പിറന്ന നാള്‍ മുതല്‍ പകര്‍ന്നു തന്നിവര്‍
അറിവുകളെത്ര, പഠിച്ചുവേറെ ഞാന്‍,
പറഞ്ഞു 'നീ മകന്‍, ഇവള്‍ക്കു സോദരന്‍'
പറഞ്ഞതില്ലാരുമെനിക്കു ഞാനെവന്‍!
എഴുതെഴുതെന്നു പറഞ്ഞു തന്നിവര്‍,
എഴുതിയാല്‍പ്പോരെന്തെഴുതണമെന്നും,
നിറച്ചുവെന്നിളം മനസ്സിലുത്തരം,
അറച്ചു പോകു, ഞാനെതിര്‍ത്തു ചോദിക്കാന്‍.
വരച്ചു വച്ചൊരീ വ്യവസ്ഥകള്‍ക്കുള്ളി-
ലിരുത്തിയെന്നുടെ മനസ്സരിഞ്ഞിവര്‍,
പിടച്ചു, മെല്ലെ ഞാനിഴഞ്ഞു പോകുന്പോള്‍
പിടിച്ചിരുത്തി, 'നീയൊരുത്ത'നെന്നിവര്‍!
മടുത്തു, ഞാനെനിക്കൊരുത്തനാകുവാന്‍
മനസ്സു മൂക്കുന്നൊന്നൊളിച്ചു പോകുവാന്‍,
പഴുത്ത മാന്പഴം പഴുത്തതാണെന്നു
പറഞ്ഞറിയാതെ, മണത്തറിയുവാന്‍
കൊതിച്ചു പോകുന്നു, തടയൊല്ല, വഴി
പിഴക്കിലും, സ്വയം നടന്നു പോട്ടെ ഞാന്‍!
5 comments:
valareyadhikam ishtappettu
congrats
പകര്‍ന്നു തന്ന അറിവുകളിലൂടെ, സ്വയം കണ്ടെത്തുന്ന അറിവുകളിലൂടെ സഞ്ചരിക്കുമ്പോള്‍ എല്ലാം നല്ലതിന്...
നല്ല കവിത
സ്വയം നടന്നു ശീലിക്കുക
വരികള്‍ക്ക് നല്ല താളമൊക്കെ ഉണ്ട്
എല്ലാവര്‍ക്കും നന്ദി. പകര്‍ന്നു കിട്ടിയതില്‍ ഒതുങ്ങി നില്‍ക്കുന്നതിന്റെ പരിമിതിയും സ്വന്തം ചിന്തയിലൂടെയും തിരിച്ചറിവുകളിലൂടെയും അതിനെ മറി കടക്കാനുള്ള ശ്രമവും ഇതില്‍ കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു.
നല്ല ചിന്തകള്‍,സ്വതന്ത്രമായ ചിന്തകളും പ്രവൃത്തികളും ഉയര്‍ച്ചയിലേക്ക് നയിക്കട്ടെ അശംസകള്‍
Post a Comment