Wednesday, November 21, 2007

ശങ്കരന്‍കുട്ടിയുടെ സങ്കടങ്ങള്‍ - 4

ചെണ്ടമേളത്തിന്റെ താളം ദ്രുതഗതിയിലായി. ശങ്കരന്‍കുട്ടിയും സുലേഖയും അല്പം മാറി നിന്ന് സംസാരം തുടര്‍ന്നു. മറ്റുള്ളവരെല്ലാം വെള്ളാട്ട് കാണുകയാണ്. മൂന്നും നാലും വാളുകളെടുത്തു വീശി പ്രകാശന്‍ സ്വയം മറന്നു വെളിച്ചപ്പെടുന്നു. കാവിനു മുന്പില്‍ കൂടിയിരുന്ന സ്ത്രീകളിലെങ്കിലും ആ രംഗം അല്പം പരിഭ്രാന്തി പരത്തി. പതിവായി ഉള്ളതു പോലെ ഏഴെട്ടു പേര്‍ ഇത്തവണയും വെള്ളാട്ട് തുള്ളുന്നുണ്ട്. അതു കഴിയുന്പോഴേക്കും കരിയോനും കര്യാത്തനും തിറ കളി തുടങ്ങും.

ഇരുട്ടു പരന്നു. കുട്ടന്‍ നന്പൂരി കൈവിളക്കേന്തി കാവിനു ചുറ്റും തിരി തെളിക്കാന്‍ തുടങ്ങി. മൂന്നുനാലു പേര്‍ സഹായത്തിനെത്തി. അതിനിടെ ഉത്സവപ്പറന്പില്‍ നാലുപാടും ഘടിപ്പിച്ചിരുന്ന വൈദ്യുതി വിളക്കുകള്‍ ഒന്നൊന്നായി കത്താന്‍ തുടങ്ങി. പെട്ടെന്നു പരന്ന വെളിച്ചം കണ്ട് ശങ്കരന്‍കുട്ടിയും സുലേഖയും ചെറുതായി ഒന്നു പരിഭ്രമിച്ചു.

കേളുവാക്കയും ഭാസ്കരനും ചായം പൂശി, കിരീടവും കോലും ധരിച്ച് കാവിനു മുന്പിലേക്കു വന്ന് ഭഗവതിയെ കൈ കൂപ്പി തൊഴുതു. ഇരുവരും ഒരു നിമിഷനേരത്തേക്ക് പ്രാര്‍ത്ഥനാനിരതരായി. ഒരു മിന്നല്‍പ്പിണര്‍ കാലില്‍ വന്നു കൊണ്ടതു പോലെ, പൊടുന്നനെ അവരുടെ പാദം മുതല്‍ വിറച്ചു തുടങ്ങി. ആ വിറയല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ചു. കരിയോനും കര്യാത്തനുമായി മാറിയ അവര്‍ തിരിഞ്ഞു നിന്ന് താളത്തില്‍ ചുവടുകള്‍ വച്ചു.

ചെണ്ടക്കാര്‍ മേളം മൂപ്പിച്ചു കൊണ്ടിരുന്നു. വാളെടുത്ത വെള്ളാട്ടുകള്‍ സ്വയം മറന്നു തുള്ളി. അതില്‍ മൂന്നോ നാലോ പേര്‍ അതിനിടെ തളര്‍ന്നു വീണു കഴിഞ്ഞിരുന്നു. പ്രകാശന്‍ പൂര്‍വാധികം ശക്തിയോടെ വാളുകള്‍ വായുവില്‍ വീശുകയാണ്. അയാളുടെ ബന്ധുക്കളായ രണ്ടു ചെറുപ്പക്കാര്‍ പുറകെത്തന്നെയുണ്ട്. അബദ്ധത്തിലെങ്ങാന്‍ അയാള്‍ വെട്ടുന്നതിനു മുന്പേ പിടിച്ചു വെക്കാനാണത്.

പൊടുന്നനെയാണത്. പിന്തുടര്‍ന്നു കൊണ്ടിരുന്നവരെ തള്ളി മാറ്റി പ്രകാശന്‍ കാവിനു മുന്പിലേക്കോടി. കയ്യിലിരുന്ന വാളുകളിലൊന്നു വഴിമദ്ധ്യേ നിലത്തു വീണു. ഭഗവതിക്കു മുന്പിലെത്തിയ അയാള്‍ കൈകള്‍ കൂപ്പിയ ശേഷം ഇരുവാളുകളും ചേര്‍ത്തു പിടിച്ച് തന്റെ നെറ്റിത്തടത്തില്‍ വെട്ടി! ചോര ചീറ്റിത്തെറിച്ചു.

