Monday, March 5, 2012

ആദിമദ്ധ്യാന്തം - ഒരു പ്രണയകഥ


1. അഭിമന്യു

’എടോ, എന്നതാ ഈ പ്രണയം?’

പെണ്ണിന്‍റെ ചോദ്യമാണ്. അനുഭവങ്ങളിലൂടെയെങ്കിലുമുള്ള പരിജ്ഞാനമില്ലാതെയാവില്ല ഈ ചോദ്യമെന്ന് നല്ല നിശ്ചയമുണ്ട്. ഉത്തരം പറയുമ്പോളുള്ള ഭാവവ്യത്യാസത്തില്‍ നിന്നും മറ്റു വല്ലതും വായിച്ചെടുക്കാനുള്ള ശ്രമമാണോ എന്ന് സംശയവും തോന്നാതിരുന്നില്ല.

പൊടിഞ്ഞു തുടങ്ങുന്ന മഴയത്ത് ബൈക്കോടിച്ചു പോവുമ്പോള്‍, ബസ്സ് കാത്തു നില്‍ക്കുന്ന അവളുടെ പുഞ്ചിരിക്കും തുടര്‍ന്നുള്ള ’ലിഫ്‍റ്റ് തരുമോ ചേട്ടാ’ എന്ന ചോദ്യത്തിനും വേണ്ടിയുള്ള മിഴികള്‍ കൊണ്ടുള്ള കെഞ്ചലാണ് പ്രണയം, വിരലുകള്‍ കീബോര്‍ഡില്‍ അമര്‍ത്തി വച്ച്, ശ്വാസംമുട്ടലോടെ അവളുടെ അടുത്ത വചനങ്ങള്‍ക്കായുള്ള കാത്തിരിപ്പാണ് പ്രണയം, കീപാഡിലെ പച്ച ബട്ടണില്‍ വിരല്‍ തൊട്ടു കൊണ്ട് പുതിയൊരു മെസ്സേജോ കാളോ വരണമെന്നാഗ്രഹിക്കുമ്പോളുള്ള വിഹ്വലതയാണ് പ്രണയം, ഒന്നുമല്ലെങ്കില്‍,  പച്ചപ്പാവാടയുടെ ഇളക്കത്തില്‍ കണ്ണൂ നട്ടു കൊണ്ട്, എപ്പോഴെങ്കിലും വെളിപ്പെട്ടേക്കവുന്ന കണങ്കാലുകള്‍ നോക്കിയിരിക്കുന്ന ഉദാസീനതയാണ് പ്രണയം.

ഈ വക പ്രണയവിജ്ഞാനകോശം തുറന്നിട്ടു കൊടുക്കാമായിരുന്നു. ഈ കണ്ണില്‍ നോക്കിയിരിപ്പൊന്നവസാനിപ്പിച്ച് പെണൊന്ന് തിരിഞ്ഞു നിന്ന് മൊബൈല്‍ ഫോണ്‍ കയ്യിലെടുത്തിരുന്നെങ്കില്‍.

കാപ്പിക്കപ്പില്‍ നിന്നും അലസഭാവത്തില്‍ ഒരു സിപ്പ് മൊത്തിയെടുത്ത്, എന്നെ ആരോ വിളിച്ചുവോ എന്ന ഭാവത്തില്‍ ഫോണ്‍ എടുത്ത് വെറുതെ ഒന്നു അണ്‍ലോക്ക് ചെയ്തു നോക്കിയ ശേഷം മുഖമുയര്‍ത്തി ’കുട്ടി എന്താ ചോദിച്ചേ, ഇന്നത്തെ റബ്ബറിന്‍റെ വിലയോ’ എന്ന മട്ടില്‍ അവളുടെ മുഖത്തേക്കു നോക്കി.

’പ്രണയമോ, ഇറ്റ്സ് നതിംഗ് ബട്ട് ആന്‍ അര്‍ജ് റ്റു റീപ്രൊഡ്യൂസ്. യൂ നോ, ആന്‍ ഇന്‍റന്‍സ് ഡിസയര്‍ മിയര്‍ലി റ്റു എന്‍ഷ്വര്‍ ദാറ്റ് ലൈഫ് ഡസ് നോട്ട് എന്‍ഡ് ഓണ്‍ എര്‍ത്ത് അറ്റ് എനി പോയിന്‍റ്.’

