ഉറക്കാത്ത കാല്‍വെപ്പുകളുമായി ഗോപിമാഷ് ക്ലാസ്സിലേക്കു കയറി വന്ന് കസേരയില്‍ ഇരുന്നു. കണ്ണട മൂക്കിന്‍ തുന്പത്ത് ഉറപ്പിച്ചു വച്ച്, നരച്ചു തുടങ്ങിയ മീശരോമങ്ങളില്‍ തൊട്ടുഴിഞ്ഞു കൊണ്ട് അദ്ദേഹം ഹാജര്‍ പട്ടിക തുറന്നു. ഗോപിമാഷുടെ കഷണ്ടി കയറിയ തലയിലേക്ക് പതിവു പോലെ അന്നും ശങ്കരന്‍കുട്ടിയുടെ ശ്രദ്ധ തിരിഞ്ഞു. ഒരു പ്രായം കഴിഞ്ഞാല്‍ ഗോപിമാഷെയോ, തന്റെ അച്ഛനെയോ പോലെ താനും ഒരു കഷണ്ടിക്കാരനായേക്കുമെന്ന് അയാള്‍ വിഷമിച്ചു. ഒരു മുടി പോലും തലയിലില്ലാത്ത നരച്ച് നീണ്ട താടിയുള്ള മൊല്ലാക്കയുടെ അത്രക്കും വരില്ലെന്ന് അയാള്‍ ആശ്വാസം കൊള്ളുകയും ചെയ്തു. കഷണ്ടി വേണ്ടെന്നു വച്ചെങ്കിലും ഗോപിമാഷുടെ കട്ടിയുള്ള, ഇട തൂര്‍ന്ന മീശ അയാളില്‍ അസൂയ ജനിപ്പിച്ചു. വെറുതെ തന്റെ മൂക്കിനു താഴെ ശങ്കരന്‍കുട്ടി തടവി നോക്കി.
"ആമിനാ..."
ഗോപിമാഷ് ഹാജര്‍ വിളിച്ചു തുടങ്ങി.
"ഹാജര്‍"
"അസ്‍ഹര്‍..."
"ഹാജര്‍"
വിളി നീണ്ടു പോയി. ശങ്കരന്‍കുട്ടി തന്റെ ഊഴത്തിനായി കാത്തിരുന്നു.
"ശങ്കരന്‍കുട്ടി..."
"ഹാജര്‍"
"സുലേഖ..."
ശങ്കരന്‍കുട്ടിയുടെ നെഞ്ചിലൂടെ ഒരു കൊച്ചിടിവാള്‍ പാഞ്ഞു പോയി. ഹാജര്‍ പട്ടികയില്‍ തനിക്കു ശേഷം സുലേഖയുടെ പേരാണുള്ളതെന്ന വസ്തുത അയാള്‍ക്കറിയാമായിരുന്നെങ്കിലും ആ വിളി അയാളില്‍ എന്തൊക്കെയോ ഒരു വികാരം ഇളക്കി വിട്ടു. കുറേക്കാലം മുന്പു വരെ ശങ്കരന്‍കുട്ടി അതു ശ്രദ്ധിച്ചിരുന്നില്ല. ശങ്കരന്‍കുട്ടി ശ്രദ്ധിച്ചിരുന്നില്ലെങ്കിലും സുലേഖ അതു പണ്ടു തൊട്ടേ ശ്രദ്ധിച്ചിരുന്നു. അടുത്തത് ഹാജര്‍ പറയേണ്ടത് അവളാണല്ലോ.
"ഹാജര്‍"
"സുലോചന..., സുന്ദരന്‍..., സുരേഷ്..."
'സു' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഒരുപാടു പേരുകള്‍ ക്ലാസ്സിലുണ്ടെന്നതിനെപ്പറ്റി ശങ്കരന്‍കുട്ടി അന്നാദ്യമായാണ് ചിന്തിക്കുന്നത്. ഇതുവരെ അയാള്‍ക്കത് ചിന്തിക്കേണ്ട വിഷയമായി തോന്നിയിരുന്നില്ല. പക്ഷേ, ഇന്നെന്തോ, അയാള്‍ അതിനെക്കുറിച്ചും ചിന്തിച്ചു.
