എന്തു വിളിച്ചഭിസംബോധന ചെയ്യണം നിന്നെ? ഇല്ല, അതാലോചിച്ച് ഈ എഴുത്തിന്റെ സുഖം കളയാന്‍ എനിക്കാഗ്രഹമില്ല... ഇന്നൊരു ദിവസത്തേക്ക് ഞാന്‍ നിന്നെ ഇങ്ങനെ വിളിക്കട്ടെ,
പ്രിയേ...
വായിക്കുന്തോറും ഇതൊരു അവ്യക്തമായ പ്രേമലേഖനമാണോ എന്നു നിനക്കു തോന്നിയേക്കാം. ഈ എഴുത്ത് നിന്റെ ചിന്തകളെ തഴുകിയുണര്ത്തുകയോ, നിന്നെ മടുപ്പിക്കുക തന്നെയോ ചെയ്യുകയാണെങ്കില്‍ (രണ്ടും ഒരുമിച്ചു സംഭവിച്ചേക്കാം) എന്നോടു ക്ഷമിക്കുമല്ലോ. ചിന്തകള്‍ നിറഞ്ഞ് എന്റെ മനം കനം തൂങ്ങി നില്ക്കുന്ന ഈ നേരത്ത്, ഒരു കടലാസ്സെടുത്ത് കുറിക്കാന്‍ തുടങ്ങിയാല്‍ എനിക്കെന്നെത്തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഒരു പക്ഷേ, എനിക്കു നിന്നോടുള്ള വികാരങ്ങളുടെ ഒരു പ്രതിഫലനമായേക്കാം ഈ എഴുത്ത്. നിന്നെ വിഷമിപ്പിക്കാതിരിക്കാനായി പരമാവധി തീവ്രത കുറച്ചെഴുതാന്‍ ഞാന്‍ ശ്രമിക്കാം. പിന്നീടൊരിക്കല്‍ എനിക്കിതിനു കഴിഞ്ഞെന്നു വരില്ല.
നിനക്കറിയാമല്ലോ, ലോകത്ത് ഉപാധികളോടു കൂടിയല്ലാത്ത ഒരു ബന്ധം കണ്ടെത്തുക അത്യന്തം ദുഷ്കരമാണെന്ന്. സുഹൃത്തുക്കളോടും പങ്കാളിയോടും മാതാപിതാക്കളോടുമെല്ലാമുള്ള ബന്ധങ്ങളില്‍ നാം വ്യത്യസ്ത ഉപാധികള്‍ വച്ചു പുലര്‍ത്തുന്നു. ഉപാധികളില്ലാത്ത ബന്ധമെന്നു പറയുന്നത്, കമ്യൂണിസം എന്ന പോലെ, വശ്യമായ ഒരു സ്വപ്നം മാത്രമാകുന്നു. നിന്നെ സമീപിക്കുമ്പോള്‍, ഞാനറിയാതെ, ഉപബോധമനസ്സില്‍ ഞാന്‍ നിന്നെക്കുറിച്ചു സൂക്ഷിച്ചിട്ടുള്ള ഉപാധികള്‍ എന്റെ ബോധമനസ്സിനെ കീഴടക്കുന്നു. സമീപനത്തിന്റെ ഒടുവില്‍ നിന്നെ അഭിമുഖീകരിക്കുന്നത് ഞാനെന്ന ഞാനായിരിക്കില്ല, മറിച്ച്, നിനക്കു വേണ്ടി എന്റെയുള്ളില്‍ത്തന്നെ സൃഷ്ടിക്കപ്പെട്ട മറ്റൊരു ഞാനായിരിക്കും.
എന്ത്, നീ ചിരിക്കുകയാണോ? ഇതൊരു പരമമായ സത്യമാണ് പ്രിയേ. എന്റെയോ നിന്റെയോ തെറ്റുകളോ കുറവുകളോ അല്ല ഇത്തരമൊരു പ്രവൃത്തിക്കു നമ്മെ പ്രേരിപ്പിക്കുന്നത്. ഈ വ്യവസ്ഥ നമ്മില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന മറ്റൊരു സ്വഭാവം മാത്രമാണത്രേ അത്!
നീ ചിന്തിക്കുന്നതു പോലെ, ഉറക്കത്തില്‍ പോലും നാം നാമല്ല പ്രിയേ, സ്വതന്ത്രരല്ല. ഈ ഇരുപത്തിയേഴു വര്‍ഷത്തെ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത് ഒരുപാടു നുണകളെ സത്യങ്ങളായും ഒരുപാടു സത്യങ്ങളെ നുണകളായും കാണുവാന്‍ മാത്രമാണ്...