കിതച്ചു തുടങ്ങിയിരുന്നു, പറഞ്ഞു തീര്‍ന്നപ്പോളേക്കും. ചോദ്യം ചോദിച്ച അദ്ധ്യാപകന്‍റെ മുഖത്തേക്ക്, താന്‍ പറഞ്ഞ ഉത്തരം ശരിയാണോ എന്ന മട്ടില്‍ നോക്കിക്കൊണ്ടിരിക്കുന്ന കുട്ടിയുടെ ഭാവമാണ് തനിക്ക് എന്നയാള്‍ക്ക് ബോദ്ധ്യം വന്നിരുന്നു. ഹോ, മൂത്രശങ്ക വരുന്നു.

എതിര്‍വശത്തെ ബേയിലെ അനു മാത്യുവിന്‍റെ ചുകന്ന ചുരിദാറില്‍ എംബ്രോയിഡറി ചെയ്തു വച്ച മഞ്ഞപ്പൂക്കളിലാണ് തന്‍റെ ശ്രദ്ധ എന്നു തോന്നിപ്പിക്കും വിധം അയാള്‍ നോട്ടം ഒരു വിധം അവളുടെ കണ്ണുകളില്‍ നിന്ന് പറിച്ചു മാറ്റി. ’ഷീ ഈസ് ബോള്‍ഡ്’ എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് വീണ്ടും ലില്ലിയെ നോക്കി.

’ങും...’

കുട്ടി കണ്‍വിന്‍സ്ഡ് അല്ല. ചില വാചകങ്ങളിലൂടെ പ്രണയത്തിന്‍റെ സ്ത്രീപുരുഷ കാഴ്ചപ്പാടുകളെക്കുറിച്ച് വിലയിരുത്തലുകള്‍ നടത്തി, അയാളെ ഒരു ഷോവനിസ്റ്റ് കുപ്പായം അണിയിച്ച് അവള്‍ തിരിച്ചു പോയി.

അഭിമന്യുവിനെ സംബന്ധിച്ചിടത്തോളം പ്രണയം നഷ്ടങ്ങളുടെ ഒരു സാമ്രാജ്യമാണ്. പ്രണയത്തെ അതിന്‍റെ പരിപൂര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളാനുള്ള തന്‍റെ ശ്രമങ്ങളൊന്നും വിജയിച്ചതായി അയാള്‍ക്ക് ഓര്‍മ്മയില്ല.

ആദ്യം പ്രണയിച്ചിരുന്നത് സ്വന്തം സ്വപ്നങ്ങളെയാണ് എന്ന് അയാള്‍ക്ക് ഉറപ്പുണ്ട്. ബഹുവര്‍ണ്ണങ്ങളില്‍ ലാല്‍ബാഗിലെ പുഷ്പമേള പോലെ വൈവിധ്യമാര്‍ന്ന സൗന്ദര്യങ്ങള്‍ നിത്യേന നിദ്രയില്‍ വിരിയിച്ചു കൊണ്ടിരുന്ന സ്വപ്നങ്ങള്‍. അറ്റമില്ലാതെ കിടക്കുന്ന, കുഞ്ഞുകുഞ്ഞു അലകളിളകുന്ന നീലവെള്ളത്തില്‍ ഒരു ഉണക്കത്തേങ്ങ പോലെ ലക്ഷ്യമില്ലാതെ താന്‍ തിരിയുന്നതും ഒഴുകി നീങ്ങുന്നതും കണ്ടിട്ടുണ്ട്. കുളിമുറിക്ക് പുറത്ത് പുഞ്ചിരിയോടെ പരസ്പരം ഉമ്മ വച്ച് ഇണചേരുന്ന വലിയ കടുവകളെ നോക്കി ശ്വാസം അടക്കിപ്പിടിച്ചിരുന്നിട്ടുണ്ട്. ശരീരത്തില്‍ ഇഴഞ്ഞു നീങ്ങുന്ന പാമ്പുകളും അരണകളും നൊടിയിടക്കുള്ളില്‍ വര്‍ണ്ണപ്രപഞ്ചം തീര്‍ത്ത വലിയ ചിത്രശലഭങ്ങളായി മാറിയതും തന്നെ ആകാശത്തിലേക്കെടുത്തുയര്‍ത്തിയതും ആരുമില്ലാതെ, ഡ്രൈവര്‍ പോലുമില്ലാതെ കിതച്ചോടുന്ന ഒരു തീവണ്ടിയില്‍ കൊണ്ടു പോയി കിടത്തിയതും ഓര്‍ക്കുന്നുണ്ട്.

