Tuesday, January 1, 2008

കഥ: വസുന്ധരയുടെ പുതുവര്‍ഷക്കുറിപ്പ്

"സന്ദീപ്,

നീയില്ലാതെ മറ്റൊരു പുതുവര്‍ഷം കൂടി...

ഇതൊരു മരണമൊഴിയാണ്. ഇതെഴുതിത്തീരും മുമ്പേ എന്റെ ജന്മമൊടുങ്ങുമെന്നതിനാല്‍ എന്റെയും, എന്റെ മരണത്തോടെ നിന്റെ ജീവിതം ജീവിതമല്ലാതായിത്തീര്‍ന്നേക്കുമെന്നതിനാല്‍ നിന്റെയും മരണമൊഴി. ഉറക്കമില്ലാത്ത ഒരുപാടു രാത്രികളില്‍ എന്റെ ചുണ്ടില്‍ വിരിഞ്ഞ മന്ദഹാസങ്ങള്‍ക്കും വശപ്പിശകു പോലെ കണ്ണില്‍ത്തുളുമ്പിയ കണ്ണീര്‍ത്തുള്ളികള്‍ക്കും ഹേതുവായ നിന്റെ ഓര്‍മ്മകള്‍ക്കായി ഞാനീ മൊഴിയും മരണവും ഒരുമിച്ചു സമര്‍പ്പിക്കട്ടെ.

നീയോര്‍ക്കുന്നുവോ, എന്നോടും നിന്നോടൂമെന്ന പോലെ നീയന്ന് പറഞ്ഞ വാക്കുകള്‍?

- ജീവിച്ചു തീര്‍ക്കേണ്ടി വരുന്നതിനെയല്ല, ജീവിച്ചിട്ടും തീരാതെ ബാക്കിയാവുന്ന ഒന്നിനെയത്രേ നാം ജീവിതമെന്നു വിളിക്കേണ്ടത്! -

ഇതുപോലത്തെ ഡിസംബറിലെ തണുത്തുറഞ്ഞ ചില രാത്രികളില്‍ എന്റെ ചെവികളില്‍ ഉച്ഛ്വാസത്തിന്റെ ചൂടു പകര്‍ന്നു കൊണ്ട് നീയിതേ വാക്കുകളെന്നോടു വീണ്ടും മന്ത്രിച്ചിരുന്നു, അല്പം മാറ്റത്തോടെ...

- ജീവിച്ചിട്ടും ജീവിച്ചിട്ടും തീരാത്തത് എന്റെയോ നിന്റെയോ ജന്മമല്ല വസുന്ധരേ, നമ്മുടെ ജന്മമാണ് - എന്ന്!

ഒരു മണ്ടിയെപ്പോലെ ചിരിക്കാനും കൂടിയാല്‍ നിന്റെ കവിളുകളില്‍ നുള്ളി ’കളിയാക്കാതെടാ’ എന്നു പറയാനും മാത്രമേ ഞാനെന്നെ അനുവദിക്കാറുണ്ടായിരുന്നുള്ളൂ. ’എന്റെ പാവം പൊട്ടിപ്പെണ്ണെ’ന്നു മൊഴിഞ്ഞ് നീയെന്റെ മുടിയിഴകളിലൂടെ വിരലോടിച്ചപ്പോള്‍, തികട്ടി വന്ന ആനന്ദത്തിനും മീതെ ഞാനല്പം കണ്ണീര്‍ത്തുള്ളികളുടെ നനവു പടര്‍ത്തിയത് ഈ നാളുകള്‍ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയായിരുന്നു."

വസുന്ധര പേന കിടക്കയില്‍ വച്ചു. തിളങ്ങുന്ന മിഴികളുടെ കോണിലുറ്റിയ നനവ് കവിളിലൂടെ ഒലിച്ചിറങ്ങി. ചുളിഞ്ഞു കിടന്ന പിങ്ക് നിറമുള്ള ബെഡ്ഷീറ്റ് ഇടതുകൈ കൊണ്ടവള്‍ ഒതുക്കി വച്ചു. ജനാലയിലൂടെ വീശിയ തണുത്ത കാറ്റ് അവളുടെ കവിളിലെ പളുങ്കുമണികളെ ഒപ്പിയെടുത്തു. വസുന്ധര ശിരസ്സു കുനിച്ച്, വടിവൊത്ത അക്ഷരത്തില്‍ താനെഴുതിപ്പിടിപ്പിച്ച വരികളിലൂടെ കണ്ണോടിച്ചു.

