ശങ്കരന്‍കുട്ടിയെ ഓര്‍മ്മകള്‍ വല്ലാതെ വേട്ടയാടുന്നുണ്ടെന്നു തോന്നുന്നു. ഇടവഴിയില്‍ മരങ്ങളുടെ തണലു പറ്റി അയാള്‍ നടക്കവേ, ഇതൊരു അസുഖമാണോ എന്നു പോലും പലരും സംശയിച്ചു. ഗോപിമാഷുടെ ചുവടുറക്കാത്ത നടപ്പും, ചീനിമരച്ചോട്ടില്‍ കിളിത്തട്ടു കളിക്കാന്‍ വരച്ച കളവും, സുലേഖയുടെ അലസമായ തിരിഞ്ഞു നോട്ടങ്ങളും... എല്ലാം ഓര്‍മ്മയിലങ്ങനെ തികട്ടി വരുന്നു. ചിന്തകളില്‍ മുഴുകി, താഴേക്കു നോക്കി അയാളങ്ങനെ നടന്നു. സൈക്കിളില്‍ തന്നെ തട്ടി-തട്ടിയില്ല എന്നവണ്ണം പാഞ്ഞു പോയ മീന്കാരന് ഹംസയെയോ, നീണ്ട കത്രികയും നീട്ടിപ്പിടിച്ച്, എന്നും തന്നെ നോക്കി ചിരിക്കാറുള്ള തയ്യല്ക്കാരന് ശ്രീധരനെയോ അന്നയാള്‍ ശ്രദ്ധിച്ചില്ല. റോഡും മൈതാനവും സ്കൂള്‍ വരാന്തയും കടന്ന്, ഏഴാംക്ളാസ്സിന്റെ മുന്‍പിലെത്തി നിസ്സംഗതയോടെ ശങ്കരന്‍കുട്ടി അകത്തേക്കു നോക്കി.
"മാഷേ..."
ഗോപിമാഷ് തിരിഞ്ഞു നോക്കി. 10 മണിക്കു ക്ളാസ്സില്‍ വരേണ്ട ശങ്കരന്‍കുട്ടിയെ 10.15ന് ക്ളാസ്സിനു വെളിയില്‍ കണ്ടപ്പോള്‍ മാഷ് ഞെട്ടി! സുന്ദരനും സുലേഖയും ഞെട്ടി!!!
"എന്താ കുട്ടി വൈകിയത്?"
ഗോപിമാഷുടെ കനത്ത ശബ്ദം ക്ളാസ്സില്‍ മുഴങ്ങി.
"വൈകിപ്പോയി."
ശങ്കരന്‍കുട്ടി വിനയപ്രകടനങ്ങള്ക്കോ ഒഴിവുകഴിവുകള്‍ക്കോ ശ്രമിക്കാതെ മറുപടി നല്കി. ഗോപിമാഷുടെ കണ്ണുകള്‍ കുറുകി, പുരികം വിറച്ചു. ക്ഷിപ്രകോപിയായ ഗോപിമാഷ് ക്ഷിപ്രപ്രസാദിയല്ല. ശങ്കരന്‍കുട്ടിക്ക് ഇനി പറയാനുള്ള കാരണങ്ങള്‍ക്കൊന്നും ആ കോപത്തെ പിടിച്ചു കെട്ടാനുള്ള കഴിവുണ്ടാവില്ല. കുട്ടികള്‍ ശ്വാസമടക്കിപ്പിടിച്ചു. ക്ളാസ്സിലെ ചട്ടന്പി മനോജ് പോലും ചെറുതായി വിറച്ചു. സുന്ദരന്‍ കൈകള്‍ കൂട്ടിത്തിരുമ്മി. സുലേഖ നെഞ്ചില്‍ കൈ വച്ച്, കണ്ണുകള്‍ ഇറുക്കിയടച്ച് ദൈവസഹായത്തിനായി കേണു.
"പടച്ചോനേ..."
ആ വിളി ദൈവം കേട്ടെന്നു തോന്നുന്നു. വടിയുടെ അറ്റം കൊണ്ട് നഖം ചുരണ്ടിക്കൊണ്ട് ഗോപിമാഷ് തല കുലുക്കി.
"ങും... കയറിയിരിക്കുക."
ഒരു നിമിഷനേരത്തേക്കെങ്കിലും ശങ്കരന്‍കുട്ടി വരിഞ്ഞു മുറുക്കി വച്ചിരുന്ന ചിന്തകള്‍ വീണ്ടും കുതറിയോടി. ആ ഭാരത്തില്‍ കുനിഞ്ഞു പോയ തലയുമായി അയാള്‍ അകത്തു കയറി. രണ്ടാംബെഞ്ചില്‍ അറ്റത്തിരുന്ന സുന്ദരനെ അകത്തേക്കു തള്ളി, ശങ്കരന്‍കുട്ടി ഇരുന്നു.കൈമുട്ടു ഡെസ്കില്‍ കുത്തി, മുഖം താങ്ങി, എവിടെയോ തറച്ചു പോയ നോട്ടത്തില്‍ നിന്നു മോചിതനാകാന്‍ കഴിയാതെ, അങ്ങനെ. ഗോപിമാഷ് ക്ളാസ്സ് തുടര്‍ന്നു കൊണ്ടേയിരുന്നു.