തത്വങ്ങള്‍ നാം പറഞ്ഞു ശീലിക്കുന്നത് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ വേണ്ടിയാണെന്ന് പണ്ടാരോ പറഞ്ഞതോര്‍ക്കുന്നു. ജീവിതത്തില്‍ ഒരുപാടു ദുര്‍ഘടാവസ്ഥകള്‍ നേരിടേണ്ടി വന്ന ഒരാളല്ല ഞാന്‍. അതു കൊണ്ടൂ തന്നെ മേല്‍പ്പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം ശരിയല്ലെന്ന് എനിക്കു വിശ്വസിക്കേണ്ടിയിരിക്കുന്നു. ഇനിയും സാമൂഹ്യമായ വിലക്കുകളുള്ളതും ഇല്ലാത്തതുമായ തത്വചിന്തകളെ എന്റെ ചിന്തകളുമായി വിളക്കി ചേര്‍ക്കാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്. അതില്ലായ്മ ചെയ്യാന്‍ ആര്‍ക്കും കഴിഞ്ഞെന്നും വരില്ല!
ഈയിടെ ഒരു പുസ്തകം വായിച്ചതോര്‍ക്കുന്നു. ഓ, നിനക്കു വായന ഇഷ്ടമില്ലെന്നറിയാതെയല്ല, എങ്കിലും ഇതു നിന്നോടൂ കൂടെ പറയേണ്ട ഒന്നായി എനിക്കു തോന്നുന്നു. ഈ ലോകത്ത് നമ്മുടേതായി ഒന്നുമില്ല. ഉണ്ടെന്നുള്ളത്, ഉണ്ടായിരുന്നെന്നുള്ളത്, ഉണ്ടായേക്കാമെന്നുള്ളത്, എല്ലാം നമ്മുടെ തോന്നലുകള്‍ മാത്രമാണ്. നമ്മുടേതെന്നു കരുതുന്ന ഒന്നിന്മേലുള്ള ആധിപത്യം, അതു നമുക്കു നഷ്ടപ്പെടുന്ന നിമിഷം വരേക്കും മാത്രമാണ്. പിന്നീട് അതു മറ്റാരുടേയോ നിയന്ത്രണത്തിലാകുന്നു. അതയാളുടേതെന്ന് അയാള്‍ ധരിക്കുന്നു...
മുകളില്‍ പറഞ്ഞത് ഭൌതികവസ്തുക്കളെ മാത്രം സംബന്ധിച്ച ഒരു കാര്യമല്ലത്രേ. മനസ്സും ഹൃദയവും, ഒന്നും ഒരാളുടേയും സ്വകാര്യനിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല എന്നതാണ് വസ്തുത. അങ്ങനെ വരുമ്പോള്‍ ഞാന്‍ നിന്റേതോ, നീ എന്റേതോ അല്ല. എന്തിന്, ഞാന്‍ എന്റേതു പോലുമല്ല! ഇപ്പോള്‍ നിനക്കു തോന്നുന്നുവോ, നമ്മുടെ പ്രണയവും നമ്മുടേതല്ലെന്ന്? അതെത്രമാത്രം നൈമിഷികമാണെന്ന്... എന്നെങ്കിലുമൊരിക്കല്‍ നമുക്ക് നമ്മുടെ ചിന്തകളെയോ മനസ്സിനെയോ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയുമെന്ന ഘട്ടം വന്നാല്‍, അതോടെ നാം ജീവിതത്തിന് ഒരു പുതിയ അര്‍ത്ഥം തന്നെ എഴുതിച്ചേര്‍ക്കുകയാണ്. അത് അത്യന്തം മഹത്തരമായ, ’സ്വത്വത്തെ കണ്ടെത്തല്‍’ എന്ന കര്‍മ്മമാകുന്നു. അതു നമുക്കു സ്വാതന്ത്ര്യം നല്കുന്നു, ഭൌതികവും ബൌദ്ധികവുമായ, പരമമായ സ്വാതന്ത്ര്യം!
നീ ഒരുപാടു ചിന്തിച്ചു കൂട്ടിയിരിക്കുന്നല്ലോ... വിഷമിക്കേണ്ട, ഇപ്പറഞ്ഞതെല്ലാം ഇനി പറയാനുള്ളതിന്റെ ഒരു ആമുഖം മാത്രമാണ്. ഞെട്ടാതിരിക്കൂ പ്രിയേ...
