Monday, November 19, 2007

ശങ്കരന്‍കുട്ടിയുടെ സങ്കടങ്ങള്‍ - 3

വാടിയ ചീരത്തൈകള്‍ പുതുനാന്പുകള്‍ക്ക് വളമായി. ശങ്കരന്‍കുട്ടിയുടെയും സുന്ദരന്റെയും മോഹങ്ങള്‍ പുതിയ തൈകളിലൂടെ വീണ്ടും തളിര്‍ത്തു. ഇളവെയില്‍ ഇക്കിളി കൂട്ടിയപ്പോള്‍ അവ ചിരിക്കുകയും, കുട്ടികള്‍ വെള്ളം തളിച്ചപ്പോള്‍ കുളിരണിയുകയും ചെയ്തു. കയ്പപ്പന്തലില്‍ കുഞ്ഞുപൂവുകള്‍ കണ്ണു തുറന്നു. എല്ലാം കൂടെ ഒരു ഉത്സവകാലപ്രതീതി. അതെ, ഉത്സവകാലം തന്നെ. മറ്റനാളാണ് കക്കോട്ടിരിക്കാവിലെ തിറ.

ശങ്കരന്‍കുട്ടിയും സുലേഖയും തമ്മില്‍ മിണ്ടിയിട്ട് ദിവസങ്ങളായി. ചീരത്തോട്ടത്തിന്റെയും സുനിലുമായുള്ള വഴക്കിന്റെയും വിവരങ്ങള്‍ അവളോട് ഇതു വരെ വിശദമായി പറഞ്ഞിട്ടില്ല എന്നതു തന്നെ കാരണം. ചില വിവരങ്ങളെങ്കിലും സ്ത്രീജനങ്ങളുമായി പങ്കു വക്കരുതെന്നാണ് ശങ്കരന്‍കുട്ടിയുടെ പക്ഷം. അതില്‍ പ്രതിഷേധിച്ചാണത്രേ, സുലേഖയുടെ മൌനം. ഇതിനൊരു പരിഹാരം കാണണമെന്നു സുന്ദരന് തോന്നി.

സുന്ദരനും പ്രദീപും ജോസും രണ്ടാം ബെഞ്ചില്‍ കൂടിയിരുന്നാലോചിച്ചു. പ്രദീപിന്റെ മനസ്സില്‍ പെട്ടെന്ന് ഒരാശയമുദിച്ചു.

"അവളോട് കാവിലെ തിറക്കു വരാന്‍ പറഞ്ഞാലോ?"

"നിനക്കെന്നതാ പറ്റിയേ?"

ജോസിന് അല്പം ദേഷ്യം വന്നു.

"അവരെ തമ്മില് മിണ്ടിക്കുന്ന കാര്യം പറയുന്പോഴാണോ, കാവും തിറയും?"

"ശ്ശെ, ഞാന്‍ മുഴുവനാക്കട്ടെ."

"അവന്‍ മുഴുവന്‍ പറയട്ടെടാ."

സുന്ദരനും അതേ അഭിപ്രായമാണ്.

"അതേയ്," പ്രദീപ് തുടര്‍ന്നു.

"ഒറ്റ ദിവസം പോലും വൈകിട്ട് അഞ്ചിനു ശേഷം രണ്ടും തമ്മില്‍ ഇതു വരെ കണ്ടിട്ടില്ല. ഒരു ഏഴു മണിക്കടുത്ത്, കാവില്‍ വച്ച് നമ്മളൊന്നു മുട്ടിച്ചു കൊടുത്താല്‍ പ്രശ്നം തീരുമെന്നേയ്."

"കൊള്ളാം," ഒന്നു നിര്‍ത്തി സുന്ദരന്‍ തുടര്‍ന്നു.

"പക്ഷേ, ആരെങ്കിലും കണ്ടാലോ?"

"കണ്ടാലെന്താ, അവരു തമ്മില്‍ പ്രേമമൊന്നുമില്ലല്ലോ!"

ജോസ് ഇടയില്‍ കയറി.

"എന്നു നിന്നോടാരു പറഞ്ഞു?"

അരിശത്തില്‍ സുന്ദരന്റെ വായില്‍ നിന്നെന്തോ പുറത്തു വന്നു. പറ്റിയ അമളി മറച്ചു വക്കാന്‍ പോലുമാവാതെ, ദയനീയഭാവത്തില്‍ അയാള്‍ പ്രദീപിനെ നോക്കി.