പിന്നെ ഓര്‍മ്മയുള്ളത് ഒരു വെളുത്ത കൈ ആണ്. മഞ്ഞു പോലെ നനുത്ത വെളുത്ത കൈ. മുറുകെപ്പിടിച്ചിരിക്കുന്ന മുഷ്ടിക്കുള്ളില്‍ ഒരു ഐസ് കഷണമാണുള്ളത്. ഉറക്കത്തിന്‍റെ ഏഴാം യാമത്തില്‍ പോലും മുഷ്ടിക്കുള്ളില്‍ ആ മഞ്ഞുകഷണത്തിന്‍റെ തണുപ്പ് അഭിമന്യുവിന് അനുഭവപ്പെടാറുണ്ട്. വിരലുകള്‍ക്കിടയിലൂടെ തണുപ്പ് തുള്ളിത്തുള്ളികളായി ഊര്‍ന്നിറങ്ങുമ്പോഴും മുഷ്ടിയിലെ ഐസുകഷണത്തെ ഉള്ളംകയ്യോടു ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ഇടം കൈ ചില ദിവസങ്ങളിലെങ്കിലും പ്രത്യക്ഷപ്പെടാറുണ്ട്.

മെല്ലെ മെല്ലെ അലിഞ്ഞലിഞ്ഞ് വെള്ളത്തുള്ളികള്‍ മുഴുവന്‍ താഴെയെത്തി കയ്യുണങ്ങിയാലും മുഷ്ടിക്കുള്ളിലെ തണുപ്പ് മായാതെ കിടക്കും. ഉറക്കത്തില്‍ നിന്നും നിത്യേനയുള്ള പുലര്‍ച്ചെയെന്ന മരണത്തിലേക്ക് തിരിച്ചു വീഴുമ്പോളും ആ തണുപ്പ് പല തവണ മായാതെ കിടക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ടെന്ന് അയാള്‍ ഉറപ്പിച്ചു പറയുന്നു.

ഓര്‍ത്തെടുക്കാന്‍ കഴിയുന്ന അവസാനത്തെ സ്വപ്നമായി ആ കൈ ഇന്നും മനസ്സിലുണ്ട്. പിന്നീട് പടിപടിയായി ഉറക്കമില്ലാത്ത രാത്രികളിലേക്കൊതുങ്ങിയ ജീവിതം. ഇന്ന്, ഈ മുപ്പതാം വയസ്സിലെത്തി നില്‍ക്കുമ്പോള്‍ ദിവസേന രണ്ടു മണിക്കൂര്‍ പോലും തികച്ചുറങ്ങാന്‍ കഴിയാത്ത വിധം വളര്‍ന്ന തന്‍റെ നിസ്സഹായതയെയും അയാള്‍ പ്രണയിച്ചു തുടങ്ങിയിരുന്നു.

മുറുക്കാന്‍ പല്ലുകള്‍ കാട്ടിച്ചിരിച്ച്, നീലസാരിത്തലപ്പ് എളിയില്‍ തിരുകി വീട്ടില്‍ വരികയും അറിഞ്ഞില്ലെന്ന ഭാവത്തില്‍ കവിളിലും എളിയിലും വിരലോടിക്കുകയും ചെയാറുണ്ടായിരുന്ന വനജേടത്തിയായിരുന്നോ അടുത്ത പ്രണയം? ഓര്‍മ്മയില്ല, പലതുമുണ്ടായിരുന്നിരിക്കാം, അതിനിടയില്‍. പേടിയായിരുന്നു, വനജേടത്തിയെ.

