Saturday, November 17, 2007

നിനക്കു വേണ്ടി

കടക്കണ്ണിലെ നീല സമുദ്രമായി
പ്രണയം നിന്നില്‍ തുളുന്പിയപ്പോള്‍
എന്റെ ഹൃദയം കല്ലു വീണ കുളം പോലെ...

മഷി പുരണ്ട ഒരു ചീള്‍ കടലാസ്,
കണ്ണീരു പടര്‍ന്ന ഒരു വരി കവിത,
ഇടവഴിയില്‍ വീണു പോയ ഒരു കടാക്ഷം...
പ്രണയത്തിന്റെ സിംബലുകള്‍ (പാഴ്‍വസ്തുക്കള്‍).

ഉത്തരാധുനികതയില്‍ പാഴ്‍വസ്തുക്കള്‍ക്ക്
ജീവിതസായാഹ്നം.

പ്രണയം...
ഭോഗിപ്പിനു മുന്പുള്ള അശാന്തി,
ശേഷമുള്ള വിരസത,
കൊട്ടകകളിലെ 'പോപ്കോണി'ലും
സൈബര്‍ കഫേയിലെ കുടുസ്സു പെട്ടിയിലും
തിരഞ്ഞാല്‍ കിട്ടുമായിരിക്കും
അല്പം ശേഷിപ്പുകള്‍...

വയറു വീര്‍ത്തു,
വിങ്ങിപ്പൊട്ടിയും പൊട്ടാതെയും
വഴികളില്‍ നിറം കെട്ടു പോകുന്ന പ്രണയം.

ഈ നിസ്സംഗത എനിക്കും നിനക്കും
അലങ്കാരമത്രേ...

കരഞ്ഞു തീര്‍ന്ന നിന്റെ കണ്ണുകള്‍ക്കു പകരം വക്കാന്‍
ചോര വറ്റിയ എന്റെ കണ്ണുകള്‍ ചൂഴ്‍ന്ന്
ഞാനാദ്യമായി കരയട്ടെ...

2 comments:

ജൈമിനി said...

കരഞ്ഞു തീര്‍ന്ന നിന്റെ കണ്ണുകള്‍ക്കു പകരം വക്കാന്‍
ചോര വറ്റിയ എന്റെ കണ്ണുകള്‍ ചൂഴ്‍ന്ന്
ഞാനാദ്യമായി കരയട്ടെ...

asdfasdf asfdasdf said...

നന്നായി കവിത.
വാക്കുകളുടെ അര്‍ത്ഥം ഒന്നുകൂടി ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.