ക്ലാസ്സില്‍ ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നിച്ചിരുന്നെങ്കിലും ശങ്കരന്‍കുട്ടിയുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഇടക്കിടെ തല ചെരിച്ച്, പുറകോട്ടു തിരിഞ്ഞ് അയാള്‍ സുലേഖയെ നോക്കി. ഓരോ നോട്ടത്തിനും വെളുത്ത പല്ലുകള്‍ പുറത്തു കാട്ടി സുലേഖ ചിരിച്ചു. മറ്റു പെണ്‍കുട്ടികള്‍ക്കൊന്നും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത സുലേഖക്കുണ്ടെന്ന് ശങ്കരന്‍കുട്ടിക്കു തോന്നി. ആമിനക്കോ, വിദ്യക്കോ, എട്ടാംക്ലാസ്സിലെ ചന്ദ്രികക്കോ പോലും ചിരിക്കുന്പോള്‍ ഇത്രക്കു ഭംഗിയുണ്ടാവില്ലെന്ന് അയാള്‍ ഓര്‍ത്തു.
ഇനിയും വെളിപെടാത്ത എന്തോ ഒന്ന് തങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്നുണ്ടെന്ന് സുലേഖക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. സുന്ദരനും പ്രദീപും ജോസും കൂടെയില്ലാത്ത ശങ്കരന്‍കുട്ടിയുടെ സാമീപ്യം അവള്‍ മോഹിച്ചു. അറ്റം ചുരുണ്ടു കിടക്കുന്ന തന്റെ മുടിയിഴകള്‍ തോളിന്റെ ഇടതു വശത്തൂടെ മാറിലേക്കു വിടര്‍ത്തിയിട്ട് അതിലൂടെ അവള്‍ വിരലുകളോടിച്ചു. ആ മുടിയിഴകള്‍ ശങ്കരന്‍കുട്ടിക്ക് ഇഷ്ടമായിരിക്കാം എന്ന് വെറുതെയെങ്കിലും അവള്‍ ഓര്‍ത്തു. ബാപ്പയെയും മൊല്ലാക്കയെയും നാസറിക്കായെയും കുറിച്ച് എവിടുന്നോ കേറി വന്ന വേവലാതി അവളുടെ ചിന്തകളെ ഇടക്കെങ്കിലും പുറകോട്ടു വലിച്ചു.
ഉമ്മയെ സുലേഖക്ക് പേടിയില്ലായിരുന്നു. ഉമ്മയോടൊരുപാട് ഇഷ്ടവുമാണവള്‍ക്ക്. എങ്കിലും ബാപ്പയെക്കുറിച്ചുള്ള ചിന്തകള്‍ അവളെ അലട്ടി. താനറിയാതെ തന്നെ ആരോ ഒരു കുഴിയിലേക്കു തള്ളിയിട്ടതു പോലെ, പകപ്പോടെ അവള്‍ പുസ്തകത്തിലേക്കു നോക്കി.
സംഗതികള്‍ ഇത്രടം വരെ എത്തിയിട്ടും സുലേഖയെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശങ്കരന്‍കുട്ടിക്കോ, അയാളോട് ഇഷ്ടങ്ങള്‍ തുറന്നു പറയാന്‍ സുലേഖക്കോ ചങ്കുറപ്പുണ്ടായിരുന്നില്ല. ഇരുവരും സ്വപ്നങ്ങളില്‍ മാത്രം പരസ്പരം സ്നേഹിച്ചു. ഇടവേളകളില്‍ ക്ലാസ്സിനു വെളിയില്‍ പോലും പോകാതെ, ഒരേ മുറിയില്‍ ഇരിക്കുന്നതിന്റെ സന്തോഷം അവര്‍ ആസ്വദിച്ചു.
വൈകുന്നേരത്തെ ഇടവേള. ശങ്കരന്‍കുട്ടിയും സുന്ദരനും മാത്രമേ രണ്ടാം ബെഞ്ചില്‍ ഇരിക്കുന്നുള്ളു. മടിച്ചു മടിച്ച് സുലേഖ അവര്‍ക്കടുത്തേക്കു വന്നു.
