ്ടല്ലോ എന്നു കരുതി കുറച്ചു വാഴ വച്ചിരിക്കുന്നെന്നു മാത്രം. ആ സ്ഥലത്തിനു പുറമേ ഓടു മേഞ്ഞ ആ രണ്ടു മുറി വീടും അതിരിക്കുന്ന കുറച്ചു സ്ഥലവും മാത്രമേ അയാള്‍ക്ക് സ്വത്തെന്നു പറയാനായിട്ടുള്ളു.

ശങ്കരന്‍കുട്ടിയുടെ അമ്മ ജാനകി കഞ്ഞിയും ഉപ്പേരിയും കുട്ടികള്‍ക്കു മുന്പില്‍ വച്ചു.

"ങ്ങള് കഞ്ഞി കുടിക്ക്ണില്ലേ?"

അവര്‍ ഭര്‍ത്താവിനോടു ചോദിച്ചു. അയാളെന്തോ ആലോചനയിലാണ്. തിരിഞ്ഞു നോക്കാതെ അയാള്‍ പറഞ്ഞു.

"കുട്ട്യോള്‍ക്ക് കൊടുത്തോ. ഞാന്പിന്നെ കുടിച്ചോളാം."

ശങ്കരന്‍കുട്ടിയും അമ്മിണിയും കഴിക്കാന്‍ തുടങ്ങി.

"ഇന്ന് ഉപ്പേരിക്ക് നല്ല ടേസ്റ്റ്"

ആരോടെന്നില്ലാതെ ശങ്കരന്‍കുട്ടി പറഞ്ഞു. എല്ലാവരും ചിരിച്ചു. ഏട്ടന്‍ കൃഷി ചെയ്തു കൊണ്ടു വന്ന കയ്പയുടെ ഉപ്പേരി അമ്മിണിയും സന്തോഷത്തോടെ നുണഞ്ഞു. പൊതുവേ കയ്പുള്ളതൊന്നും കഴിക്കാത്ത അവള്‍ ഇതിത്ര ആസ്വദിച്ചു കഴിക്കുന്നത് എല്ലാവരെയും അദ്ഭുതപ്പെടുത്തി.

കേശവന്‍ ജാനകിയെ വിളിച്ചു.

"ജാന്വോ, ഞാനാ പണി അങ്ങട്ട് തീര്‍ത്താലോന്ന് ആലോചിക്കായ്‍രുന്നു."

"ഏതു പണി?"

"ആ തൊടീടെ കാര്യം."

"ങും..."

ജാനകി മൂളി. ശങ്കരന്‍കുട്ടി ഒന്നും മനസ്സിലാവാതെ അവരെ നോക്കി. തുടര്‍ന്നൊന്നും അവര്‍ അതേപ്പറ്റി സംസാരിച്ചില്ല.

പിറ്റേ ദിവസം അത്യധികം ഉത്സാഹത്തോടെയാണ് ശങ്കരന്‍കുട്ടിയും സുന്ദരനും ക്ലാസ്സില്‍ എത്തിയത്. ചിരിച്ചും കളിച്ചും, പതിവില്ലാതെ എല്ലാവരോടും സംസാരിച്ചും നടന്ന അവരെ സുലേഖ സന്തോഷത്തോടെ നോക്കി. എങ്കിലും ശങ്കരന്‍കുട്ടി ചോദിച്ച ചോദ്യത്തിന് എന്തുത്തരം നല്കണമെന്ന ചിന്ത അവളെ വല്ലാതെ അലട്ടി. ക്ലാസ്സ് നടന്നുകൊണ്ടിരിക്കേ അവള്‍ നോട്ടുപുസ്തകത്തില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ടിരുന്നു. മൂന്നു പുറം കവിഞ്ഞ ആ എഴുത്ത് വൈകുന്നേരത്തോടെ അവള്‍ മുഴുമിച്ചു. താളുകള്‍ കീറി, മടക്കി, ഒരു തവണ നെഞ്ചോടു ചേര്‍ത്ത ശേഷം അവളത് സുന്ദരന് കൈമാറി. ആശ്ചര്യത്തോടെ അയാളത് വാങ്ങി.

"ശ്രീ ശങ്കരന്‍കുട്ടിക്ക്"

മടക്കിനു മുകളിലെ വിലാസം അയാള്‍ വായിച്ചു.

"കൊടുക്കണം, മറക്കാണ്ടെ..."

ഇത്രമാത്രം അയാളോടു പറഞ്ഞ് സുലേഖ പോയി. സുന്ദരന്‍ ആ എഴുത്ത് തുറന്നു. പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു.