ഇപ്പോള്‍ എന്നെപ്പോലെ നീയും മനസ്സിലാക്കിയിരിക്കുന്നു. നീയും നിന്റെയോ നിന്റെ വികാരങ്ങളുടെയോ പോലും ഉടമസ്ഥയല്ല. ഞാനുമതേ. വികാരങ്ങളും വിചാരങ്ങളും വെറും അല്പായുസ്സുക്കളാണ്. അവയെ, കൊല്ലാതെ, മുമ്പോട്ടു തള്ളിക്കൊണ്ടു പോകുക എന്നത്, ജീവിതം സന്തോഷപ്രദമാക്കാനുള്ള നമ്മുടെ വെറും പ്രയത്നങ്ങള്‍ മാത്രമാണ്. നമ്മുടെ ബന്ധം പോലെ, പ്രണയം പോലെ...
ഇനി, ഈ നിമിഷം എനിക്കെന്താണു നിന്നോടു തോന്നുന്നത്? സൌഹൃദം? അല്ലെന്നു തോന്നുന്നു എനിക്ക്. വഴിവക്കില്‍ ഒരു പുഞ്ചിരി സമ്മാനിച്ച ഒരാളെ നാളെ മുതല്‍ ഞാന്‍ സുഹൃത്തെന്നു വിളിച്ചു തുടങ്ങിയേക്കാം. അപരിചിതരെപ്പോലും സുഹൃത്തേ എന്നു വിളിച്ച് നാം സംസാരം തുടങ്ങാറുണ്ട്. എനിക്കു തോന്നുന്നു, നമ്മുടെ ബന്ധത്തെ നിര്‍വചിക്കാന്‍ ആ പദത്തിനു ശക്തി പോരാ എന്ന്.
ഇനി ഇത് പ്രേമമാണോ? ഞാന്‍ ഭയക്കുന്നു. പൊതുവായ ഒരു ധാരണപ്രകാരം പ്രണയമെന്നത് അര്‍ത്ഥവ്യാപ്തി കുറഞ്ഞ ഒരു വെറും വികാരം മാത്രമാണ്. അത് ഭാവനാസമ്പന്നവും അതേ സമയം അയഥാര്‍ത്ഥവുമാണ്. എനിക്കു നിന്നെ ഇഷ്ടമാണെന്ന് ഞാന്‍ പലകുറി പറഞ്ഞിട്ടുണ്ടെങ്കില്‍, അതാ ഭാവനയുടെ പുറത്തു മാത്രമാണ്. നിന്നോടു പറയാന്‍ ഒരു വാക്കെന്നതില്ക്കവിഞ്ഞ് പ്രണയത്തിന് ഒരര്‍ത്ഥവും ഞാന്‍ കല്‍പ്പിച്ചിട്ടില്ല.
ഇപ്പോള്‍ നിനക്കു മനസ്സിലായിക്കാണുമല്ലോ, വാക്കുകള്‍ക്ക് അര്‍ത്ഥം കല്പിക്കപ്പെടുന്നത് സന്ദര്‍ഭവുമായി കൂട്ടി വായിക്കുമ്പോഴാണെന്ന്. സന്ദര്‍ഭത്തിന്റെ പിന്തുണയില്ലെങ്കില്‍ വാക്കുകള്‍ അര്‍ത്ഥം നേടാത്ത വെറും ശബ്ദങ്ങള്‍ മാത്രമാണെന്ന്... ഞാന്‍ നിന്നോടൂ പലവുരി പറഞ്ഞ പ്രണയമെന്ന വാക്കിനും ഇതേ അര്‍ത്ഥം മാത്രമായിരുന്നു എന്ന്?
ഇനിയും നിനക്കു ബോറടിച്ചില്ലേ? എങ്കില്‍ ബാക്കി കൂടി കേള്‍ക്കുക.
നാമൊന്നിന്റെയും ഉടമസ്ഥരല്ലെങ്കില്പ്പോലും സമയാസമയങ്ങളില്‍ ചില ഉടമസ്ഥാവകാശങ്ങളുടെ ഫലം അറിയാതെയെങ്കിലും നാമനുഭവിക്കുന്നുണ്ട്. ഭൌതികവും ബൌദ്ധികവുമായ പല വസ്തുക്കളുടേയും ഉപയോക്താക്കളായി നാം പലപ്പോഴും മാറാറുണ്ട്. നിന്നെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതു തന്നെ അത്തരമൊരു ഉപയോഗമത്രേ.
