Sunday, November 18, 2007

ശങ്കരന്‍കുട്ടിയുടെ സങ്കടങ്ങള്‍ - 2

"ജോസേ, പ്രദീപേ, വാ, എണീക്ക്"

സുന്ദരന്‍ ബെഞ്ചില്‍ നിന്നും ചാടിയെണീറ്റു. പുറകെ ശങ്കരന്‍കുട്ടിയും ജോസും പ്രദീപും എഴുന്നേറ്റു.

"എങ്ങോട്ടാടാ?"

ജോസിന്റെ ചോദ്യം കേട്ട് സുന്ദരന്‍ തിരിഞ്ഞു നിന്നു.

"ഒന്പതാം ക്ലാസ്സിലേക്ക്, വാ."
'ഒന്പതാം ക്ലാസ്സിലേക്കോ? എന്നു വച്ചാല്‍ സുനിലിനെയാണോ?"

ശങ്കരന്‍കുട്ടി സംശയത്തോടെ ചോദിച്ചു.

"വരുന്നുണ്ടോ?"

സുന്ദരന്റെ കണ്ണുകള്‍ ചുവന്നിരുന്നു. അവന്റെ വാശി ശങ്കരന്‍കുട്ടിയിലേക്കും പടര്‍ന്നു. നിരാശക്കും സങ്കടത്തിനും മീതെ പകയുടെ കനലുകള്‍ വീണു പുകഞ്ഞു.

"വാടാ..."

ശങ്കരന്‍കുട്ടി പ്രദീപിനെയും ജോസിനെയും നോക്കി അലറി. വാതില്‍ക്കല്‍ നിന്നിരുന്ന മറ്റു ചില കുട്ടികളെ വകഞ്ഞു മാറ്റി നാലു പേരും ഒന്പതാം ക്ലാസ്സിനെ ലക്ഷ്യമാക്കി നടന്നു. അവരെത്തന്നെ ശ്രദ്ധിച്ചിരുന്ന സുലേഖ, ശങ്കരന്‍കുട്ടിയെ തടയാനായി മുന്നോട്ടാഞ്ഞു. പക്ഷേ, പരിസരബോധം അവളെ പിടിച്ചു നിര്‍ത്തി. ഇടതും വലതും നോക്കി, പതിയെ പുറത്തിറങ്ങി, അവള്‍ ഒന്പതാം ക്ലാസ്സിനു നേരെ ഉറ്റു നോക്കി.

ശങ്കരന്‍കുട്ടിയും സുന്ദരനും ക്ലാസ്സിനകത്തേക്കു തള്ളിക്കയറി. ഇടവേളയായിരുന്നതു കാരണം അധികമാരും അകത്തുണ്ടായിരുന്നില്ല. അവസാന ബെഞ്ചിലിരുന്ന്, നോട്ടുപുസ്തകത്തിലെ കടലാസുകള്‍ കീറി വിമാനങ്ങളുണ്ടാക്കി പെണ്‍കൊടികള്‍ക്കിടയിലൂടെ പറത്തിക്കളിക്കുന്ന സുനിലും കൂട്ടുകാരും. ശങ്കരന്‍കുട്ടിയുടെ ചോര തിളച്ചു.

"ഡാ..."

അയാള്‍ അലറി. അതിനിടെ സുന്ദരന്‍ മുന്നോട്ടോടി, ബെഞ്ചില്‍ നിന്നും സുനിലിനെ വലിച്ചെഴുന്നേല്പിച്ചു.

"നീ ചീരത്തോട്ടം പറിച്ചു കളഞ്ഞു, അല്ലേടാ...?"

സുന്ദരന്‍ സുനിലിന്റെ കോളറിനു കുത്തിപ്പിടിച്ചു. മറ്റു മൂന്നു പേരും മുന്നിലേക്കു നടന്നടുത്തു.

രംഗം പന്തിയല്ലെന്നു സുനിലിനു മനസ്സിലായി. അവന്‍ കുതറിയോടി, പുറകിലെ ജനാലയിലൂടെ പുറത്തേക്കു ചാടി.

