Thursday, January 3, 2008

പിടിച്ചാല്‍ കിട്ടില്ലെന്നെ...: കവിത

കാലമെന്‍ മനോഭൂവില്‍ വിതച്ച വിത്തിന്‍ മുള
പോരെന്റെ വിലാപത്തില്‍ തണലായി തളിര്‍ക്കുവാന്‍,
വേദന വിതക്കുമീ നീചശക്തികള്‍ തന്റെ
വേരറുക്കുവാന്‍ വെമ്പും രണമായുയിര്‍ക്കും ഞാന്‍.

വാളാണെന്‍ സമരത്തിന്നായുധ,മശാന്തി തന്‍
വാസന പരത്തുന്ന കീടമേ, സൂക്ഷിക്കുക,
വാളെടുത്തൊരു വേള പോരില്‍ ഞാനിറങ്ങിയാല്‍
വേദനിക്കുവാന്‍ പോലും ബാക്കി കാണില്ലാ നിങ്ങള്‍!

ബുദ്ധനല്ല ഞാന്‍, എനിക്കെതിരായുയരുന്ന
വെട്ടുകത്തികള്‍ കൊണ്ടാ കരങ്ങളറുത്തിടും,
ക്രിസ്തുവല്ല ഞാന്‍, എന്നെത്തളക്കും കുരിശിനാല്‍
നിര്‍ദ്ദയലോകത്തിന്റെ മസ്തകം ചതച്ചിടും,

ശാന്തിഗീതകള്‍ പാടിപ്പാറി വന്നെത്തും മാട-
പ്രാവിന്റെ ചിറകിലാ രുധിരം പുരട്ടിടും,
പറയും ഞാ’നെന്‍ കോപക്കനലിന്‍ ചൂടില്‍ ശുദ്ധി
പകരും ലോകത്തിന്റെ പ്രഭ നീയെടുക്കുക.’

വാദങ്ങളൊരു പിടിയുണ്ടാകാം പാരില്‍, പക്ഷേ,
ചോരയിലൊടുങ്ങുവാനാകരുതവയൊന്നും,
തീരുമാനിക്കാം, പക്ഷേയിനി മേലൊരാള്‍ കൂടി
നാടുനീങ്ങിയാല്‍പ്പിന്നെ............ പിടിച്ചാല്‍ കിട്ടില്ലെന്നെ.........!!!!!!

(അവസാനത്തെ വരി പല്ലിറുമ്മിക്കൊണ്ട്...)

11 comments:

മിനീസ് said...

ഇതാ, പരസ്യമായൊരു വെല്ലുവിളി...............

ഒരു “ദേശാഭിമാനി” said...

“അശാന്തി തന്‍
വാസന പരത്തുന്ന കീടമേ, സൂക്ഷിക്കുക“

ഈ തക്കീതു നല്ലതു തന്നെ!

ഇതിനെ വാളുകൊണ്ടൊരിക്കലും ജയിക്കാന്‍ പറ്റില്ല്!
ഈ കീടങ്ങളെ വൈരാഗ്യത്തോടു കൂടിയ നിസ്സഹകരണവും, തഴയലും മാത്രം മതി ജയിക്കാന്‍. പക്ഷേ, നമ്മുടെ സൈന്യത്തിനു ആള്‍ബലം വേണം!അവരുടെ ആയുധം വിവേകവും!

ആശംസകള്‍

ഉപാസന | Upasana said...

:)
ഉപാസന

പ്രയാസി said...

"വാളാണെന്‍ സമരത്തിന്നായുധ,മശാന്തി തന്‍
വാസന പരത്തുന്ന കീടമേ, സൂക്ഷിക്കുക,
വാളെടുത്തൊരു വേള പോരില്‍ ഞാനിറങ്ങിയാല്‍
വേദനിക്കുവാന്‍ പോലും ബാക്കി കാണില്ലാ നിങ്ങള്‍!"

ഗതികെട്ടാല്‍ മിനീസും കവിതയെഴുതും..:)

കൊള്ളാട്ടാ..

ഓ:ടോ:വാളു രണ്ടു തരം..അതിലൊരു വാളു കൊണ്ടു അശാന്തിയുടെ കീടത്തെ കൊല്ലാന്‍ പറ്റില്ല..