"പ്രിയപ്പെട്ട ശങ്കരന്‍കുട്ടി വായിച്ചറിയാന്‍ ഞാന്‍ എഴുതുന്നത്. ഇന്നലെ പറഞ്ഞതിനെപ്പറ്റി ഞാന്‍ ഒരുപാട് ആലോചിച്ചു. ഇന്നലെ തൊട്ടെന്ന് പറയുന്നത് കള്ളത്തരമാവും. കുറേ ദിവസമായി ഞാന്‍ ആലോചിക്കുന്നു.

പടച്ചവന്‍ സമ്മതിക്കുകയാണെങ്കില്‍ ഇങ്ങനെയെല്ലാം നടന്നു കാണണമെന്ന് എനിക്കും ആശയുണ്ട്. പടച്ചവന്‍ സമ്മതിക്കില്ല. ഞാന്‍ ആമിനയോടും ചോദിച്ചു. അവള്‍ക്കും ഇതേ അഭിപ്രായമാണ്.

ഉമ്മയോടു മാത്രമേ എനിക്കെന്തെങ്കിലും തുറന്നു പറയാന്‍ ശക്തിയുള്ളു. ബാപ്പയെയും ഇക്കായെയും എനിക്കു പേടിയാണ്. ഇങ്ങനെയൊരു കാര്യം പറഞ്ഞാല്‍ ഉമ്മ വരെ എന്നെ തല്ലിക്കൊല്ലും.

ഇനി നമ്മള്‍ തമ്മില്‍ ഇങ്ങനെയൊരു സംസാരം ഉണ്ടാവില്ലെന്ന് ശങ്കരന്‍കുട്ടി എനിക്കുറപ്പു തരണം. നമുക്ക് പഴയതു പോലെത്തന്നെ കഴിയാം. നമ്മുടെ തോട്ടം ഇനിയും ഒരുപാട് വളരണമെന്ന ആശ മാത്രമേ എനിക്കിപ്പോള്‍ ഉള്ളു.

എനിക്ക് ശങ്കരന്‍കുട്ടിയോട് ദേഷ്യമൊന്നുമില്ല. എന്നോടും ദേഷ്യം തോന്നരുത്.

സ്നേഹത്തോടെ.

_______"

ശങ്കരന്‍കുട്ടിക്ക് ഒരുപാടു വിഷമമായി. ആരും തന്നെ ഇഷ്ടപ്പെടുന്നില്ലെന്നു വരെ അയാള്‍ക്കു തോന്നി. സങ്കടത്തോടെ, അയാളാ കടലാസുകള്‍ ഉള്ളംകയ്യിലിട്ടു ചുരുട്ടി.

"കളയല്ലേ"

സുന്ദരന്‍ അയാളുടെ കയ്യില്‍ കയറി പിടിച്ചു.

"നമ്മള്‍ക്കിത് ഒന്നു കൂടി വ്യാഖ്യാനിക്കണം. എന്തൊക്കെയോ സൂചനയുണ്ട്."

"എന്തു സൂചന?"

"അതു ഞാന്‍ പറയാം. നിന്റെ ഇപ്പോഴത്തെ ആലോചനയൊക്കെ കഴിയട്ടെ."

അവര്‍ പതിയെ നടന്ന് തോട്ടത്തിലേക്കുള്ള ഇടവഴി കയറി. തൊടിയിലേക്കു കയറുന്ന വഴിയില്‍ത്തന്നെ മുളങ്കോലില്‍ നാട്ടിയ ഒരു ബോര്‍ഡ് ശങ്കരന്‍കുട്ടിയുടെ കണ്ണില്‍ പെട്ടു.

"അതെന്താടാ?"

അടുത്തേക്ക് ചെന്ന്, കറുത്ത മഷിയില്‍ വടിവില്ലാതെ എഴുതിയ ആ അക്ഷരങ്ങള്‍ സുന്ദരന്‍ കൂട്ടി വായിച്ചു.

"വില്‍...ക്കാനുണ്ട്!!"

(തുടരും...)

Sunday, December 2, 2007

ചിത്രങ്ങള്‍: ബാംഗ്ലൂര്‍

നമുക്കിത് ആഡംബരം... ഇവര്‍ക്കിത് ഉപജീവനം...

ബാംഗ്ലൂര്‍ ഔട്ടര്‍ റിംഗ് റോഡില്‍ മാറത്തഹള്ളിക്കടുത്ത് വച്ച് കുറച്ചു കാലം മുന്പ് എടുത്ത ചിത്രങ്ങള്‍. ഈയിടെ വീണ്ടും ഇവരെ കാണുകയും ഇവരുടെ കയ്യില്‍ നിന്നു ഫോട്ടോയില്‍ കാണുന്ന തരം ചിലതെല്ലാം വാങ്ങുകയും ചെയ്തിരുന്നു.