"ഹെന്റള്ളോ...!!"

സുലേഖ വിറച്ചു. ശങ്കരന്‍കുട്ടിയോടു സംസാരിച്ചു കൊണ്ടിരിക്കേ ആ രംഗം കണ്ട അവള്‍ക്കു തല ചുറ്റുന്നതു പോലെ തോന്നി. തലയില്‍ കൈ വച്ചു കൊണ്ട്, മെല്ലെ അവള്‍ ശങ്കരന്‍കുട്ടിയുടെ നെഞ്ചിലേക്കു ചാഞ്ഞു. എവിടുന്നോ പകര്‍ന്നു കിട്ടിയ സുരക്ഷിതത്വത്തിന്റെ സുഖത്തില്‍ അവള്‍ കണ്ണുകള്‍ ഇറുക്കി ചിമ്മി. നിറനിലാവ് കാര്‍മേഘത്തിന്റെ മറ നീക്കി പുറത്തേക്കൊഴുകി.

സ്തംഭിച്ചു പോയ ശങ്കരന്‍കുട്ടി സുലേഖയെ തള്ളി മാറ്റി. സ്ഥലകാലബോധം തിരിച്ചു കിട്ടിയ അവള്‍ ചുറ്റുപാടും നോക്കി.

"നീ എന്താ ഇക്കാണിക്കുന്നത്?"

അല്പം പരിഭ്രമവും അദ്ഭുതവും കലര്‍ന്ന സ്വരത്തില്‍ അയാള്‍ ചോദിച്ചു.

സുലേഖ സ്തബ്ധയായി. നിന്ന നില്പില്‍ ആ കണ്ണുകള്‍ നിറഞ്ഞു തുളുന്പി. മുഖം താഴ്‍ത്തി, തട്ടത്തിന്റെ തുന്പില്‍ കണ്ണുകളൊപ്പി അവള്‍ പുറം തിരിഞ്ഞു നടന്നു.

ശങ്കരന്‍കുട്ടിക്കവളുടെ മുഖഭാവം പോലും മനസ്സിലായില്ല. ആ നടപ്പു നോക്കി അയാള്‍ അന്തം വിട്ടു നിന്നു. വിദ്യയെ പുറകില്‍ നിന്നും തന്റെ അടുത്തേക്കു വലിച്ചടുപ്പിച്ച് സുലേഖ എന്തോ സ്വകാര്യം പറഞ്ഞു. ആള്‍ക്കൂട്ടത്തില്‍ നിന്നും പിന്‍വലിഞ്ഞ്, പെട്ടിക്കടകളും മറ്റുമായി ചെറുകിട കച്ചവടക്കാര്‍ കെട്ടിയലങ്കരിച്ച വഴിയിലൂടെ അവര്‍ നടന്നു നീങ്ങി. ആമിനയും വിദ്യയും മാല, വള, പൊട്ട്, കണ്‍മഷി എന്നിത്യാദി സാധനങ്ങള്‍ തപ്പിയും തിരഞ്ഞും വില ചോദിച്ചും നടപ്പു തുടര്‍ന്നു. ഇടക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ട്, അവരോടൊപ്പം, എന്നാല്‍ അവരുടെ ഉത്സാഹങ്ങളില്‍ പങ്കു ചേരാതെ സുലേഖയും. ആ കണ്ണുകള്‍ആരുടെയോ സാന്നിദ്ധ്യം ആഗ്രഹിക്കുന്നതു പോലെ തോന്നിച്ചു.

ചെണ്ടമേളങ്ങള്‍ക്കിടയില്‍ കരിയോനും കര്യാത്തനുമായി, തിന്മക്കു മേല്‍ നന്മ വിജയകാഹളം മുഴക്കി.