രണ്ടാമത്തെ വാളായ ബൂ ആയില്‍ കീടങ്ങളെ കൊല്ലാനുള്ള മീഥെയില്‍ ആള്‍ക്കഹോളുണ്ടാവും.. അതൊന്നു ട്രൈ ചെയ്യാം..:)

രാജന്‍ വെങ്ങര said...

വാളലെളുതോ കീടനിര്‍മ്മാര്‍ജനം?
വാളെടൂത്തവന്‍ വാളാലെന്നറിയ നീ.
ഉയിര്‍ക്കണം നേരിനുയിരേകുവാന്‍
അല്ലാതെയരുതാത്ത ,രണഭേരി
തീര്‍ക്കുവനാകരുതതൊരിക്കലും.
ഓര്‍ക്കണമാ അശോക നീതി,
സാ‍രങ്ങളതു ലോകശാന്തിക്കുത്തമം.
വാളിന്‍ വായ്ത്തലത്തുമ്പാലരിയാം
എതിരിന്റെ കയ്യുകളായിരമെന്നാലും,
ഉയരുമാനേരിന്റെ വാക്കുകളതരിയുവാന്‍
രുധിരദാഹിയാം ഖഡ്ഗത്തിനാവുമോ?
ഒന്നല്ലൊരായിരം ജിഹ്വയായ്
ഉണ്മതന്‍ ജ്വാലയായതെരിയുമ്പോള്‍
നിഷ്ഫലമാം നിന്‍ കരുത്തുറ്റ ബാഹുക്കള്‍.
ക്ഷമയെന്ന രണ്ടക്ഷരകൂട്ടിന്റെ
പശിമയില്‍ പണിതൊരുക്കി
പണ്ടൊരാള്‍*
പാരതന്ത്ര്യത്തിനെതിരായ
പടയണി.
തൊട്ടില്ല,കയ്യേറിയില്ലൊരു ഉടവാളും,
കരുതിയതു കരുത്താം സത്യമതൊന്നു മാത്രം.
*ഗാന്ധിജി.

വേണു venu said...

വാദങ്ങളൊരു പിടിയുണ്ടാകാം പാരില്‍, പക്ഷേ,
ചോരയിലൊടുങ്ങുവാനാകരുതവയൊന്നും,
മിനീസ്സേ, അരിവാളെടുത്ത് നടര്‍ത്തിയ ഗര്‍ജ്ജാനം മറന്നോ.?
വരികള്‍‍ ശക്തന്‍‍. തമ്പുരാനെവിടെ.:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാളെടുത്തവന്‍ വാളാല്‍...

നന്നായിരിക്കുന്നു വെല്ലുവിളി

Friendz4ever // സജി.!! said...

കാലമെന്‍ മനോഭൂവില്‍ വിതച്ച വിത്തിന്‍ മുള
പോരെന്റെ വിലാപത്തില്‍ തണലായി തളിര്‍ക്കുവാന്‍,
വേദന വിതക്കുമീ നീചശക്തികള്‍ തന്റെ
വേരറുക്കുവാന്‍ വെമ്പും രണമായുയിര്‍ക്കും ഞാന്‍.


നന്നായിരിക്കുന്നു വാളാല്‍ വാളെടുത്തവന്‍.!!

ശ്രീ said...

കലക്കി.
“വാളെടുത്തൊരു വേള പോരില്‍ ഞാനിറങ്ങിയാല്‍
വേദനിക്കുവാന്‍ പോലും ബാക്കി കാണില്ലാ നിങ്ങള്‍!”

പറഞ്ഞതു പോലെ, അവസാന വരികള്‍‌ പല്ലിറുമ്മി തന്നെ വായിച്ചു.
:)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

മിനീസേ..ഇതെന്താ ഒരു സുബാഷ് ചന്ദ്രബോസ് സ്റ്റൈല്

കവിത ഇഷ്ടപ്പെട്ടു..

ഹാരിസ് said...

വാസന വേണ്ടുവോളം.
നല്ല വിഷയം കണ്ടെത്തിയാല്‍ തകര്‍ക്കും