എന്തായിരിക്കും ശങ്കരന്കുട്ടിക്കു പറ്റിയത്? സുലേഖ ധര്‍മ്മസങ്കടത്തിലായി. ഇന്നലെ ചോറുപാത്രത്തില്‍ നിന്നും താന്‍ വീതം വച്ചു കൊടുത്ത മീന്‍കറിക്ക് അല്പം എരിവു കൂടുതലായിരുന്നു. അതായിരിക്കുമോ? ഏയ്, സാദ്ധ്യതയില്ല. മുന്‍പും ഉപ്പും പുളിയും കൂടിയ പലതും താന്‍ കൂട്ടുകാരികള്‍ കാണാതെ കൈമാറിയിട്ടുണ്ട്. അതൊക്കെ ശങ്കരന്‍കുട്ടി ആ സ്പിരിറ്റിലേ എടുത്തിട്ടുള്ളു.
ഇനി, ഈ വിഷയങ്ങളെല്ലാം വീട്ടില്‍...
"ഹുമ്മാ..."
നെഞ്ചു പുകഞ്ഞു പോയി, സുലേഖയുടെ. അതൊന്നും ചിന്തിക്കാനുള്ള കെല്പു പോലും അവള്‍ക്കുണ്ടായിരുന്നില്ല. ശങ്കരന്‍കുട്ടിയുടെ നിസ്സംഗതക്കും ചിന്താഭാരത്തിനും കാരണം മറ്റാരോ ആയിരിക്കുമെന്ന് സമാധാനിച്ച്, അവള് സാമൂഹ്യപാഠം പുസ്തകത്തിന്റെ വശങ്ങളിലൂടെ വിരലോടിച്ചു. വീണ്ടും ഒളികണ്ണിട്ട് ശങ്കരന്‍കുട്ടിയെ ഒന്നു കൂടെ നോക്കി. പഴയ നോട്ടത്തില്‍ നിന്നും അയാള്‍ ഇനിയും മോചിതനായിട്ടില്ല.
ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞു."
"ഗോപിമാഷുടെ ശബ്ദം വീണ്ടും മുഴങ്ങി. കുട്ടികള്‍ നെടുവീര്‍പ്പിട്ടു. 'കലപില' ശബ്ദം പതിയെ പുറത്തു വന്നു തുടങ്ങി.
"പുസ്തകം നോക്കി, ഇപ്പോ പറഞ്ഞ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം നാളെ നോട്ടുപുസ്തകത്തിലെഴുതിക്കൊണ്ടു വരണം."
ആ ചോദ്യങ്ങള്‍ പോലും എഴുതിയെടുക്കാത്ത മൂന്നു പേര് അപ്പോഴും ക്ലാസ്സില്‍ ഉണ്ടായിരുന്നു. ശങ്കരന്‍കുട്ടിയും സുലേഖയും, പിന്നെ സുന്ദരനും.
ഗോപിമാഷ് പുറത്തേക്കിറങ്ങി. 'കലപില' ശബ്ദത്തിനു ശക്തി കൂടി. നെടുവീര്‍പ്പോടെ സുന്ദരന്‍ ശങ്കരന്‍കുട്ടിയുടെ മുഖത്തു നോക്കി.
"എന്തു പറ്റിയെടാ?"
സുന്ദരന്‍ അടക്കി ചോദിച്ചു. ശങ്കരന്‍കുട്ടി മെല്ലെ മുഖമുയര്‍ത്തി. ആ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു. സുന്ദരന്‍ പരിഭ്രാന്തനായി.
"എടാ എന്താണെന്ന്?"
"പറയാം"
പുസ്തകങ്ങള്‍ ഡെസ്കിനകത്തേക്കു തള്ളിക്കയറ്റി, ശങ്കരന്‍കുട്ടി പറഞ്ഞു.
"നമ്മുടെ... നമ്മുടെ ചീ..."
ശങ്കരന്കുട്ടിക്കു മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. ആ ശബ്ദമിടറി. അതിനിടെ മൈമൂന ടീച്ചര്‍ ക്ലാസ്സിലേക്കു കയറി വന്നു.
"ഞാന്‍ പിന്നെ പറയാം," ശങ്കരന്‍കുട്ടി അടക്കി പറഞ്ഞു.
സുന്ദരന്‍ വിവശനായിക്കഴിഞ്ഞിരുന്നു. ശങ്കരന്‍കുട്ടി പൊതുവേ മനക്കട്ടിയുള്ള ആളാണ്. ആ കണ്ണുകള്‍ വെറുതെ നിറയില്ല. സംഗതി ഗുരുതരം തന്നെ. സുന്ദരന്‍ ശങ്കരന്‍കുട്ടിയെ വീണ്ടും നോക്കി. അയാള്‍ നോട്ടുപുസ്തകത്തിന്റെ അവസാന പേജില്‍ വരകളും കുറികളും ഇട്ടുകൊണ്ടിരിക്കുകയാണ്. അല്പം സംശയദൃഷ്ടിയോടെ അയാള്‍ തിരിഞ്ഞു സുലേഖയെ നോക്കി. അതുവരെ അവരെത്തന്നെ നോക്കിക്കൊണ്ടിരുന്ന സുലേഖ പെട്ടെന്നു മുഖം കുനിച്ച്, പുസ്തകത്തിലേക്കു മിഴി നട്ടു. സുന്ദരന്റെ സംശയങ്ങള്‍ക്ക് ഏകദേശരൂപം വച്ചു തുടങ്ങി.