"ആണോടാ, അവരു തമ്മില്‍ പ്രേമിക്കുവാണോടാ??"

ജോസിന് ആകാംക്ഷ അടക്കാനായില്ല. പ്രദീപ് ഒന്നും മനസ്സിലാവാത്തതു പോലെ രണ്ടു പേരെയും മാറി മാറി നോക്കി. സുന്ദരന്‍ നാക്ക് അമര്‍ത്തി കടിച്ചു. ഇടത്തോട്ടു തിരിഞ്ഞ്, പുറകിലെ ബെഞ്ചിലേക്ക്, സുലേഖ വല്ലതും കേട്ടു കാണുമോ എന്ന സംശയത്തോടെ നോക്കി. ഭാഗ്യം, അവളും കൂട്ടുകാരികളും ആമിനയുടെ കയ്യിലിട്ട മൈലാഞ്ചിയുടെ ഭംഗിയെപ്പറ്റിയുള്ള ചര്‍ച്ചയിലാണ്.

"നീ അത്രക്കങ്ങോട്ടാലോചിക്കേണ്ട."

തിരിഞ്ഞ് ജോസിനെ നോക്കി സുന്ദരന്‍ അടക്കി പറഞ്ഞു.

"കാര്യം പ്രേമമൊന്നുമില്ലെങ്കിലും, ആരെങ്കിലും കണ്ടാല്‍ പ്രശ്നം തന്നെയാ."

ജോസിന്റെ മനസ്സില്‍ സംശയങ്ങള്‍ ഉരുണ്ടു കൂടി. മിഴികളുയര്‍ത്തി അയാള്‍ സുലേഖയെ നോക്കി. സംസാരത്തിനിടെ എന്തോ കാരണത്താല്‍ മുന്നോട്ടു നോക്കിയ സുലേഖ, ജോസിനെക്കണ്ട് മന്ദഹസിച്ചു. ജോസ് അസ്വസ്ഥനായി. എന്തൊക്കെയോ ചോദ്യങ്ങള്‍ അയാളുടെ വിശ്വാസങ്ങളെ കൊളുത്തി വലിച്ചു.

"നീയെന്താടാ ഇപ്പറയുന്നത്?"

പ്രദീപിന്റെ ചോദ്യം ജോസിനെ ചിന്തയില്‍ നിന്നുണര്‍ത്തി.

"കാവിലെത്രയോ പേരു വരികേം പോവുകേം ചെയ്യും. ഇതൊക്കെ ആരു നോക്കാനാ?"

മൂവരുടെയും ചര്‍ച്ചകള്‍ കൊഴുത്തു. ചിലപ്പോഴെങ്കിലും മനസ്സാന്നിദ്ധ്യം നഷ്ടപ്പെട്ട് ജോസ് ചിന്തകളിലേക്കു വീണു. ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങളിലൂടെ ആ മനസ്സ് ഓടി നടന്നു. അയാളുടെ ചിന്തകളെ ഭേദിച്ചു കൊണ്ട് സുന്ദരന്‍ ചര്‍ച്ചയുടെ തീരുമാനം അറിയിച്ചു.

"പ്രദീപ് തന്നെ പോയി വിളിക്കട്ടെ, സുലേഖയെ."

ആ കൂട്ടുകാര്‍ കൈ കൊടുത്തു പിരിഞ്ഞു. ഉച്ചഭക്ഷണം കഴിഞ്ഞ്, അപ്പോഴേക്കും ശങ്കരന്‍കുട്ടി ക്ലാസ്സിലെത്തിയിരുന്നു. ഉച്ചക്കു ശേഷമുള്ള ക്ലാസ്സുകള്‍ തുടര്‍ന്നു. ജോസ് മാത്രം ഭാവനയില്‍ പല ചിത്രങ്ങള്‍ കൂട്ടി വരക്കുകയും മായ്‍ക്കുകയും ചെയ്തുകൊണ്ടിരുന്നു.

വൈകീട്ട് സ്കൂള്‍ വിട്ട സമയം. ഗേറ്റു കടന്നു പുറത്തേക്കു പോകുന്ന സുലേഖയെ പ്രദീപ് പുറകില്‍ നിന്നു വിളിച്ചു.

"സുലേഖേ..."

സുലേഖ തിരിഞ്ഞു നോക്കി. പ്രദീപ് പുസ്തകസഞ്ചിയും തോളില്‍ തൂക്കി ഓടി അടുത്തു വന്നു.

