Wednesday, February 20, 2008

ചോണനുറുമ്പ്

ഇടം മാറിക്കുത്തിയ കാലില്‍
സൂചനയില്ലാതെ പാഞ്ഞു കയറി,
കടിച്ചു കെറുവിക്കാനോ
വേദനിപ്പിച്ചു വെറുപ്പിക്കാനോ
തുനിയാതെ,
തൊലിപ്പുറത്ത് നീയുഴിയുന്ന
അസ്വസ്ഥതയുടെ ചാട്ടവാര്‍
വീണു തിണര്‍ക്കുന്നത്
എന്‍റെ ഹൃദയത്തിലാണ്.

അരിശത്തില്‍,
കവിളിലോ കാലിലോ എന്ന
പരിഭ്രാന്തിയില്‍,
ഉടലാകെയുഴിഞ്ഞ് ഞാന്‍ വിയര്‍ക്കുമ്പോളും
തൊലിപൊട്ടി വരളുമ്പോളും,
ചെവിക്കു പുറകില്‍ അരിച്ചു നീങ്ങിയ നേരത്ത്
പറയാതെ
നീ ബാക്കി വച്ചു പോയ സ്വകാര്യത്തിലെ
വല്ലായ്മ
എന്നെ ശ്വാസം മുട്ടിക്കുന്നു.

അടുപ്പുതിണ്ണയിലും
വിറകുപുരയിലും
ശര്‍ക്കരക്കുപ്പിയിലും
എന്‍റേതെന്ന് ഞാനുറപ്പിച്ച എന്നിലും വരെ
നിറഞ്ഞിഴഞ്ഞ് നീ പുറ്റു കെട്ടുന്നു,
പോരാതെ,
പുറത്തു കടക്കാനാകാതെ വെമ്പുന്ന
ചിന്തയിലേക്ക് നീ രസം ചീറ്റുന്നു.

വിറച്ച്, വിളറി,
ഇറച്ചിക്കുള്ളില്‍ നീ ചീറ്റിയ
പുളിപ്പില്‍ പുളഞ്ഞ്,
എവിടുന്നൊക്കെയോ നിന്നെ ഞാന്‍
നുള്ളിയെടുത്ത് ഞെരിച്ചപ്പോള്‍,
മരണത്തിനിടയിലും
വിരലുകള്‍ക്കിടയില്‍ നീ ശേഷിപ്പിച്ച
ഉറുമ്പുമണം
തലച്ചോറിലേക്കിഴഞ്ഞു കയറി
ചിന്തയെ ഓക്കാനിപ്പിക്കുന്നു.

കട്ടുറുമ്പിന്
കുത്തി നോവിക്കാനേ കഴിയൂ,
ഒന്നമര്‍ത്തിത്തിരുമ്മിയാല്‍
എരിയാനാവാതെയൊടുങ്ങുന്ന നോവ്!

23 comments:

ജൈമിനി said...

വിരലുകള്‍ക്കിടയില്‍ നീ ശേഷിപ്പിച്ച
ഉറുമ്പുമണം
തലച്ചോറിലേക്കിഴഞ്ഞു കയറി
ചിന്തയെ ഓക്കാനിപ്പിക്കുന്നു...

ശ്രീ said...

സൂപ്പര്‍!
:)

നവരുചിയന്‍ said...

അവയെന്നും നമ്മെ കുത്തി നോവിച്ചു കൊലപാതകി ആക്കിടുന്നു അല്ലെ .....
മനോഹരം മാഷെ ....

Sharu (Ansha Muneer) said...

നന്നായി... :)

വിനയന്‍ said...

ഗംഭീരം , ഞാനിതുവരെ ശ്രദ്ധിക്കാതെ പോയ ബ്ലോഗ്.ഇനിയും എഴുതൂ. ഭാവുകങ്ങള്‍

G.MANU said...

good one

വല്യമ്മായി said...

വളരെ നല്ല കവിത

ബഷീർ said...

കൂടുതല്‍ എഴുതൂ ..കരുതലോടെ.. ഒതുക്കത്തോടെ.. ഈ കവിത ഇഷ്ടമായി

Areekkodan | അരീക്കോടന്‍ said...

mineess....
Good Work...

പാമരന്‍ said...

വളരെ നന്നായീ..

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല കവിത.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വ്യത്യസ്തമായ ആശയം.കവിത വളരെ ഇഷ്ടമായി.

ജൈമിനി said...

ശ്രീ, ഇത്തിരിവെട്ടം, നവരുചിയന്‍, ഷാരു, വിനയന്‍, മനു, വല്യമ്മായി, ബഷീര്‍, അരീക്കോടന്‍, പാമരന്‍, വാല്‍മീകി, പ്രിയ...

വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി! :-)

ഏ.ആര്‍. നജീം said...

മിനീസേ...

നന്നായി ഈ കവിത

iTsMe said...

നല്ല കവിത!!!വളരെ ഇഷ്ടമായി!!

ചിതല്‍ said...

:) വളരെ നല്ലത്‌...

ധ്വനി | Dhwani said...

ആദ്യമായാണിവിടെ!

കാര്യമുള്ള കവിത! ആശംസകള്‍!

ജൈമിനി said...

നജീം, ഇറ്റ്‍സ് മീ, ചിതല്‍, ധ്വനി - വളരെ നന്ദി! :-)

നിലാവര്‍ നിസ said...

നന്നായിട്ടുണ്ട് മിനീസ്.. ഈ ഉറുമ്പിന്റെ ഇമ്മിണി വല്യ കാഴ്ച്ച..

ജൈമിനി said...

Thank you നിലാവര്‍ നിസ! :-)

ഗീത said...

കടിക്കാനും വേദനിപ്പിക്കാനും തുനിയാത്ത ചോണനുറുമ്പ് പാവമല്ലേ മിനീസ്?

Unknown said...

നല്ല കവിത !!

ശ്രീ said...

ഇതെവിടെ പോയി, മിനീസ്?

കുറേ നാളായി കാണാനേയില്ലല്ലോ.