ഇതായിരുന്നില്ല വസുന്ധര! അനവസരങ്ങളില്‍ പൊഴിക്കേണ്ടി വന്നിരുന്ന വിഷാദമുത്തുകളായിരുന്നില്ല അവള്‍ക്കൊരിക്കലും കണ്ണുനീര്‍. മനം നിറഞ്ഞു തുളുമ്പുന്ന വേദനകള്‍ പോലും ചുണ്ടിന്റെ വശങ്ങളിലൊളിപ്പിച്ച കുഞ്ഞു പുഞ്ചിരിയോടെ, അനുഭവങ്ങള്‍ പകര്‍ന്നു തന്ന അറിവെന്ന പോലെ സ്വാംശീകരിച്ചെടുത്തിട്ടേയുള്ളു, അവളിന്നാള്‍ വരെ. ഇന്നെന്തേയിങ്ങനെ? അവളെഴുതിത്തീരട്ടെ, നമുക്കു കാത്തിരിക്കാം.

പഞ്ഞിക്കിടക്കയില്‍ കമിഴ്‍ന്നു കിടന്ന്, വലതു ചെവി കിടക്കമേല്‍ ചേര്‍ത്തു വച്ച് വസുന്ധര സ്വന്തം ഹൃദയമിടിപ്പുകള്‍ ശ്രവിച്ചു. ഇളംനീല നിറമുള്ള ജനാലക്കര്‍ട്ടനുകള്‍ വകഞ്ഞു മാറ്റി കുളിര്‍കാറ്റ് അവളെ വീണ്ടും തലോടി. വസുന്ധര പേന കയ്യിലെടുത്തു.

"നിനക്കോര്‍മ്മയില്ലേ സന്ദീപ്, നിന്റെ കയ്യിലെ ഒരിക്കലും വറ്റാത്ത വീഞ്ഞുപാത്രമാണ് ഞാനെന്ന് നീയൊരിക്കല്‍ പറഞ്ഞത്? നുരയുന്ന ചില്ലുഗ്ലാസ്സുകളിലൂടെ നിന്റെ ലഹരി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയപ്പോഴും ഒരു രസക്കൂട്ടു പോലെ നിന്നെ ചുറ്റിപ്പറ്റി ഞാനുണ്ടായിരുന്നു. എന്നെക്കാണാന്‍ കഴിയാത്ത നിന്റെ കണ്ണുകളില്‍ ഞാനെന്നും ഉഴറി നില്പുണ്ടായിരുന്നു, കഴുകിക്കളയാനാവാത്ത ഒരു കരടു പോലെ.

നിന്റെ ബോധത്തിന് നിന്നെപ്പോലും തിരിച്ചറിയാന്‍ കഴിയാതിരുന്ന നാളുകളിലൊന്നില്‍ എന്റെ വയറ്റില്‍ കിളിര്‍ത്ത ഒരു കുഞ്ഞുസ്വപ്നത്തെ ഇതളിടും മുമ്പേ ഇറുത്തെടുത്തപ്പോള്‍ നീ അനുഭവിച്ച ലഹരിയേതെന്ന് എനിക്കിനിയും അറിയില്ല. ഉള്ളില്‍ നിന്നും പ്രാണനിറുത്തു മാറ്റപ്പെട്ട ആ വേദന സഹിക്കാന്‍ ഒരു ഹൃദയം മതിയായിരുന്നില്ല, എനിക്ക്. നമ്മുടെ വിവാഹശേഷം ഞാനാദ്യമായി കരഞ്ഞത് അന്നായിരുന്നില്ലേ? നിന്റെ മടിയില്‍ മുഖം പൂഴ്‍ത്തി, ഏങ്ങലോടെ... നിര്‍വ്വികാരതയോടെ എന്റെ മുടിയിഴകളിലൂടെ അന്ന് നീ വിരലോടിച്ചപ്പോള്‍ എന്റെ കണ്ണില്‍ തുളുമ്പിയത് ആ പഴയ ആനന്ദക്കണ്ണീരായിരുന്നില്ലല്ലോ."

