Friday, January 18, 2008

കവിത: മഴയിരമ്പുന്നൂ...

മഴയിരമ്പുന്നൂ, വരണ്ട മണ്ണിന്റെ
മനം തുളുമ്പുന്നൂ, വിവശനെന്നിലോ
കരളിലിത്തിരിക്കുളിരിറങ്ങിയെന്‍
പ്രണയചിന്തകള്‍ തരിച്ചുണരുന്നു.

ഇരുണ്ട രാവിന്റെയകത്തളങ്ങളില്‍
ചെളി കുഴയുന്നൂ, വയല്‍വരമ്പിലെന്‍
പിഴച്ച ചിന്തകള്‍ വഴുതിമായുന്നൂ,
ജനലഴികളില്‍ കിതപ്പു ചാവുന്നൂ.

മഴ മനസ്സില്‍ പണ്ടുടഞ്ഞ വാത്സല്യ
മധുരസ്വപ്നമായി കിനിഞ്ഞിറങ്ങുന്നൂ,
പകല്‍ക്കിനാക്കളില്‍ പടര്‍ന്ന്, കാമിനീ-
വിരഹതാപമായ് നനഞ്ഞെരിയുന്നൂ.

കൊടിയ വേനല്‍ പെയ്തുറഞ്ഞപ്പോള്‍ പൊള്ളി-
പ്പൊളിഞ്ഞ മണ്ണിന്റെ സ്മരണയാവുന്നൂ,
വസന്തസ്വപ്നങ്ങള്‍ ഭയന്നൊഴിയുന്ന
പ്രളയക്കാഴ്ചയായ് പതച്ചു തുള്ളുന്നൂ.

വഴികളില്‍ ചിന്നിച്ചിതറി വീഴുന്നൂ,
മൊഴികളില്‍ മുങ്ങി വിറച്ചു മൂളുന്നൂ,
തടിച്ച പുസ്തകം ചമച്ച ശാസ്ത്രങ്ങള്‍
മഴക്കോളില്‍ കുതിര്‍ന്നൊലിച്ചു പോകുന്നൂ.

പുരപ്പുറത്തിതാ മഴ ചിരിക്കുന്നൂ,
പതുക്കെയോര്‍മ്മയില്‍ കരഞ്ഞു മായുന്നൂ,
മനുഷ്യരെന്തിനീ മഴ നുണയാതെ
മുറികളില്‍ക്കടന്നടച്ചുറങ്ങുന്നൂ!

അകത്തു പെട്ടിയില്‍ ’കുട കുട’യെന്ന്
പരസ്യവാചകം പിടഞ്ഞു ചിന്തവേ
വിരഹഗാനമായ് വിഷാദിയാം മഴ
വിതുമ്പി മായുന്നൂ, തളര്‍ന്നു തോരുന്നൂ.

പിറന്ന പാറ്റകള്‍ പറന്നു വന്നെന്റെ
വിളക്കില്‍ തന്‍ ചിറകടിച്ചു ചാവുന്നൂ,
മനസ്സിന്‍ മൂലയില്‍ ചകിതചിന്തകള്‍
വഴി പിഴച്ചോടിക്കിതച്ചു വീഴുന്നൂ.

നനഞ്ഞുടഞ്ഞുപാഞ്ഞൊലിച്ച മണ്ണൈന്റെ
മണം മനസ്സിലേക്കിഴഞ്ഞു കേറുന്നൂ,
തണുപ്പു കൂടുന്നൂ, തണുത്തൊരോര്‍മ്മകള്‍
ഉറഞ്ഞു കൂടി ഞാന്‍ കരഞ്ഞു നീറുന്നൂ.

16 comments:

ജൈമിനി said...

അല്പം പഴയൊരു കവിത. മഴയിരമ്പുന്നൂ.

ശ്രീ said...

“പുരപ്പുറത്തിതാ മഴ ചിരിക്കുന്നൂ,
പതുക്കെയോര്‍മ്മയില്‍ കരഞ്ഞു മായുന്നൂ,
മനുഷ്യരെന്തിനീ മഴ നുണയാതെ
മുറികളില്‍ക്കടന്നടച്ചുറങ്ങുന്നൂ!
...
നനഞ്ഞുടഞ്ഞുപാഞ്ഞൊലിച്ച മണ്ണൈന്റെ
മണം മനസ്സിലേക്കിഴഞ്ഞു കേറുന്നൂ,
തണുപ്പു കൂടുന്നൂ, തണുത്തൊരോര്‍മ്മകള്‍
ഉറഞ്ഞു കൂടി ഞാന്‍ കരഞ്ഞു നീറുന്നൂ...”

വളരെ നല്ല വരികള്‍...
:)

CHANTHU said...

നല്ല ഈണോണ്ടല്ലൊ. നന്നായിട്ടോ.

ഒരു “ദേശാഭിമാനി” said...

Good poem................ :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“മനസ്സിന്‍ മൂലയില്‍ ചകിതചിന്തകള്‍
വഴി പിഴച്ചോടിക്കിതച്ചു വീഴുന്നൂ“

ഏറെ ഇഷ്ടമായി ഈ വരികള്‍

ഗിരീഷ്‌ എ എസ്‌ said...