ദിവസങ്ങള്‍ കടന്നു പോയി. ശങ്കരന്‍കുട്ടിയുടെയും സുന്ദരന്റെയും ചീരത്തോട്ടം വളര്‍ന്നു വലുതായി. കയ്പപ്പന്തലില്‍ കുഞ്ഞൂകായ്‍കള്‍ നിറഞ്ഞു. ആ പറന്പിലെ വാഴകളും തങ്ങളുടെ തോട്ടവും അവര്‍ ദിവസേന നനച്ചു കൊണ്ടിരുന്നു. വൈകുന്നേരങ്ങള്‍ അവര്‍ പ്രകൃതിക്കു സമര്‍പ്പിച്ചു. പാടത്തു ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന സമപ്രായക്കാര്‍ക്കിടയിലൂടെ കുടവും കൈക്കോട്ടുമായി അവര്‍ എന്നും നടന്നു. ചിലര്‍ ചിരിച്ചു. മറ്റു ചിലര്‍ അദ്ഭുതപ്പെട്ടു. ഇവരിരുവരും അതു ഗൌനിച്ചതേയില്ല.

ശങ്കരന്‍കുട്ടിയും സുലേഖയും ഇപ്പോള്‍ തമ്മില്‍ സംസാരിക്കാറുണ്ടെന്നേയുള്ളു, പെരുമാറ്റത്തില്‍ പഴയ അടുപ്പവും സ്വാതന്ത്ര്യവുമൊന്നും കാണുന്നില്ല. സുന്ദരന് ഈ സ്ഥിതിയില്‍ വലിയ വിഷമം തോന്നി. എങ്ങനെ നടന്നിരുന്നതാണ്. എന്തിനുമേതിനും മനസ്സു കൊണ്ട് കൂടെ നിന്നവളാണ് സുലേഖ. സ്നേഹമുള്ളവളാണ്. സാധുവാണ്.

"നിനക്കവളോട് ദേഷ്യമൊന്നുമില്ലല്ലോ?"

ഒരു ദിവസം വൈകിട്ട് വാഴത്തടത്തില്‍ വീണു നിറഞ്ഞ കരിയിലകള്‍ പെറുക്കി മാറ്റുന്നതിനിടെ സുന്ദരന്‍ ശങ്കരന്‍കുട്ടിയോടു ചോദിച്ചു. ശങ്കരന്‍കുട്ടി ഇല്ലെന്നു തലയാട്ടി.

"അതല്ലെങ്കില്‍ പിന്നെ, നിനക്ക്..."

ഒന്നു നിര്‍ത്തിയ ശേഷം സുന്ദരന്‍ തുടര്‍ന്നു ചോദിച്ചു.

"നിനക്കവളെ ഇഷ്ടമല്ലേടാ?"

ശങ്കരന്‍കുട്ടിയുടെ കണ്ണുകളില്‍ സംഭ്രമം നിറഞ്ഞു. എത്ര എളുപ്പത്തിലാണിവന്‍ ചോദിച്ചു കളഞ്ഞത്. ഇഷ്ടമല്ലേ എന്ന്! കുനിഞ്ഞ്, കുറച്ചിലകള്‍ കൂടി പെറുക്കി കളഞ്ഞ് ശേഷം വാഴത്തടത്തില്‍ നിന്നു പുറത്തേക്കു കടന്ന് അയാള്‍ നിലത്തു കുത്തിയിരുന്നു. സുന്ദരന്‍ അടുത്തേക്കു വന്നു.

"പറയ്, എന്നോടെങ്കിലും നീയത് പറയണം. അവളോടു പറയുന്നതു പിന്നെ ആലോചിക്കാം."

ശങ്കരന്‍കുട്ടിയുടെ മുഖം ചുവന്നു. ഒരു നിമിഷനേരത്തേക്കെങ്കിലും നെഞ്ചില്‍ അതിരുകളില്ലാത്ത ഏതോ ഒരു വികാരത്തിന്റെ ചൂടു പകര്‍ന്ന സുലേഖയുടെ നിശ്വാസവും കണ്ണീരു വീണു താഴേക്കു പടര്‍ന്നിറങ്ങിയ കണ്‍മഷിയും സ്വപ്നങ്ങള്‍ക്കു വളം വക്കാനെന്ന പോലെ, വീണ്ടൂം വീണ്ടൂം ചങ്കില്‍ തറഞ്ഞു കേറിയ നോട്ടങ്ങളൂമെല്ലാം തന്റെ ചിന്തകളെ പലപ്പോഴും അലോസരപ്പെടുത്തിയത് തനിക്കവളെ ഇഷ്ടമില്ലാഞ്ഞിട്ടാണോ? മൂന്നാമതൊരിക്കല്‍ ചിന്തിക്കാനുള്ള ശേഷി പോലുമില്ലാതെ ഇരു കൈകളും ചേര്‍ത്ത് തന്റെ കണ്ണുകള്‍ പൊത്തിപ്പിടിച്ച്, ഒരു നിമിഷം എവിടെയോ നഷ്ടപ്പെട്ടു പോയതു പോലെ അയാള്‍ ഇരുന്നു. വീണ്ടും മുഖം ഉയര്‍ത്തി സുന്ദരന്റെ കണ്ണുകളില്‍ നോക്കി അയാള്‍ എന്തോ പറയാന്‍ തുനിഞ്ഞു.