"പിടിക്കെടാ, വാ"

അവര്‍ നാലു പേരും പുറകെ ഓടി. സ്കൂളിന്റെ കിണറിനരികില്‍ വച്ച് ജോസിനു സുനിലിന്റെ കുപ്പായത്തില്‍ പിടി കിട്ടി.അടിതെറ്റിയ സുനില്‍ കിണറിന്റെ സിമന്റിട്ടു കെട്ടിയ വക്കിലേക്കു ചാഞ്ഞു.

സുന്ദരന്‍ സുനിലിന്റെ മുഖം കിണര്‍വക്കിനു ചേര്‍ത്തമര്‍ത്തി. അയാള്‍ കുതറാന്‍ ശ്രമിച്ചു. ജോസും പ്രദീപും ചേര്‍ന്ന് അയാളുടെ കൈകാലുകള്‍ ചേര്‍ത്തു പിടിച്ചു വച്ചു. സുനിലിന് അനങ്ങാന്‍ കഴിയുമായിരുന്നില്ല. ശങ്കരന്‍കുട്ടിയെ നോക്കി സുന്ദരന്‍ ആക്രോശിച്ചു.

"കുത്തെടാ...!!"

വന്യമായ ആവേശത്തോടെ ശങ്കരന്‍കുട്ടി നടന്നടുത്തു. സുനിലിന്റെ മുഖത്ത് ഭയവും ആശങ്കയും ഇടവിട്ടു മിന്നി.

"എടാ, കുത്തല്ലെടാ... കുത്തല്ലേ..."

അയാള്‍ നിലവിളിച്ചു. ശങ്കരന്‍കുട്ടി കേട്ടില്ല. പതിയെ കീശയില്‍ കയ്യിട്ട്, തന്റെ പേന പുറത്തേക്കെടുത്തു. അടപ്പ് ഊരിയെടുത്ത ശേഷം പേനയുടെ കൂര്‍ത്ത ഭാഗം പുറമേക്കു തള്ളി നില്‍ക്കും വിധം വലംകയ്യില്‍ മുറുക്കി പിടിച്ചു. ഇടത്തേ കൈ കൊണ്ട് ശങ്കരന്‍കുട്ടി സുനിലിന്റെ വായും മൂക്കും പൊത്തിപ്പിടിച്ചു. സുനിലിന്റെ കണ്ണുകള്‍ പുറത്തേക്കു തള്ളി. ശങ്കരന്‍കുട്ടിയുടെ വലംകൈ ഉയര്‍ന്നു താഴ്‍ന്നു. സുനിലിന്റെ കൈത്തണ്ടയിലും തുടയിലും അയാള്‍ ആഞ്ഞാഞ്ഞു കുത്തി.

"അമ്മേ..."

ഇടവേള കഴിഞ്ഞ് അകത്തു കയറാനുള്ള മണിയടിയുടെ ശബ്ദത്തില്‍ സുനിലിന്റെ നിലവിളി മുങ്ങിപ്പോയി. നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് ചൂണ്ടുവിരല്‍ കൊണ്ടു തൂത്തെറിഞ്ഞ ശേഷം ശങ്കരന്‍കുട്ടി പറഞ്ഞു.

"വിട്ടേക്കെടാ, പോകാം."

സുന്ദരന്‍ സുനിലിന്റെ മുഖത്ത് ഒരു തള്ളു വച്ചു കൊടുത്തു. അയാള്‍ ആ കിണര്‍ക്കരയില്‍ വീണു കിടന്നു. നാലു പേരും തിരിഞ്ഞു നടന്നു.

"കണ്ണിനിട്ടാ കുത്തേണ്ടിയിരുന്നത്."