സ്വപ്നങ്ങളടക്കം തന്‍റെ എല്ലാ പ്രണയത്തിലും പൊതുവായി ഉണ്ടായിരുന്ന ഒരു ഘടകം ഭയമാണെന്ന ധാരണ അയാളെ വിളിച്ചുണര്‍ത്തിയത് അപ്പോളാണ്. ജീവിതത്തിലാകമാനം ഭയത്തിന്‍റെ അംശമുള്ള ഓര്‍മ്മകളാണ് പ്രണയവുമായി കെട്ടുപിണഞ്ഞു കിടക്കുന്നത്.

അല്പം ധൈര്യം കിട്ടിയിരുന്നെങ്കില്‍... ലില്ലിയുടെ പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തെ സധൈര്യം നേരിടാന്‍ കഴിഞ്ഞിരുന്നെങ്കില്. പ്രണയത്തെ ഭയവുമായി ബന്ധപ്പെടുത്തി താന്‍ ജീവിച്ച മരണങ്ങളില്‍ നിന്നും, ഉറക്കത്തിലേക്കും പുതിയ സ്വപ്നങ്ങളിലേക്കും കയറില്‍ തൂങ്ങിയിറങ്ങുന്ന നാളുകള്‍ ആശിച്ച് അയാള്‍ കീബോര്‍ഡിലേക്ക് ചാഞ്ഞു കിടന്നു.

അസഹ്യമായ മൂത്രശങ്ക അപ്പോളേക്കും അയാളെ ശ്വാസം മുട്ടിച്ചു തുടങ്ങിയിരുന്നു. എഴുന്നേറ്റു പോവണമെന്നു പലതവണ തോന്നിയിട്ടും അവളോടുള്ള സംസാരം മതിയാക്കാനിഷ്ടമില്ലാത്തതു കൊണ്ടു മാത്രം പിടിച്ചിരുന്നതാണ്. അടിവയറ്റിലൊരു കൊളുത്തലായി ശരീരം പലതവണ ആവശ്യം അറിയിച്ചു കഴിഞ്ഞു. നിലപാടുകളുടെ ഭാഗമായിരുന്നില്ല ഈ വൈകിക്കല്‍. ചില കംഫര്‍ട്ടുകളില്‍ നിന്ന് എഴുന്നേറ്റോടാനിഷ്ടമില്ലാത്ത മാനുഷികമായ വൈകാരികതയുടെ ഭാഗമായി മാത്രം കൊളുത്തിപ്പിടുത്തം വരെ കൊണ്ടെത്തിച്ച ശങ്ക. അയാള്‍ എഴുന്നേറ്റു നടന്നു.

മൂത്രപ്പുരകളും കംഫര്‍ട്ട് സ്റ്റേഷനുകളും വികലമായ പ്രണയസങ്കല്പങ്ങളുടെ വേദപുസ്തകശാലകളാക്കി മാറ്റാറുള്ള മലയാളിയുടെ എക്‍സ്‍പ്രഷനിസം അയാളെ ചിരിപ്പിച്ചു. ആ ചിരി പരിചിതമുഖങ്ങളില്‍ നിന്നെല്ലാം മറുപടി വാങ്ങിത്തുടങ്ങിയപ്പോള്‍ അഭിമന്യു യാഥാര്‍ഥ്യബോധത്തിലേക്കു വീണ്ടും ഉറങ്ങി വീഴുകയും മുഖം ഗൗരവപൂര്‍ണ്ണമാവുകയും ചെയ്തു.

ടോയ്‍ലറ്റിന്‍റെ വലതുവശത്തെ മറയില്‍ ചാരി നിന്ന് അയാള്‍ പാന്‍റ്‍സിന്‍റെ കുടുക്കുകള്‍ വിടര്‍ത്തി. മനസ്സു നിറഞ്ഞ നന്ദിപ്രകടനം പോലെ വയറൊന്നു കുളിരു കോരി. കൊളുത്തിപ്പിടുത്തം തുള്ളിത്തുള്ളികളായി പുറത്തേക്കു തുളുമ്പിത്തിടങ്ങിയപ്പോള്‍ നിര്‍വൃതിയുടെ പുളകങ്ങള്‍ അയാളുടെ ശരീരമാസകലം പുഷ്പവൃഷ്ടി നടത്തി. അനിയന്ത്രിതമായ ആനന്ദത്തില്‍ അയാള്‍ കണ്ണുകള്‍ അടച്ചു.

