Monday, November 26, 2007

കിഡ്നിക്കഥ: ദ പോസ്റ്റ്മോര്‍ട്ടം ഓഫ് എ സര്‍ജറി

പച്ച വിരിപ്പിട്ട സ്‍ട്രെച്ചറില്‍ അയാള്‍ നീണ്ടു നിവര്‍ന്നു കിടന്നു. മുഖംമൂടിയണിഞ്ഞ നഴ്‍സുമാരില്‍ ഒരാള്‍ അയാളുടെ കവിളില്‍ തട്ടി ആശ്വസിപ്പിച്ചു.

"ഡോണ്ട് വറി"

അയാള്‍ ചിരിച്ചു. ഒരു അറ്റന്‍ഡര്‍ കടന്നു വന്ന് സ്‍ട്രെച്ചര്‍ പതുക്കെ തള്ളിക്കൊണ്ടു പോയി. ഓപ്പറേഷന്‍ തീയറ്ററിന്റെ വാതിലുകളടഞ്ഞു.

ഡോക്ടര്‍മാര്‍ അയാള്‍ക്കരികിലേക്കു വന്നു. കൈത്തണ്ടയിലെ ഞരന്പില്‍ കുത്തിക്കയറ്റിയ സൂചിയില്‍ നിന്നും ഒരു ട്യൂബ് പുറത്തേക്കു നീണ്ടു നില്‍ക്കുന്നു. ഒരാള്‍ ആ ട്യൂബ് കയ്യിലെടുത്ത് നൊടിയിടയില്‍ എന്തോ ഇഞ്ചക്ട് ചെയ്തു. അനസ്തീഷ്യയായിരിക്കാം, അയാള്‍ ഓര്‍ത്തു.

"ആര്‍ യൂ കംഫര്‍ട്ടബിള്‍?"

വയറിനു മീതെ വലിച്ചിട്ട തുണി നീക്കിക്കൊണ്ട് ഒരു ഡോക്ടര്‍ ചോദിച്ചു.

"ങും..."

ആ ഞരക്കം പൂര്‍ത്തിയാക്കാനയാള്‍ക്കായില്ല. മിഴികള്‍ തളര്‍ന്നടഞ്ഞു.

അല്പസമയം കഴിഞ്ഞ് അയാള്‍ മിഴികള്‍ പതിയെ തുറന്നു. ചുറ്റിലും ചോരയുടെ മണം. മുന്നിലാരെയും കാണുന്നില്ല. അയാള്‍ ഏന്തി വലിഞ്ഞ് തന്റെ വയറ്റിലേക്കു നോക്കി. ഇടതു ഭാഗം കീറി മുറിച്ചിട്ടിരിക്കുന്നു. വശങ്ങളില്‍ ചോര കട്ട പിടിച്ചു കിടപ്പുണ്ട്.

അയാള്‍ നോക്കിയിരിക്കേ ആ മുറിവില്‍ നിന്നും ഒരു വെളുത്ത രൂപം പതിയെ ഉയര്‍ന്നു വന്നു. മുറിവും കടന്ന് അതു പതുക്കെ ഇഴഞ്ഞു നീങ്ങി. അയാള്‍ അദ്ഭുതത്തോടെ അതിനെ നോക്കി. പൊക്കിളും മാറിടവും കടന്ന് ആ രൂപം അയാളുടെ കഴുത്തിനടുത്തേക്ക് ഇഴഞ്ഞെത്തി. അതിനെ കാണുവാനായി അയാള്‍ കഴുത്ത് അല്പം മുന്നോട്ടു വളച്ചു.

"ഞാനാണ്..., താങ്കളുടെ പുതിയ കിഡ്നി"

മധുരമായ ശബ്ദത്തില്‍ ആ രൂപം മൊഴിഞ്ഞു തുടങ്ങി. അയാള്‍ അതിനെ നോക്കി മന്ദഹസിച്ചു.