ശങ്കരന്‍കുട്ടിയുടെ ചുണ്ടുകള്‍ വിറച്ചു. വാക്കുകള്‍ തൊണ്ടക്കു പിടി കൊടുക്കാതെ ഒഴിഞ്ഞു മാറി. സുന്ദരന്‍ അയാളുടെ ചുമലില്‍ തട്ടിക്കൊണ്ടു പറഞ്ഞു.

"എനിക്കറിയാം, അറിയാമായിരുന്നു."

ശങ്കരന്‍കുട്ടി സുന്ദരന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചു. അവയില്‍ മുറുക്കിപ്പിടിച്ചു കൊണ്ടു സുന്ദരന്‍ തുടര്‍ന്നു.

"എങ്കില്‍... എങ്കില്‍ നമുക്കിതവളോടു പറയേണ്ടേ?"

ശങ്കരന്‍കുട്ടി നടുങ്ങി. സുന്ദരനിത്ര കടന്നു ചിന്തിക്കുമെന്നയാള്‍ കരുതിയില്ല. പരവേശത്തോടെ ശങ്കരന്‍കുട്ടി സുന്ദരനെ വിലക്കി.

"അതു വേണ്ട, പറയുകയൊന്നും വേണ്ട."

"പറയാതെ പിന്നെ?"

"ഇല്ലെടാ, പറഞ്ഞാലെങ്ങനെ ശരിയാവും? അവള്‍ വേറെ ജാതിയല്ലേ?"

"ജാതിയോ?"

സുന്ദരനു ചിരി വന്നു.

"എങ്കില്‍ പിന്നെ നീ നിനക്കൊരു ആണ്‍കുട്ടിയെ കണ്ടു പിടിക്കേണ്ടി വരും."

"ആണ്‍കുട്ടിയെയോ?"

ശങ്കരന്‍കുട്ടി അദ്ഭുതം കൂറി.

"അല്ലാതെ പിന്നെ? ലോകത്താകെ മനുഷ്യര്‍ക്കിടയില്‍ രണ്ടു ജാതിയല്ലേ ഉള്ളു, ആണും പെണ്ണും!!"

ശങ്കരന്‍കുട്ടി അവിശ്വസനീയതയോടെ സുന്ദരന്റെ മുഖത്തു നോക്കി. അയാളുടെ കണ്ണു നിറഞ്ഞു. ആ നിറകണ്ണുകളോടു കൂടി അയാള്‍ ചിരിച്ചു. സുന്ദരന്‍ ആ ചിരിയില്‍ പങ്കു ചേര്‍ന്നു. രണ്ടു പേരും തോട്ടത്തിലിരുന്നു പൊട്ടിച്ചിരിച്ചു. എന്തൊക്കെയോ ഭാരങ്ങള്‍ ഇറക്കി വച്ച് സ്വതന്ത്രരായതിന്റെ ആഹ്ലാദത്തോടെ അവര്‍ പരസ്പരം ആശ്ളേഷിച്ചു.

(തുടരും...)

3 comments:

ജൈമിനി said...

ശങ്കരന്‍കുട്ടി അവിശ്വസനീയതയോടെ സുന്ദരന്റെ മുഖത്തു നോക്കി. അയാളുടെ കണ്ണു നിറഞ്ഞു. ആ നിറകണ്ണുകളോടു കൂടി അയാള്‍ ചിരിച്ചു. സുന്ദരന്‍ ആ ചിരിയില്‍ പങ്കു ചേര്‍ന്നു. രണ്ടു പേരും തോട്ടത്തിലിരുന്നു പൊട്ടിച്ചിരിച്ചു.

R. said...

നെക്സ്റ്റ്... :-)

RR said...

അടുത്തത് വരട്ടെ...