ഈണത്തിലെഴുതുന്നത്‌ മനോഹരം

Sherlock said...

നല്ല രസോണ്ട്ട്ടോ വായിക്കാന്‍...മഴയെന്നും മനോഹരിയാണ്...(ബാഗ്ലൂരിലെ അല്ല :)

“കരളിലിത്തിരിക്കുളിരിറങ്ങിയെന്‍ പ്രണയചിന്തകള്‍ തരിച്ചുണരുന്നു“ വളരെ ശരിയാണ് :)

Gopan | ഗോപന്‍ said...

മിനീസ്,

വളരെ നല്ല വരികള്‍.. :-)

കൂടുതല്‍ ഇഷ്ടമായത് ..

വിരഹഗാനമായ് വിഷാദിയാം മഴ
വിതുമ്പി മായുന്നൂ, തളര്‍ന്നു തോരുന്നൂ.

പുരപ്പുറത്തിതാ മഴ ചിരിക്കുന്നൂ,
പതുക്കെയോര്‍മ്മയില്‍ കരഞ്ഞു മായുന്നൂ,

നനഞ്ഞുടഞ്ഞുപാഞ്ഞൊലിച്ച മണ്ണൈന്റെ
മണം മനസ്സിലേക്കിഴഞ്ഞു കേറുന്നൂ,

ദിലീപ് വിശ്വനാഥ് said...

നനഞ്ഞുടഞ്ഞുപാഞ്ഞൊലിച്ച മണ്ണൈന്റെ
മണം മനസ്സിലേക്കിഴഞ്ഞു കേറുന്നൂ,
തണുപ്പു കൂടുന്നൂ, തണുത്തൊരോര്‍മ്മകള്‍
ഉറഞ്ഞു കൂടി ഞാന്‍ കരഞ്ഞു നീറുന്നൂ.

വളരെ നല്ല വരികള്‍.

ജൈമിനി said...

ശ്രീ, ചന്തു, ദേശാഭിമാനി, പ്രിയ, ദ്രൌപതി, ജിഹേഷ്, ഗോപന്‍, വാല്‍മീകി - വായിച്ചതിനും അഭിപ്രായമറിയിച്ചതിനും എല്ലാവര്‍ക്കും നന്ദി! :)

M. Ashraf said...

മിനീസ്‌,
വരികള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്‌. വീട്ടില്‍ ചെന്ന്‌ കുട്ടികള്‍ക്ക്‌ ചൊല്ലി കേള്‍പിക്കണം. ഒരു മഴ ഇങ്ങനെ പ്രതീക്ഷിച്ചിരിക്കയാണ്‌ ഞങ്ങള്‍. നല്ല തണുപ്പുണ്ട്‌.
മരുഭൂമിയിലെ മഴ ഒരു തോന്നലായി കണ്ടു കണ്ടില്ലാന്നങ്ങനെ പോകും.
നല്ല വരികള്‍ക്ക്‌ നന്ദി.
അഷ്‌റഫ്‌ ജിദ്ദ

ഏ.ആര്‍. നജീം said...

മിനീസേ... നന്നായി..
മഴയെ ശരിക്കും മിസ്സ് ചെയ്യുന്നു... :( (എന്റെ കാര്യമാട്ടോ )

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മഴയുടെ സംഗീതം വരികളില്‍ തിളങ്ങുന്നു ..
നന്നായിരിക്കുന്നൂ.

ഗീത said...

മഴയ്ക്ക് പല ഭാവങ്ങളുണ്ട് അല്ലേ?

പ്രണയിക്ക് അതു കരളിലെ കുളിരായി അനുഭവപ്പെടും.......

വിരഹിയുടെ വിഷാദം ഇരട്ടിപ്പിക്കും....

കര്‍ഷകന് അതു പ്രകൃതിയുടെ അനുഗ്രഹവര്‍ഷം....

കുഞ്ഞുങ്ങള്‍ക്ക് കളിത്തോഴന്‍....

ഉദ്യോഗസ്ഥര്‍ക്ക് ഒരു ശല്യക്കാരന്‍......

സംഗീതപ്രേമിക്ക് ശ്രുതിലയതാളനിര്‍ഭരമായൊരു സംഗീതം.....

രാത്രിമഴയാണെനിക്ക് ഏറെ ഇഷ്ടം...

മിനീസ്, ഈ മഴക്കവിതയും ഇഷ്ടപ്പെട്ടു.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മഴയിരമ്പുന്നൂ, വരണ്ട മണ്ണിന്റെ
മനം തുളുമ്പുന്നൂ, വിവശനെന്നിലോ
കരളിലിത്തിരിക്കുളിരിറങ്ങിയെന്‍
പ്രണയചിന്തകള്‍ തരിച്ചുണരുന്നു.

ജ്യോനവന്‍ said...

ഈ കവിത ഇഷ്ടമായി
പുതിയ കവിതയും വായിച്ചു
അതും നന്നായി