"എന്താപ്പോ, പഴേ ലോഹ്യമൊന്നുമില്ലല്ലോ?"

അയാളൊരു തുടക്കത്തിനായി ചോദിച്ചു. സുലേഖ പക്ഷേ, ഒന്നു മന്ദഹസിച്ചതേയുള്ളു. ആ ചിരിയുടെ കോണില്‍ അവള്‍ ഒളിപ്പിച്ചു വച്ച ഭാവം മനസ്സിലാക്കിക്കൊണ്ടെന്ന വണ്ണം പ്രദീപ് തുടര്‍ന്നു.

"ഒക്കെ നമുക്കു ശരിയാക്കാം,"

ഒന്നു നിര്‍ത്തിയ ശേഷം പ്രദീപ് സുലേഖയുടെ മുഖത്തു നോക്കി പുഞ്ചിരിച്ചു. ആ കണ്ണുകളില്‍ പ്രതീക്ഷയുടെ നാളങ്ങള്‍ തെളിയുന്നു.

"നിയ്യ് മറ്റന്നാള്‍ കാവില് വര്വോ, തിറ കാണാന്‍?"

"ഏത് കാവില്?"

കക്കോട്ടിരി. വേറെവിടെയാ ഇപ്പൊ തിറ?"

സുലേഖ മുഖം കുനിച്ച് ഒരു നിമിഷം ആലോചിച്ചു. പെട്ടെന്നെന്തോ ഓര്‍ത്തെടുത്ത മട്ടില്‍ അവള്‍ ചോദിച്ചു.

"നിങ്ങടെ അന്പലത്തില് ഞങ്ങള്‍ക്ക് കേറാന്‍ പറ്റ്വോ?"

അദ്ഭുതത്തോടെ അവളാ ചോദ്യം ഉന്നയിച്ചപ്പോള്‍ പ്രദീപ് ഒന്നു പരുങ്ങി. അതയാളും മുന്പാലോചിച്ചിരുന്നില്ല. ഒന്നു നിര്‍ത്തിയ ശേഷം സുലേഖ തുടര്‍ന്നു.

"ഞങ്ങടെ പള്ളീല്‍ പോലും ഞങ്ങള്‍ക്ക് കേറാന്‍ പറ്റൂല്ല."

അതിനകം പ്രദീപ് ഒരു പോംവഴി കണ്ടെത്തിയിരുന്നു.

"അതിനു നിയ്യ് കാവില്‍ കേറേണ്ടല്ലോ. ഞങ്ങളും പുറത്തു നിന്നു തന്നെയാ കാണാറ്. അവിടെത്തന്നെ നബീസച്ചേച്ചീടെ ജിലേബിക്കച്ചവടോം ഉണ്ടാവാറുണ്ടല്ലോ, എല്ലാ കൊല്ലവും. ധൈര്യമായിട്ടു വാന്നേയ്."

സന്തോഷത്തോടെ, എങ്കിലും സംശയത്തോടെ സുലേഖ തല കുലുക്കി.

"ഉമ്മയോടു ചോദിച്ചിട്ടു പറയാം."

ചുമലിലേക്കിറങ്ങിക്കിടന്ന തട്ടം ഇടതു കൈ കൊണ്ട് വലിച്ച് തലക്കു മീതെ ഇട്ടു സുലേഖ നടന്നു നീങ്ങി. പദ്ധതി ഒരു പരിധി വരെ വിജയിച്ചതിന്റെ സന്തോഷത്തോടെ പ്രദീപും മുന്നോട്ടു നടന്നു.

സുലേഖ പക്ഷേ, ഉമ്മയുടെ സമ്മതം ആരാഞ്ഞില്ല.

ഉത്സവത്തിന്റെ അന്ന്. പതിവില്ലാതെ അവധിദിവസം വൈകുന്നേരം കുളിച്ചൊരുങ്ങുന്ന സുലേഖയെ കണ്ട് ഫാത്തിമാ ബീവി അദ്ഭുതപ്പെട്ടു.

"നിയ്യിതെങ്ങോട്ടാ, ഈ നേരത്ത്, കെട്ടിയൊരുങ്ങി?"

"അന്പലത്തിലേക്ക്."