പുറത്ത് ഇരമ്പി വീശുന്ന കാറ്റ് തന്നോടെന്തോ പറയുന്നതായി വസുന്ധരക്ക് തോന്നി. അവള്‍ കിടക്കയില്‍ നിന്നെഴുന്നേറ്റു. കിടപ്പുമുറിയില്‍ നിന്നും പുറത്തേക്കു തുറക്കുന്ന ബാല്‍ക്കണിയിലേക്ക് അവള്‍ നടന്നു ചെന്നു. തണുപ്പില്‍ ചൂളി, അവള്‍ ഇരുകൈകളും മാറോടടുക്കിപ്പിടിച്ചു. പതിയെ കൈ വിടര്‍ത്തി വാത്സല്യഭാവത്തില്‍ തന്റെ വയറില്‍ തലോടി.

പുറത്ത് പുതുവര്‍ഷത്തിന്റെ വരവറിയിച്ചു കൊണ്ട് പടക്കങ്ങള്‍ പൊട്ടുന്നുണ്ട്. ഫ്ലാറ്റിന്റെ വശങ്ങളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന വൃക്ഷത്തലപ്പുകളിലൂടെ ചൂളമടിച്ചെത്തിയ കാറ്റ് വസുന്ധരയുടെ വസ്ത്രത്തെ ഉലച്ചു കൊണ്ടിരുന്നു. തെരുവിലെ, ഇടക്കിടെ മിഴി ചിമ്മിത്തുറക്കുന്ന മെര്‍ക്കുറിവിളക്കിന്റെ വെളിച്ചത്തില്‍, പുതുവര്‍ഷം കൊഴുപ്പിക്കാനോടുന്ന ചില യുവതികളും യുവാക്കളും. അവരുടെ ആര്‍പ്പുവിളികളില്‍, നിമിഷനേരത്തേക്കെങ്കിലും വസുന്ധരയുടെ ചിന്തകള്‍ മുങ്ങിപ്പോയി. അവള്‍ തിരിച്ചു നടന്നു.

"ഓര്‍ക്കുന്നോ സന്ദീപ്, നാലു വര്‍ഷം മുമ്പ്, രംഗന്‍തിട്ടു പക്ഷിസങ്കേതത്തിനകത്തെ മൂല പൊട്ടിത്തുടങ്ങിയ സിമന്റുബെഞ്ചിലിരുന്ന് നീയെന്നോടു പറഞ്ഞത്, എന്നെങ്കിലും നമുക്കു പിറന്നേക്കാവുന്ന നമ്മുടെ മകള്‍ക്ക് നീ കണ്ടു വച്ച പേര് - തുഷാര!

രണ്ടു വര്‍ഷം മുമ്പ്, ഇതേ പോലൊരു ഡിസംബറില്‍ വരണ്ട മണ്ണിനെ നനയിച്ചു കൊണ്ട് തുഷാരബിന്ദുക്കള്‍ തുരുതുരാ പെയ്തു വീണപ്പോള്‍ ഞാനാര്‍ത്തു വിളിച്ചു, ’തുഷാരാ....... തുഷാരാ.......’ ഹാ! അന്ന് അസാധാരണമായ നോട്ടത്തോടെ എന്റെ വിരലുകളില്‍ പറ്റിയ മഞ്ഞുതുള്ളികളെ തുടച്ചു നീക്കിയ നിന്റെയുള്ളിലെ ക്രൂരത ഞാനറിഞ്ഞില്ലല്ലോ സന്ദീപ്, നീയങ്ങനെയായിരുന്നില്ലല്ലോ മുമ്പെങ്ങും!

നിന്റെ കവിളില്‍ തല ചായ്‍ച്ച് ’അവളുറക്കമാണെ’ന്ന് നാണത്തോടെ നിന്നോടു ഞാന്‍ പറയുമ്പോഴും ആ പിഞ്ചുകൈകള്‍ എന്റെ ഗര്‍ഭപാത്രത്തെ ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു. ’തുഷാരേ’ എന്ന എന്റെ ഓരോ വിളിയിലും, രൂപം പാകമാവാത്ത ആ പിഞ്ചാത്മാവ് തൊണ്ണു കാട്ടി ചിരിക്കുന്നുണ്ടായിരുന്നു. ജീവിച്ചു തീര്‍ക്കേണ്ടി വരാതിരുന്ന, ജീവിക്കാനായി ഒന്നു ജനിക്കാന്‍ പോലുമാകാതെ അടര്‍ന്നു വീണ ആ മാംസക്കഷണത്തിന്റെ ജന്മത്തിന് ഞാനെന്ത് നിര്‍വചനമാണ് നല്കേണ്ടത്? ജീവിതത്തെ വിശാലമായി നിര്‍വചിച്ച നീ എന്ത് വിശേഷണമാണ് ആ ജന്മത്തിനു നല്കിയത്?