പ്രിയേ, ഇനിയും നീ വായിക്കുന്നുവോ? ഇത്രയുമെഴുതിയിട്ടും ഞാനൊരു ഭ്രാന്തനാണെന്നും, എന്നെയല്ല നിനക്കു വേണ്ടതെന്നും നിനക്കു തോന്നാന്‍ തുടങ്ങാത്തതെന്തേ? കഴിഞ്ഞ പതിനഞ്ചു ഖണ്ഡികകളില്‍ ഞാന്‍ പറഞ്ഞതിന്റെ രത്നച്ചുരുക്കം കൂടി കേള്‍ക്കാന്‍ നീ ആഗ്രഹിക്കുന്നെന്നോ? എങ്കില്‍ അതു കൂടി ഞാന്‍ പറയട്ടെ. കേള്‍ക്കുക-
'എനിക്കു നിന്നോടോ നിനക്കെന്നോടോ ഉള്ളത് പ്രണയമല്ല' എന്ന് ഇതിലും വിശദമായി ഞാനെങ്ങനെ പറയണം പ്രിയേ? ഇനിയെങ്കിലും എന്നെ വിട്ടൊന്നൊഴിഞ്ഞു പോകൂ.........
9 comments:
വാക്കുകള്‍ക്ക് അര്‍ത്ഥം കല്പിക്കപ്പെടുന്നത് സന്ദര്‍ഭവുമായി കൂട്ടി വായിക്കുമ്പോഴാണെന്ന്. സന്ദര്‍ഭത്തിന്റെ പിന്തുണയില്ലെങ്കില്‍ വാക്കുകള്‍ അര്‍ത്ഥം നേടാത്ത വെറും ശബ്ദങ്ങള്‍ മാത്രമാണെന്ന്
കാമുകനും കാമുകിക്കും ഇടയിലുള്ള മറയാണ് പ്രണയം
ഈ സ്നേഹമാം കളിയരങ്ങിലെ വിരഹസങ്കീതം കേട്ട് എത്ര പ്രണയതാക്കള്‍ കണ്പീലികളില് തങ്ങിനിന്ന നീര്‍ത്തുള്ളികള്‍ തുടച്ച് കളയാന്‍ പെടാപ്പാട് പെട്ടിട്ടുണ്ടാകും..?
ജീവിതം തുള്ളിത്തുടിച്ചുനില്ക്കും പൂവിതള്‍തുമ്പിലെ തുള്ളിപോലെ, പാഥങ്ങള്‍ മൂടിയതിരയുടെ നനവ് കണ്ണില്‍ നിന്നും വാര്‍ന്നൊഴുകുന്നത് നിസ്സഹായനായ് കണ്ടുനില്‍ക്കേണ്ടി വന്നതിന്റെ വേദന, ജീവിതത്തിന്റെ ഓര്‍മകളും മറ്റെല്ലാ നൈമിഷികവികാരങ്ങളും ഒറ്റനിമിഷം കൊണ്ട് നമ്മെ ഓരോരുത്തരേയും ഉമിത്തീയില്‍ ദഹിപ്പിക്കുകയാണല്ലെ..?
അവസാനം വരെ വായിച്ചിട്ടും എനിക്ക് ഒന്നും മനസ്സിലായില്ല. (വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്തതുകൊണ്ടാണേ). എന്തായാലും അവസാനത്തെ ഖണ്ഡിക പ്രശ്നം പരിഹരിച്ചു. ഇത് ആദ്യം അങ്ങ് പറഞ്ഞാല്‍ പോരായിരുന്നോ?
അതു കഴിഞ്ഞ് ആ സജിയുടെ കമന്റ് കൂടി വായിച്ചപ്പോള്‍ ദേ വീണ്ടും എല്ലാം പൊക.
Nannaayittundu, pranaya pukamara..
'എനിക്കു നിന്നോടോ നിനക്കെന്നോടോ ഉള്ളത് പ്രണയമല്ല' എന്ന് ഇതിലും വിശദമായി ഞാനെങ്ങനെ പറയണം പ്രിയേ? ഇനിയെങ്കിലും എന്നെ വിട്ടൊന്നൊഴിഞ്ഞു പോകൂ.........
...അവസാനം ഇത് പറയുമെന്ന് ഒറപ്പായിരുന്നു..:)
“ഇനിയെങ്കിലും എന്നെ വിട്ടൊന്നൊഴിഞ്ഞു പോകൂ.........“എന്നു ഞങ്ങളേ കൊണ്ടും പറയിക്കുവനാണോ മിനീസേ ......
മിനീസേ,
ഇത് കൊള്ളാല്ലോ...
ആശംസകള്‍...
കൊള്ളാം കൊള്ളാം ....
അപ്പോ ഇങ്ങനേയും മൂക്കീ പിടിയ്ക്കാം അല്ലെ....
ഇത് നല്ല ഐഡിയ തന്നെ "ഇവനെ സഹിക്കാന്‍ എനിക്ക് മേലേ......ന്നു പറഞ്ഞ് അവള് ഓടിക്കോളും.. :)
Post a Comment