മുഖക്കണ്ണാടി നോക്കി കണ്ണെഴുതിക്കൊണ്ട് സുലേഖ പറഞ്ഞു. നേര്‍ത്ത പട്ടുനൂലു വലിച്ചിട്ട പോലെ കണ്‍പീലികളില്‍ പറ്റി നിന്ന കണ്‍മഷി അവളുടെ കണ്ണൂകള്‍ക്ക് കൂടുതല്‍ മിഴിവേകി.

"അന്പലത്തിലേക്കോ??"

ഫാത്തിമാ ബീവിയുടെ കണ്ണു തള്ളിപ്പോയി.

"നിനക്കിതെന്താപ്പോ പറ്റീത്?"

ആശ്ചര്യത്തോടെ, അവിശ്വസനീയതയോടെ അവര്‍ സുലേഖയുടെ മുഖത്തു നോക്കി.

"അതല്ലുമ്മാ, അവിടെ ഇന്ന് ഉത്സവാ..."

താന്‍ മാത്രമല്ല പോകുന്നതെന്നും, ആമിനയും വിദ്യയുമൊക്കെ വരുന്നുണ്ടെന്നും, അവിടെ വില്‍ക്കാന്‍ കൊണ്ടു വരുന്ന മാലയും വളയുമൊക്കെ നോക്കാനാണ് താന്‍ പോകുന്നതെന്നുമൊക്കെ ആവുന്നത്ര വിശ്വാസ്യതയോടെ അവള്‍ ഉമ്മയെ ധരിപ്പിച്ചു. ഫാത്തിമാ ബീവി ചെറു ചിരിയോടെ അവളുടെ ചുമലില്‍ തട്ടി.

"നിയ്യ് പോയിട്ടു വാ. ബാപ്പ വരുന്നേനു മുന്പ് ഇങ്ങെത്തിയാ മതി."

സുലേഖയുടെ മുഖത്തു സന്തോഷം അല തല്ലി. അവള്‍ ഉമ്മായെ കെട്ടിപ്പിടിച്ചു.

കക്കോട്ടിരിക്കാവ്. നാടു മുഴുവന്‍ എത്തിയിട്ടുണ്ട് തിറ കാണാന്‍. ചെണ്ടമേളം തകര്‍ത്ത് നടക്കുന്നു. കേളുവാക്കയും ഭാസ്കരനും തിറയാടുന്നതിനു വേണ്ടി കൈകളിലും മുഖത്തും ചായം തേച്ചു കൊണ്ടിരിക്കുന്നു. ഇടക്കിടെ പടക്കങ്ങള്‍ പൊട്ടുന്നുണ്ട്. ഒന്നു രണ്ടു പേര്‍ അതിനിടെ വാളെടുത്ത് വെളിച്ചപ്പാട് തുള്ളിത്തുടങ്ങിയിരിക്കുന്നു.

സുലേഖയും ആമിനയും വിദ്യയും നബീസുവിന്റെ ജിലേബിക്കച്ചവടത്തിനരികെ നിലയുറപ്പിച്ചു. ഇരുളു വീണു തുടങ്ങിയ വഴിയിലേക്കു കണ്ണും നട്ട് സുലേഖയിരുന്നു. സമയം ഇഴഞ്ഞു നീങ്ങി. സുന്ദരനും പ്രദീപും ശങ്കരന്‍കുട്ടിയും വഴി കടന്ന്, പടികള്‍ കയറി പ്രത്യക്ഷപ്പെട്ടു.
(തുടരും...)

3 comments:

മിനീസ് said...

സുലേഖ മുഖം കുനിച്ച് ഒരു നിമിഷം ആലോചിച്ചു. പെട്ടെന്നെന്തോ ഓര്‍ത്തെടുത്ത മട്ടില്‍ അവള്‍ ചോദിച്ചു.

"നിങ്ങടെ അന്പലത്തില് ഞങ്ങള്‍ക്ക് കേറാന്‍ പറ്റ്വോ?"

വാല്‍മീകി said...

നന്നാവുന്നുണ്ട്. തുടരുക. പിന്നെ, ഈ രണ്ട് കണ്ണുകളൊക്കെ ഡിക്റ്ററ്റീവ് സസ്പെന്‍സ് ആണ്. അതൊന്നു ഒഴിവാക്കിയാല്‍ കൊള്ളാം.

മിനീസ് said...

വളരെ നന്ദി വാല്‍മീകി. കമന്റ് വായിച്ചതും ഞാനൊന്നു ചമ്മി. ആ വൃത്തികേട് എടുത്തു കളഞ്ഞിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതില്‍ വളരെ സന്തോഷം.