"ന്താ സുലേഖേ? ഇപ്പോള്‍ നമ്മളെയൊന്നും വേണ്ടാ, അല്ലേ?"
സുന്ദരന്‍ മുന വച്ചൊരു ചോദ്യമെറിഞ്ഞു. എന്തോ പറയാനൊരുങ്ങിയ സുലേഖ അതു കേട്ടതോടെ നാണിച്ചു തല താഴ്‍ത്തി.
"ഞാന്‍ പുവ്വാ..."
അവള്‍ തിരിഞ്ഞു നടന്നു തുടങ്ങി. വെള്ളിക്കൊലുസുകളുടെ ശബ്ദം ശങ്കരന്‍കുട്ടിയുടെ കാതുകളില്‍ വന്നു പതിച്ചു. എങ്കിലും അയാള്‍ സുലേഖയെ നോക്കിയില്ല, ഇനിയും.
"അവടെ നില്‍ക്ക്"
സുന്ദരന്‍ സുലേഖയെ തടഞ്ഞു.
"ഇനി ഞാന്‍ അറിയാന്പാടില്ലാത്ത വല്ലതും ഉണ്ടെങ്കില്‍ പറഞ്ഞോ"
സുന്ദരന്‍ എഴുന്നേറ്റു.
"എനിക്ക് വിദ്യയോട് കുറച്ച് സ്വകാര്യം പറയാനും ഉണ്ടായിരുന്നു."
"അതല്ല, നിക്ക് പറയാനുള്ളത് നെന്നോടും കൂട്യാ."
"എന്നോടോ? അതെന്തു കാര്യം?"
സുന്ദരന് അതിശയമായി. സുലേഖ ഡെസ്കിനടുത്തേക്ക് നീങ്ങി നിന്നു. കൈകള്‍ പതിയെ ഡെസ്കിന്‍മേല്‍ വച്ച് അവള്‍ ശങ്കരന്‍കുട്ടിയെ നോക്കി. അയാള്‍ ശ്വാസം പിടിച്ചിരിക്കുകയാണ്. സുലേഖ അടുത്തേക്കു വരുംതോറും അയാളുടെ നെഞ്ചിടിപ്പു കൂടിക്കൂടി വന്നു.
"നിയ്യ് കാര്യം പറയ് സുലേഖേ, വെറുതെ സസ്പെന്‍സ് ഉണ്ടാക്കല്ലേ."
സുന്ദരന്‍ പ്രോത്സാഹിപ്പിച്ചു. മടിച്ചു മടിച്ച് സുലേഖ കാര്യം പറഞ്ഞു.
"നിക്ക്....., നിക്കൊരാശ"
"എന്താശ?"
"അത്... അത് നിങ്ങടെ..."
"ഞങ്ങടെ?"
സുലേഖ ശങ്കരന്‍കുട്ടിയെ ഇടംകണ്ണിട്ടു നോക്കി. അയാള്‍ താഴേക്കു നോക്കി മുള്‍മുനയിലെന്ന പോലെ ഇരിക്കുകയാണ്. സുലേഖ കാര്യം വെട്ടിത്തുറന്നു പറഞ്ഞു.
"ഞാനും കൂടട്ടേ, നിങ്ങടെ തോട്ടം പണിക്ക്?"
ശങ്കരന്‍കുട്ടി ഞെട്ടിത്തിരിഞ്ഞ് അവളെ നോക്കി. അയാളുടെ മുഖത്ത് നിരാശ പടര്‍ന്നു. തളര്‍ന്ന മിഴികളോടെ, പറ്റിച്ചു കളഞ്ഞല്ലോ എന്ന ഭാവത്തില്‍ അയാള്‍ അവളെ അടിമുടി നോക്കി, ഒരു ദീര്‍ഘനിശ്വാസം വിട്ടു. ഒരു കണക്കിന് അവളങ്ങനെ ചോദിച്ചത് അയാളെ ആശ്വസിപ്പിച്ചിരുന്നു. മറ്റെന്തെങ്കിലുമാണ് അവള്‍ ചോദിച്ചിരുന്നതെങ്കില്‍ പറയാനായി ഒരുത്തരവും അയാള്‍ തയ്യാറാക്കി വച്ചിരുന്നില്ല.