’ബേബി, ദിസ് ഈസ് ലവ്.’

അഭിമന്യുവിന്‍റെ ആത്മഗതം അല്പം ഉറക്കെയായിപ്പോയി. നിത്യഗൗരവക്കാരനും അല്പഭാഷിയുമാഉഅ സീനിയര്‍ മാനേജര്‍ നേര്‍ത്ത ചിരിയോടെ ’ബൂം’ എന്ന ശബ്ദത്തില്‍ സിപ്പു വലിച്ചിട്ട് പുറത്തേക്ക് നടന്നു. അത്യാനന്ദത്തിന്‍റെ പുളകങ്ങള്‍ പുറന്തള്ളിയ ആത്മഗതം ഏതൊക്കെ കാതുകള്‍ കവര്‍ന്നെടുത്തു എന്ന് ശ്രദ്ധിക്കുവാന്‍ ആവാത്ത വിധം അയാള്‍ ആ പ്രവൃത്തിയില്‍ മുഴുകി.

അടിച്ചമര്‍ത്തി വച്ചിരിക്കുന്ന അനവധി വികാരങ്ങളുടെ അണപൊട്ടിയുള്ള വെള്ളപ്പാച്ചിലെന്ന പോലെ ടോയ്‍ലറ്റിന്‍റെ വശങ്ങളില്‍ മൂത്രത്തുള്ളികള്‍ അയാളുടെ പ്രണയത്തെ വ്യാഖ്യാനിച്ചു കൊണ്ടിരുന്നു.

’ഐ മസ്റ്റ് ടെല്‍ യൂ എബൗട് ദിസ് ഡിസ്കവറി.’

പുറത്തേക്കു നടക്കുമ്പോള്‍ ഫയര്‍ അലാറത്തിന്‍റെ ശബ്ദം ചെവി തുളച്ചു തുടങ്ങിയിരുന്നു. ഓഫീസിന്‍റെ മദ്ധ്യത്തിലിരുന്ന ചുവന്ന ലൈറ്റ് അപായസൂചന മിന്നിച്ചു കൊണ്ടിരുന്നു.

സ്റ്റെയര്‍കേസിനടുത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന ഒരാളുടെ ചുമലില്‍ തട്ടി അഭിമന്യു ചോദിച്ചു.

’വാട്ട് ഹാപ്പന്‍ഡ്? ഈസ് ദാറ്റ് എ ഫയര്‍?’

’നോ, ഇറ്റ്‍സ് ജസ്റ്റ് എ മോക് ഡ്രില്‍’.
* * * * * * * * *


2. ലില്ലി
’എടോ, എന്നതാ ഈ പ്രണയം?’

ചെക്കനോട് വെറുതെ ചോദിച്ചതല്ല. ആണുങ്ങള്‍ക്ക് പൊതുവെ വൈകാരികമായ ആത്മബന്ധങ്ങളോടും ലക്ഷ്യബോധത്തോടെയുള്ള ജീവിതത്തോടുമൊക്കെയുള്ള അലസമായ സമീപനത്തിന്‍റെ കാരണമെന്തെന്ന് പലതവണ ചിന്തിച്ച് നോക്കിയിട്ടുണ്ട്. ഒരെത്തും പിടിയും കിട്ടാറില്ല. ഇപ്പോള്‍ത്തന്നെ, പറഞ്ഞ മറുപടി കേട്ടില്ലേ? തിരിച്ചു താന്‍ പറഞ്ഞു തുടങ്ങിയ മറുപടി മുഴുവനായിട്ടില്ലായിരുന്നു. മൂത്രശങ്ക കലശലായിട്ടുള്ള ഇരിപ്പാണെന്ന് ഭാവപ്രകടനങ്ങളില്‍ നിന്ന് ഊഹിച്ചതു കൊണ്ട് എഴുന്നേറ്റ് പോന്നതാണ്. ഒരു കണക്കിനതു നന്നായി. ഇനിയും വിശദീകരിച്ചിരുന്നെങ്കില്‍ തന്‍റെ നെറ്റിയിലവന്‍ ഫെമിനിസ്റ്റ് എന്നു ചാപ്പയടിച്ചേനെ. ഇങ്ങനെയാണെങ്കില്‍ ചിന്തിക്കുന്ന എല്ലാ പെണ്ണുങ്ങളെയും ഫെമിനിസ്റ്റ് എന്നു വിളിക്കേണ്ടി വരുമല്ലോ ഇവന്‍മാര്‍ക്ക്!