രണ്ടാം പീരിയഡ് കഴിഞ്ഞുള്ള ഇടവേള. സുന്ദരന്‍ ശങ്കരന്‍കുട്ടിയെ കുലുക്കി വിളിച്ചു.
"ഇനി പറ, എന്താ കാര്യം?" അയാളുടെ ശബ്ദമുയര്‍ന്നു.
"അത്... അത്, നമ്മുടെ..."
"നമ്മുടെ?"
"നമ്മുടെ ചീരത്തോട്ടം..."
"ചീരത്തോട്ടം?"
സുന്ദരന്റെ ജിജ്ഞാസ വര്‍ദ്ധിച്ചു. കണ്ണുകള്‍ കുറുകി, ശബ്ദം വിറച്ചു.
"പറിച്ചു കളഞ്ഞെടാ..."
ചങ്കു പൊട്ടുന്ന വേദനയോടെ ശങ്കരന്‍കുട്ടി ആ സത്യം വെളിപ്പെടുത്തി.
ചീരത്തോട്ടം പറിച്ചു കളഞ്ഞെന്നോ! നെഞ്ചിടിപ്പു നിന്നു പോയതു പോലെ തോന്നി സുന്ദരന്‍. നേരെ ഇരിക്കാനാവാതെ ഡെസ്കിലേക്കയാള് തല ചായ്ച്ചു. കണ്ണുകള്‍ ഇറുക്കിച്ചിമ്മിത്തുറന്നു. വലംകൈ കുത്തിയെഴുന്നേറ്റ്, ശങ്കരന്‍കുട്ടിയുടെ ചുമലില്‍ പിടിച്ചു കുലുക്കി, പ്രതികാരവാഞ്ഛയോടെ അയാള്‍ ചോദിച്ചു.
"ആര്?"
"ആ സുനിലും, റഹ്മാനും, പിന്നെ..."
"പിന്നെ?"
"ഏതോ ചെക്കന്മാരും. ഇന്നു രാവിലെ, പുഴയില്‍ കുളിക്കാന്‍ പോകുന്ന വഴിക്ക്."
സുന്ദരന്‍ വീണ്ടും ഡെസ്കില്‍ തല ചായ്ച്ചു. ശങ്കരന്‍കുട്ടി അയാളെ കുലുക്കി വിളിച്ചു.
"ഡാ..."
സുന്ദരന്‍ അനങ്ങിയില്ല. സുനിലും റഹ്മാനും ചുവന്ന ചീരത്തൈകളും അയാളുടെ കണ്മുന്നില് മാറി മാറി നൃത്തം ചെയ്തു. ഇടവഴിയിലൂടെ ബക്കറ്റിലും കുടങ്ങളിലുമായി തൂക്കിയെടുത്തു കൊണ്ടു വന്നിരുന്ന വെള്ളവും വിത്തിന്കൂടു പൊട്ടിച്ച് ആദ്യം പുറത്തു വന്ന ചെഞ്ചീരമുളകളും 'പറിച്ചു കളയെടാ ചെങ്കൊടി'യെന്ന് അടിക്കടിയാക്ഷേപിച്ച ഭ്രാന്തന് വേലായുധനും, എല്ലാമെല്ലാം അയാളുടെ ചിന്തകളെ വീണ്ടും വീണ്ടും ആക്രമിച്ചു. കോപവും നിരാശയും സഹിക്കാനാവാതെ, സുന്ദരന്‍ കൈകളുയര്‍ത്തി, മുഷ്ടി ചുരുട്ടി, ഡെസ്കില്‍ ആഞ്ഞിടിച്ചു.
ക്ലാസ്സ് പൊടുന്നനെ നിശബ്ദമായി.
(തുടരും...)
5 comments:
തുടരനാണല്ലേ? പോരട്ടെ. ആദ്യഭാഗം ആശക്കു വക നല്കുന്നു.
നന്നായിരിക്കുന്നു...എന്റ്റെ കഥയും വായ്ക്കണേ..
http://chaamaram.blogspot.com/
Da Jaimu, nannayittundeda. Unarthivitta aaa nostalgia...
Thudarnezhuthoo...
സുലേഖയുടെ ജീവനുളള കണ്ണൂകളൂം സുന്ദരന്റെ
വൈക്ലഭ്യവും ഗോപിമാഷുടെ തൂലികാ ചിത്രവും അനുഭവസ്ഥന്റെ സ്ഥൈര്യവും മോശമല്ല. ഇനിയും പ്രതീക്ഷിക്കുന്നു...........
കൊള്ളാം. തുടരട്ടെ.
Post a Comment