സുന്ദരന്‍ അമര്‍ഷത്തോടെ പിറുപിറുത്തു. ക്ലാസ്സിനകത്തേക്കു കയറിയ നാലു പേരുടെയും മുഖത്ത് ആത്മസംതൃപ്തിയുടെ അലകള്‍ കണ്ട് സുലേഖക്ക് ആശ്വാസമായി. സംഗതി വ്യക്തമായി പിടി കിട്ടിയില്ലെങ്കിലും അവിടിവിടം കൂട്ടിച്ചേര്‍ത്തും, ചേരാത്തവ ഭാവനയില്‍ നെയ്തു ചേര്‍ത്തും അവള്‍ കഥകള്‍ ഊഹിച്ചെടുത്തു. ബാക്കി വന്ന സംശയങ്ങള്‍ സ്വകാര്യ നിമിഷങ്ങളില്‍ ശങ്കരന്‍കുട്ടിയോടു ചോദിച്ചു മനസ്സിലാക്കാമെന്ന ധാരണയോടെ സുലേഖ പുസ്തകത്തിലേക്കു മുഖം താഴ്‍ത്തി.

പുല്ലാറക്കുന്ന്. ശങ്കരന്‍കുട്ടിയുടെ അച്ഛന്‍ കേശവന് ആകെയുള്ള എഴുപത് സെന്റ് സ്ഥലം ഈ ചരിവിലാണ്. ഇടംവലം തൂര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികള്‍ക്കിടയിലൂടെ ചെറിയ ഒറ്റയടിപ്പാത. ഇടവിട്ടിടവിട്ട് തെങ്ങും നേന്ത്രവാഴയും തലപൊക്കി നില്‍ക്കുന്നു. നേര്‍ത്ത അരിപ്പൂ മണം ഏതു നേരത്തും അവിടെ തളം കെട്ടി നില്‍ക്കും. ആ മണ്ണില്‍ നടവഴിക്കു ചേര്‍ന്നുള്ള ഒരു സെന്റ് സ്ഥലം മകനും കൂട്ടുകാര്‍ക്കും കേശവന്‍നായര്‍ കൃഷിക്കായി നല്കിയത് ഒരു നിബന്ധനയുടെ പുറത്താണ്.

എന്നും വാഴ നനക്കണം.

പത്തിരുനൂറ്റന്പതു മീറ്റര്‍ അപ്പുറത്തുള്ള പൊട്ടക്കിണറ്റില്‍ നിന്നും വെള്ളം മുക്കിയെടുത്തു വരിക അത്ര എളുപ്പമല്ല. ചങ്കുറപ്പോടെ ശങ്കരന്‍കുട്ടിയും സുന്ദരനും അതേറ്റെടുത്തു. ധാര്‍മ്മിക പിന്തുണയുമായി പ്രദീപും ജോസും രംഗത്തു വന്നതോടെ കാര്യങ്ങള്‍ വഴിക്കു നീങ്ങി. അങ്ങനെ വളര്‍ത്തിയ ചീരത്തോട്ടവും കയ്പക്കാപ്പന്തലുമാണ്.

ഓര്‍ത്തപ്പോള്‍ ശങ്കരന്‍കുട്ടിയുടെ കണ്ണു നിറഞ്ഞു. നടവഴി കടന്ന്, അയാളും സുന്ദരനും തോട്ടത്തിലേക്കു കയറി. സുന്ദരന്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു കാര്യങ്ങളുടെ കിടപ്പ്. ഒരു ചീരത്തൈ പോലും ബാക്കിയില്ലെന്നു മാത്രമല്ല, കയ്പക്കാപ്പന്തലിന്റെ കാലൊരെണ്ണം ഒടിഞ്ഞും കിടക്കുന്നു.

"ഇതു നീയെന്നോടു പറഞ്ഞില്ലല്ലോ."

സുന്ദരന്‍ ശങ്കരന്‍കുട്ടിയോടു തട്ടിക്കയറി.

"അറിഞ്ഞിരുന്നേല്, അവന്റെ കാലിനിട്ട് ഒരു കുത്തും കൂടെ കൊടുത്തേനെ!"

അയാള്‍ തന്നോടു തന്നെ പറഞ്ഞു.

ശങ്കരന്‍കുട്ടി കുനിഞ്ഞിരുന്ന്, നിലത്തു വീണ്, വാടിക്കിടക്കുന്ന ചീരത്തൈകള്‍ എടുത്തു നോക്കി. തളര്‍ന്നു കിടക്കുന്ന ആ ഇലകളിലൂടെ അയാള്‍ വിരലോടിച്ചു.