’നതിംഗ് ബട്ട് ആന്‍ അര്‍ജ് റ്റു റീപ്രൊഡ്യൂസ്’

ലില്ലി ചിറി കോട്ടിക്കൊണ്ട് അഭിമന്യുവിന്‍റെ വാക്കുകള്‍ ആവര്‍ത്തിച്ചു. അതിവൈകാരികവും ആത്മസാക്ഷാത്കാരവുമായ ഒരു സപര്യയെയാണ് സെക്സിന്‍റെ കുറ്റിയിലടിച്ചൊതുക്കാന്‍ അവന്‍ ശ്രമിക്കുന്നത്. പ്രണയവുമായി ബന്ധപ്പെട്ട് ഉപബോധമനസ്സില്‍ പതിഞ്ഞു കിടന്ന പല ബിംബങ്ങളും ലില്ലിയുടെ മനസ്സില്‍ വീണ്ടും ഉയര്‍ന്നു വന്നു.

വലിയച്ഛന്‍. പാതിയിലധികം നര കയറിയ മുടി, അന്നും ഇന്നും. കഷണ്ടിയെന്നു തോന്നിക്കും വിധം വിശാലമായ നെറ്റിത്തടമുണ്ടായിരുന്നു വലിയച്ഛന്. പക്ഷേ അതു കഷണ്ടിയാണെന്ന് ലില്ലിക്കൊരിക്കലൂം തോന്നിയിട്ടില്ല. ഇരുണ്ട നിറം. മൂന്നാലു കുടുക്കുകള്‍ വിടര്‍ത്തിയിട്ട വെള്ളക്കുപ്പായവും കാവി മുണ്ടും നെറ്റിയിലൊരു ഗോപിക്കുറിയും. ഒരു ചുവന്ന തുണിസഞ്ചി തോളിലെന്നും ഞാന്നു കിടക്കും. അതില്‍ നിറയെ നാരങ്ങാമിഠായികളാണ്. വഴിയില്‍ കാണുന്ന കുട്ടികളില്‍ തനിക്കു പ്രിയം തോന്നുന്നവര്‍ക്കെല്ലാം വലിയച്ഛന്‍ നാരങ്ങാമിഠായികള്‍ കൊടുക്കും. ഇഷ്ടപ്പെടാത്തവരില്‍ നിന്ന് സഞ്ചി ദൂരെപ്പിടിക്കും. കല്യാണം കഴിച്ചിട്ടില്ല.

കുട്ടികളേ എന്നാണ് വലിയച്ഛന്‍ എല്ലവരെയും വിളിക്കാറുള്ളത്. തന്നിലിളപ്പമുള്ള എല്ലാവരെയും വലിയച്ഛന്‍ കുട്ടികളേ എന്നു വിളിക്കുന്നതെന്തു കൊണ്ടാണെന്ന് ആര്‍ക്കും അറിവില്ല.