"ചീരത്തോട്ടത്തിലെ പണിക്കോ?"
സുന്ദരന്‍ അവിശ്വസനീയതയോടെ അവളെ നോക്കി.
സുലേഖ പകച്ചു പോയി. ശങ്കരന്‍കുട്ടിയുടെ നോട്ടവും സുന്ദരന്റെ ചോദ്യവും അവളെ തെല്ലു ഭയപ്പെടുത്തി. ഉടനെ അവള്‍ പിന്‍വാങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു.
"ഇഷ്ടല്ലെങ്കില്‍ വേണ്ട... ഞാന്‍ പുവ്വാ."
"നില്‍ക്ക്, ഇഷ്ടക്കേടൊന്നുംല്ല"
സുന്ദരന്‍ തുടര്‍ന്നു.
"പക്ഷേ, നീ എന്തൊക്കെ പണി ചെയ്യും?"
"വെള്ളം കോരാം, നനക്കാം... ഇതൊക്കെ ഞാന്‍ വീട്ടിലും ചെയ്യ്ണതാ."
"പിന്നെ...?"
"പിന്നെ.... പിന്നെ എന്തും ചെയ്യാം."
ധൈര്യം സംഭരിച്ച് സുലേഖ പറഞ്ഞു.
"പിക്കാസെടുത്തു കൊത്തേണ്ടി വരും, പറ്റ്വോ?"
"കൊത്താം"
"പുഴു കേറിയാല്‍ നുള്ളിക്കളയണം, ഇല വീണാല്‍ പെറുക്കിക്കളയണം, കളയ്വോ?"
"ചെയ്യാം"
"ഇനി ആരെങ്കിലും പറിച്ചു കളയാനോ വെട്ടിക്കളയാനോ വന്നാല്‍ അവരെ തല്ലേണ്ടി വരും, തല്ല്വോ?"
അതു കേട്ടു ശങ്കരന്‍കുട്ടി ചിരിച്ചു. സുലേഖയും ചിരിച്ചു. സുന്ദരനൊന്നു പുഞ്ചിരിച്ച ശേഷം തുടര്‍ന്നു.
"പറയ്, തല്ല്വോ?"
"തല്ലാനൊന്നും ന്നെ കിട്ടൂല"
തട്ടം ചേര്‍ത്ത് മുഖം മറച്ചു കൊണ്ട് സുലേഖ ഓടിപ്പോയി.
ശങ്കരന്‍കുട്ടിയും സുന്ദരനും സന്തുഷ്ടരായി. പുതിയ സാന്നിദ്ധ്യം തോട്ടത്തിന് ഉണര്‍വും ജീവനുമേകട്ടെ എന്നവര്‍ ആശിച്ചു. പുല്ലാറക്കുന്നിലെ അല്പം മണ്ണില്‍ തങ്ങളുടെ പ്രയത്നം പൊന്നു വിളയിക്കുന്ന നാളുകള്‍ അവര്‍ മനസ്സില്‍ കണ്ടു.
(തുടരും...)
4 comments:
'സു' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഒരുപാടു പേരുകള്‍ ക്ലാസ്സിലുണ്ടെന്നതിനെപ്പറ്റി ശങ്കരന്‍കുട്ടി അന്നാദ്യമായാണ് ചിന്തിക്കുന്നത്. ഇതുവരെ അയാള്‍ക്കത് ചിന്തിക്കേണ്ട വിഷയമായി തോന്നിയിരുന്നില്ല. പക്ഷേ, ഇന്നെന്തോ, അയാള്‍ അതിനെക്കുറിച്ചും ചിന്തിച്ചു.
next please.... :)
thodaratte..:)
നന്നാവുന്നുണ്ട്, തുടരൂ.
Post a Comment