"എടാ, ചിലതിന്റെ വേരറ്റിട്ടില്ല. ഒന്നൂടെ കുഴിച്ചിട്ടാലോ?"

സുന്ദരന്‍ ആകാംക്ഷയോടെ നോക്കി. അയാള്‍ക്ക് പ്രതീക്ഷയില്ലായിരുന്നു.

"പിടിക്കുമോടാ?"

"പിടിച്ചാലോ??"

ആ ചെറുപ്പക്കാര്‍ കര്‍ത്തവ്യനിരതരായി. ഉപ്പൂത്തിക്കോലും കരിങ്കല്ലും കൈവിരലുകളും ഉപയോഗിച്ച് അവര്‍ കുഴികള്‍ തീര്‍ത്തു. ചിറകറ്റ പൂന്പാറ്റകളെപ്പോലെ മരണം കാത്തിരിക്കുന്ന ആ ചീരച്ചെടികള്‍ അവര്‍ വീണ്ടും മണ്ണില്‍ വച്ചു. വ്യസനത്തോടെ, എങ്കിലും പ്രതീക്ഷകളോടെ.

"ഇന്നിനി വാഴ നനക്കാന്‍ വയ്യെടാ."

ശങ്കരന്‍കുട്ടി നിലത്തു കുത്തിയിരുന്നു.

"എനിക്കെന്തോ പോലെ..."

"എനിക്കും"

അരികിലേക്കു നീങ്ങിയിരുന്ന്, അയാളുടെ കയ്യില്‍ തന്റെ കൈകള്‍ ചേര്‍ത്തു പിടിച്ച്, സുന്ദരനും പറഞ്ഞു. മണിക്കൂറുകളോളം അവരങ്ങനെ ഇരുന്നു. ആ ചീരച്ചെടികളെ നോക്കി, നാളെ വാടിയോ കരിഞ്ഞോ പോയേക്കാമെന്നറിയാമെങ്കിലും, പ്രത്യാശയോടെ, അവരങ്ങനെ ഇരുന്നു.

(തുടരും...)

6 comments:

ജൈമിനി said...

ഇടത്തേ കൈ കൊണ്ട് ശങ്കരന്‍കുട്ടി സുനിലിന്റെ വായും മൂക്കും പൊത്തിപ്പിടിച്ചു. സുനിലിന്റെ കണ്ണുകള്‍ പുറത്തേക്കു തള്ളി. ശങ്കരന്‍കുട്ടിയുടെ വലംകൈ ഉയര്‍ന്നു താഴ്‍ന്നു. സുനിലിന്റെ കൈത്തണ്ടയിലും തുടയിലും അയാള്‍ ആഞ്ഞാഞ്ഞു കുത്തി.

ഫസല്‍ ബിനാലി.. said...

thudarkkathkkai kaathirikkunnu

Anoop Technologist (അനൂപ് തിരുവല്ല) said...

കൊള്ളാം. നല്ല കഥ. അടുത്ത ഭാഗത്തിനായിക്കാത്തിരിക്കുന്നു.

ദിലീപ് വിശ്വനാഥ് said...

എന്തോ ഒരു പ്രത്യേകത ഉള്ള നോവല്‍. ശരിക്കും ഇഷ്ടമാവുന്നുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

R. said...

രണ്ടു ഭാഗങ്ങളും ഇഷ്ടപ്പെട്ടു. അടുത്തതു പോരട്ടെ...

ജൈമിനി said...

എല്ലാവര്‍ക്കും വളരെയധികം നന്ദി. സമയം കിട്ടുന്പോള്‍ മാത്രം എഴുതി മുഴുമിക്കാമെന്നു കരുതിയിരുന്ന കഥ, ഞാനിപ്പോള്‍ സമയമുണ്ടാക്കി എഴുതാനുള്ള കാരണം നിങ്ങളോരോരുത്തരുടെയും പ്രോത്സാഹനങ്ങളാണ്. എഴുത്തിനു ജീവനുണ്ടെന്ന തിരിച്ചറിവുണ്ടാവുന്നത് വായിക്കപ്പെടുന്പോളാണ്. താങ്ക് യൂ!