ചെറുതായിരിക്കുമ്പോള്‍ അച്ഛന്‍ ആരോടോ പറയുന്നത് കേട്ടിട്ടുണ്ട്, വലിയച്ഛന് ഒരു പ്രണയം ഉണ്ടായിരുന്നെന്നും അവരുടെ പേര് ദാക്ഷായണി എന്നായിരുന്നെന്നും. വീട്ടുകാര്‍ ഒരു കണക്കിനും സമ്മതിക്കാത്തതു കാരണം നടക്കാതെ പോയ ആ ബന്ധത്തില്‍ വലിയച്ഛന് ഒരു കുട്ടി ഉണ്ടായിരുന്നത്രേ, ആരും കണ്ടിട്ടില്ല, പക്ഷേ. ദാക്ഷായണി വലിയമ്മയെ (അങ്ങനെ വിളിക്കാനാണ് ലില്ലിക്കിഷ്ടം) പിന്നീട് കണ്ടത് പുഴക്കടവിലടിഞ്ഞ ഒരു ശവമായിട്ടാണെന്നു കേട്ടറിവുണ്ട്. ഒരിക്കലും കാണാന്‍ പറ്റാതെ പോയ മകനു വേണ്ടിയായിരിക്കുമോ വലിയച്ഛന്‍ തുണിസഞ്ചിയില്‍ നാരങ്ങാമിഠായികളുമായി ഇപ്പോളും നടക്കുന്നത്?

വലിയച്ഛനും ദാക്ഷായണിവലിയമ്മയും ലില്ലിയുടെ മനസ്സിലെ ഉദാത്ത പ്രണയസങ്കല്പമായി എന്നും നില കൊണ്ടു.

പെണ്ണിന് ആണിനോടു മാത്രമേ പ്രണയം തോന്നൂ എന്ന് ആരാണു പറഞ്ഞത്? ചിത്രങ്ങളിലൂടെ മനസ്സു നിറഞ്ഞു നില്‍ക്കുന്നത് അമ്മയുടെ മുഖമാണ്. നേരിട്ട് അമ്മയുടെ മുഖം കണ്ടത് ഓര്‍മ്മകളിലില്ല. ആശുപത്രിക്കിടക്കയില്‍ വെളുത്ത ബെഡ്‍ഷീറ്റില്‍ അനങ്ങാതെ കിടന്നിരുന്ന ഒരു വലിയ ശരീരം ഓര്‍മ്മയുണ്ട്. കിടക്കയില്‍ നിന്ന് പുറത്തേക്ക് ഞാന്നു കിടന്ന ഒരു വെളുത്ത സുന്ദരമായ കൈ. നീണ്ട, മെലിഞ്ഞ വിരലുകള്‍ക്കിടയിലൂടെ താഴേക്കൂര്‍ന്നു കിടക്കുന്ന ഒരു വെളുത്ത നൂല്‍ക്കഷണം. തനിക്കന്നൊരു രണ്ടര വയസ്സായിരുന്നിരിക്കണം. ജീവിതത്തില്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്ന ഏറ്റവും പഴയ ഓര്‍മ്മ സുവ്യക്തമായ ആ ചിത്രമാണ്. അതിനു മുമ്പു താന്‍ എന്തു ചെയ്തിരുന്നുവെന്ന് ഓര്‍മ്മയില്ല.

ആരോ അന്നെന്നോടും പറഞ്ഞു കാണണം, അമ്മയിനി എഴുന്നേല്‍ക്കില്ല എന്ന്. അമ്മയെക്കുറിച്ച് വളരുമ്പോള്‍ കേട്ടറിഞ്ഞ നല്ല വാക്കുകളും മാതൃത്വത്തെക്കുറിച്ച് വായിച്ചറിഞ്ഞ വിവരങ്ങളും ലില്ലിയോടൊപ്പം ലില്ലിയുടെ മനസ്സില്‍ വളര്‍ന്നു ഭീമാകാരമായി. എന്നും ഉറങ്ങാന്‍ കിടക്കുമ്പോള്‍ എല്ലാവരും സ്നേഹിച്ചിരുന്ന തന്‍റെ അമ്മയെ അവള്‍ മണിക്കൂറുകളോളം സ്നേഹിച്ചു. സ്വപ്നങ്ങളില്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ട ആ വെളുത്ത കൈവിരലുകളെ പിന്നെയും സ്നേഹിച്ചു. അതൊരു പ്രണയമല്ലെന്ന ആധുനികശാസ്ത്രവാക്യം അംഗീകരിക്കാന്‍ ലില്ലിക്കു കഴിയുമായിരുന്നില്ല. തന്‍റെ ഏറ്റവും വലിയ പ്രണയം അതു തന്നെയായിരുന്നെന്ന പിടിവാശിയില്‍ അവള്‍ ജീവിച്ചു കൊണ്ടേയിരുന്നു.

