Saturday, March 30, 2013

ഗുമഗുമാന്ന്, ഗമഗമാന്ന്


ഉത്സവപ്പറമ്പില്‍
ആനമയിലൊട്ടകം കണ്ട്
ഒന്നു കുത്താമായിരുന്നു
കുത്താമായിരുന്നു
എന്ന തോന്നല്‍ പോലെ
മിണ്ടാതിരുന്നിട്ട്
ഒന്നു പറയാമായിരുന്നു
പറയാമായിരുന്നു
എന്ന തോന്നല്‍
കാറ്റിന്‍റെ തോളില്‍ കയ്യിട്ട്
ഗുരുത്വാകര്‍ഷണത്തെ അതിജീവിക്കുന്ന
അപ്പൂപ്പന്‍താടി പോലെ
വായില്‍ നിന്നും മൂക്കില്‍ നിന്നും
ഗുമഗുമാന്ന്, ഗമഗമാന്ന്...

Thursday, January 17, 2013

എത്ര വലിയ ലോകമായിരുന്നു ഇത്...

എത്ര വലിയ ലോകമായിരുന്നു ഇത്...

അതിരില്ലാത്ത സമുദ്രവും
അനന്തതയിലെ ചിരിവിളക്കുകളും,
ചുവരുകള്‍ക്കപ്പുറം
ഇരുട്ടിനു പോലും മുറിപ്പെടുത്താനാവാത്ത
ചില ഇണക്കങ്ങള്‍,
കാറ്റു കവര്‍ന്നെടുത്ത
രഹസ്യങ്ങളുടെ നുണക്കുഴികള്‍,
പകലിന്‍റെ വെള്ളിവെളിച്ചത്തില്‍
തണല്‍മരങ്ങളുടെ തണുവോരം ചേര്‍ന്ന്
പൊള്ളലിനെ നോക്കി
ഞെട്ടറ്റു വീണ നെടുവീര്‍പ്പുകള്‍,

എത്ര വലിയ ലോകമായിരുന്നു ഇത്,
മുമ്പറിഞ്ഞിട്ടില്ലാത്ത ഒരു പൂവിന്‍റെ
സുഗന്ധമായി പരന്ന്
നിന്നോടുള്ള പ്രണയം ഹൃദയഭിത്തികളെ
ഇക്കിളിയിട്ട് പൊട്ടിക്കുന്നതു വരെ...

ഇത്ര വലിയ ലോകം
ഇത്ര സൗമ്യമായി നിന്നിലേക്കൊതുങ്ങുമ്പോള്‍
അതിശയകരമായ ഭക്തിയില്‍
രക്തം തിരമാലകളാകുന്നുവോ?

നാം പ്രണയിക്കുമ്പോള്‍
ഈ ലോകത്ത്
നാമൊഴിച്ച് മറ്റൊന്നും തന്നെ മാറുന്നില്ല,
എന്നാലും,
നാം പ്രണയിക്കുമ്പോള്‍
ഈ ലോകത്ത്
നാമൊഴിച്ച് മറ്റെല്ലാം മാറിയ പോലെ...