ഭാഗ്യമില്ലാതെ പോയത് എന്റെ മടിത്തട്ടിനായിരുന്നെങ്കില്‍, സര്‍ക്കാര്‍ വക ഒരു അമ്മത്തൊട്ടിലെങ്കിലും നല്കാമായിരുന്നില്ലേ നമുക്കവള്‍ക്ക്?"

വസുന്ധരയുടെ കണ്ണുകള്‍ വീണ്ടും തുളുമ്പി. പുറത്ത് പടക്കങ്ങള്‍ ഉച്ചത്തില്‍ പൊട്ടിക്കൊണ്ടിരുന്നു. ബാറുകളും ഹോട്ടലുകളും പബ്ബുകളും വിശേഷ ആകര്‍ഷക പദ്ധതികളിലൂടെ പുതുവര്‍ഷത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങിയിട്ടുണ്ടാവണം. അതിലേതെങ്കിലുമൊന്നിലുണ്ടാകാം സന്ദീപും.

വസുന്ധരയുടെ ചുണ്ടില്‍ വിഷാദത്തില്‍ കുതിര്‍ന്ന ഒരു പുഞ്ചിരി വിടര്‍ന്നു. ആ പുഞ്ചിരിയുടെ കോണുകളിലൂടെ ചുകന്ന രക്തം അല്പാല്പമായി പുറത്തേക്കു വന്നത് അവളറിഞ്ഞതേയില്ലെന്നു തോന്നുന്നു. നെഞ്ചിലും വയറിലുമനുഭവപ്പെട്ട കടുത്ത വേദനയില്‍ അവളൊന്നു പിടഞ്ഞു. വിറക്കുന്ന കൈകളോടെ അവള്‍ എഴുത്തു തുടര്‍ന്നു.

"അന്നു നീയെന്നെ തോല്‍പ്പിച്ചത് ഒരു പുതുവര്‍ഷദിനത്തിലായിരുന്നു. ഇന്നിതാ, ലഹരി നിന്നെ വീണ്ടും തോല്‍പ്പിച്ച നാളുകളില്‍ നീയെനിക്കു സമ്മാനിച്ച മറ്റൊരു പുഷ്പം നാലു മാസത്തിലേറെയായി എന്റെ ഉള്ളില്‍ക്കിടന്നു തുടിക്കുകയാണ്. പിഞ്ചു കൈകാലുകളിട്ടടിച്ചു കൊണ്ട് അവളെനിക്കു പുതുവത്സരാശംസകള്‍ നേരുകയാണ്. നാളെ, ഞാനും നീയുമറിഞ്ഞ ഈ ജീവിതമെന്തെന്ന് അറിയാനുള്ള കൊതിയോടെ അവള്‍ കുഞ്ഞു കണ്ണുകള്‍ തുറക്കാന്‍ ശ്രമിക്കുകയാണ്...

ഇതിനെയും നമുക്കു വേണ്ടെന്ന് നീയെന്നോടെന്നേ പറഞ്ഞു കഴിഞ്ഞു! നിന്റെ ചോരയില്‍ കുരുത്ത ആ കുഞ്ഞു ഞരമ്പുകളിലൂടെ എന്റെ ചോരയില്‍ ലയിച്ച വിഷം പടര്‍ന്നു കയറുന്നത് ഞാനറിയുന്നു. ’എനിക്കു വേദനിക്കുന്നമ്മേ, എന്നെയൊന്നു സഹായിക്കൂ, ഞാനൊന്നു പുറത്തു വന്നോട്ടെ’ എന്നവള്‍ പിടച്ചിലോടെ മൊഴിയുന്നത് എനിക്കു കേള്‍ക്കാം. ഈ മരണത്തോടൊപ്പം ഇനിയും ജീവിച്ചു തീരാത്ത എന്റെ ജീവിതവും, ജനിക്കാതെയൊടുങ്ങേണ്ടി വരുന്ന നമ്മുടെ ഓമനസ്വപ്നവും ഞാന്‍ നിനക്കു നല്‍കട്ടെ, എന്റെ നവവത്സരസമ്മാനമായി...