ഫയര്‍ അലാറം നീട്ടിയടിച്ചു. മോക് ഡ്രില്ലില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഷോയില്‍ പങ്കെടുക്കാന്‍ വളണ്ടീര്‍ ചെയ്തതാണ്. പുറത്തേക്കിറങ്ങാനുള്ള ഒരുക്കത്തിനിടെ ഒരു നിമിഷം വാഷ് റൂമില്‍ നിന്നു പുറത്തേക്ക് വരുന്ന അഭിമന്യുവിനെ അവള്‍ കണ്ടു. കറുത്ത കണ്ണുകളും വിടര്‍ന്ന പുരികവും വിശാലമായ നെറ്റിയും വൃത്തികെട്ട ചിന്തകളുമുള്ള തെണ്ടിച്ചെക്കന്‍. അവന്‍റെ ഒരു വശത്തേക്കു മാത്രം ചുണ്ടുകള്‍ വിടര്‍ത്തിയുള്ള ചിരിയിലും കണ്ണുകളില്‍ ഉടക്കി നിന്നു പോയെന്നു തോന്നും വിധമുള്ള നോട്ടത്തിലും ഇടക്കിടെ ചില വേണ്ടാത്ത സൂചനകള്‍ കാണാറുണ്ട്.

ഇതായിരുന്നല്ലേ നിന്‍റെ പ്രണയം, അര്‍ജ് റ്റു റീപ്രൊഡ്യൂസ്. എടാ കള്ളച്ചെറുക്കാ, എനിക്കു നിന്നോടു പറയാനുണ്ട്, പ്രണയത്തിന്‍റെ നിറഭേദങ്ങളെക്കുറിച്ച്, വൈവിധ്യത്തെക്കുറിച്ച്, കേവലശാരീരിക അനുഭൂതികള്‍ക്കപ്പുറം അതിനെത്തിച്ചേരാവുന്ന ദൂരങ്ങളെക്കുറിച്ച്. കേള്‍ക്കണോടാ നിനക്ക്, മോക് ഡ്രില്ലൊന്നു കഴിയട്ടെ. ഐ നോ യൂ നോ വാട്ട് ഐ മീന്‍. അഭിനയം മതിയാക്കണ്ടേ?

മൂന്നാം നിലയില്‍ നിന്നും സ്ഫടികജനല്‍ തുറന്ന് രക്ഷാപ്രവര്‍ത്തകര്‍ ലില്ലിയെ കയറില്‍ കെട്ടിത്തൂക്കി. എതിരെ, പതിഞ്ഞാറ് ചിരിച്ചു കൊണ്ടാശംസ നേരുന്ന സൂര്യന്‍ അവളുടെ കണ്ണൂകളില്‍ തിളങ്ങി നിന്നു. താഴെ മോക് ഡ്രില്‍ കാണാനെത്തിയ എംപ്ലോയീസിന്‍റെ ബഹളം. അവനും കാണും, ഏതെങ്കിലുമൊരു മൂലയില്‍, ആകാശത്തു നിന്നും നൂലിഴകളില്‍ കെട്ടിത്തൂക്കിയിറക്കിയ മേഘസന്ദേശം പോലെയുള്ള എന്‍റെ ഇറക്കം കാണാന്‍. നീലവരകളുള്ള വെളുത്ത കുപ്പായവുമിട്ട്, കള്ളത്തെമ്മാടി.

ഒരു മലക്കം മറിച്ചിലോടെ, താഴേക്കു തുറന്നു കിടന്നിരുന്ന പല ജനലുകളുടെ സ്ഫടികവാതായനങ്ങളെ ഉമ്മ വച്ചു കൊണ്ട് ലില്ലിയുടെ ശരീരം അസംഖ്യം നിലവിളികളുടെ അകമ്പടിയോടെ താഴേക്കു പതിച്ചു.