നവവത്സരാശംസകള്‍....."

വസുന്ധരയുടെ വിരലുകള്‍ക്കിടയിലൂടെ പേന ഊര്‍ന്നു വീണു. കമിഴ്‍ന്നു വീണ അവളുടെ കവിളുകള്‍ എഴുതി മുഴുമിച്ച ആ കടലാസുകളിലേക്കു ചേര്‍ന്നമര്‍ന്നു. കണ്ണുകള്‍ മലര്‍ന്നു, പതിയെ അടഞ്ഞു. ചുണ്ടിന്റെ വശങ്ങളിലൂടെ ഒലിച്ചിറങ്ങിയ അവളുടെ രക്തത്തില്‍ ജന്മം കൊള്ളാനാകാതെ വാടിയ ഒരു പുതുരക്തം കൂടെ അലിഞ്ഞു ചേര്‍ന്ന്, കടലാസുകളെ നനച്ചു കൊണ്ടൊഴുകി. പടര്‍ന്ന ആ ചോരത്തുള്ളികള്‍ക്കിടയിലും മരണമില്ലാത്ത ആശംസകള്‍ പോലെ ആ വാക്കുകള്‍ ജ്വലിച്ചു തന്നെ നിന്നു -

"നവവത്സരാശംസകള്‍"

11 comments:

ജൈമിനി said...

നവവത്സരാശംസകള്!!

കഥ: വസുന്ധരയുടെ പുതുവര്‍ഷക്കുറിപ്പ്

ഗിരീഷ്‌ എ എസ്‌ said...

മിഴികള്‍ ആര്‍ദ്രമാക്കിയ എഴുത്ത്‌
പുതുവര്‍ഷവുമായി ബന്ധപ്പെട്ട്‌ ബൂലോകത്ത്‌ ഞാന്‍ കണ്ട ഏറ്റവും നല്ല രചന...

മനസിലേക്ക്‌ വസുന്ധര മഞ്ഞുപോലെ തണുപ്പിച്ച്‌ ആഴ്‌ന്നിറങ്ങുന്നു...........

ആശംസകള്‍...

Sherlock said...

“നിന്റെ ചോരയില്‍ കുരുത്ത ആ കുഞ്ഞു ഞരമ്പുകളിലൂടെ എന്റെ ചോരയില്‍ ലയിച്ച വിഷം പടര്‍ന്നു കയറുന്നത് ഞാനറിയുന്നു. ’എനിക്കു വേദനിക്കുന്നമ്മേ, എന്നെയൊന്നു സഹായിക്കൂ, ഞാനൊന്നു പുറത്തു വന്നോട്ടെ’“


വാതില്‍ക്കലോളമെത്തിയിട്ട് തിരിഞ്ഞു നടക്കേണ്ടിവരുന്ന അവസഥ...:(

മിനീസ് ഹൃദ്യമായിരിക്കുന്നു എഴുത്ത്..

ഉപാസന || Upasana said...

Good One Sir
:)
upaasana

കുഞ്ഞായി | kunjai said...

പുതുവര്‍ഷം കലക്കിയല്ലൊ
ഇനിയും ഇതുപോലെ ഒരുപാട് എഴുതാന്‍ കഴിയട്ടെ
പുതുവത്സരാശംസകള്‍

ശ്രീ said...

നന്നായി എഴുതിയിരിയ്ക്കുന്നു.

ആശംസകള്‍!
:)

G.MANU said...

kannukal nananjallo mashey

നിലാവര്‍ നിസ said...

തുഷാര.. സിംബോളിക് ആയി കഥയില്‍ എവിടെയെല്ലാം വരുന്നു ആ വാക്ക്.. നല്ല അനുഭവം..

ജൈമിനി said...

Thank you all!!! :-)

Unknown said...

നന്നായിരിക്കുന്നു , ഈ പുതുവത്സരത്തില്‍ ഒട്ടേറെ രചനകള്‍ക്ക് ജന്മം നല്കാന്‍ ആവട്ടെ .....

Unknown said...

Really touching...Well written