"വെല്‍ക്കം ടു മൈ ബോഡി"

"താങ്ക് യൂ, വേദന തോന്നുന്നുണ്ടോ?"

"ഇല്ല"

അയാള്‍ ചിരിച്ചു. കിഡ്നി ഒരു നിമിഷം മൌനിയായി താഴേക്കു നോക്കി. പിന്നെ മുഖമുയര്‍ത്തി അയാളോടു പറഞ്ഞു.

"പക്ഷേ, എനിക്കൊരു പാടു വേദന തോന്നുന്നുണ്ട്!"

"എന്തു പറ്റി?"

ആകാംക്ഷയോടെ അയാള്‍ തിരക്കി.

"വേദന കാര്‍ന്നു തിന്നുക എന്നൊക്കെ പറയാറുണ്ട്, അറിയില്ലേ?"

"കേട്ടിട്ടുണ്ട്, അനുഭവമില്ല"

"എന്റെ പഴയ ഉടമസ്ഥന്റെ ശരീരത്തില്‍ നിന്നും എന്നെയിവര്‍ പിഴുതു മാറ്റിയത്, എന്റെ അനുവാദമില്ലാതെയാണ്"

കിഡ്നിയുടെ സംസാരത്തില്‍ അയാള്‍ക്കു നീരസം തോന്നി. അതു വ്യക്തമാക്കിക്കൊണ്ടു തന്നെ അയാള്‍ ചോദിച്ചു.

"ചുമ്മാതെയല്ലല്ലോ, കാശെണ്ണിക്കൊടുത്തിട്ടല്ലേ?"

"എത്ര കൊടുത്തു, നിങ്ങള്‍?"

"രണ്ടു ലക്ഷം, ഡോക്ടറുടെ ഫീസ് വേറെയും"

മലര്‍ന്നു കിടന്ന്, മുകളിലേക്കു നോക്കിക്കൊണ്ട്, കിഡ്നിയുടെ സംസാരത്തില്‍ ഒട്ടും താല്പര്യമില്ലാത്ത വണ്ണം അയാള്‍ പ്രതികരിച്ചു.

"പക്ഷേ," കിഡ്നി പറഞ്ഞു,

"അദ്ദേഹത്തിനു കിട്ടിയത് ഇരുപതിനായിരം രൂപയാണ്. കെഞ്ചിക്കരഞ്ഞപ്പോള്‍ ഒരു അയ്യായിരം കൂടെ കൊടുക്കാമെന്ന് സമ്മതിച്ചെന്നു തോന്നുന്നു, ഇവര്‍."

"ഇവരെന്നു വച്ചാല്‍?"

"ഏജന്റുമാരും ഡോക്ടര്‍മാരും"

"അതെയോ?"

അയാള്‍ക്കദ്ഭുതമായി.

"ശ്ശെ, നേരിട്ടറിയാമായിരുന്നെങ്കില്‍ കുറേ ലാഭിക്കാമായിരുന്നു, അല്ലേ?"

"ങും...," കിഡ്നി മൂളി.

"നിങ്ങള്‍ക്കറിയാമോ, എന്നെ വില്‍ക്കാന്‍ അദ്ദേഹത്തിന് തീരെ താല്പര്യമില്ലായിരുന്നു."

"പിന്നെന്തേ വിറ്റത്?"

"വീടു പണയം വച്ചാണദ്ദേഹം മകളുടെ വിവാഹം നടത്തിയത്. കടം കയറി. നിത്യച്ചെലവ് മുട്ടിക്കാന്‍ പോലും കാലിനു സ്വാധീനമില്ലാത്ത ആ പാവം ഒരുപാടു വിഷമിച്ചിരുന്നു."

"പാവം"

അയാള്‍ ആത്മഗതം ചെയ്തു.

"നിങ്ങള്‍ മദ്യപാനിയാണോ?"

കിഡ്നിയുടെ ചോദ്യം അയാളെ അലോസരപ്പെടുത്തി. അമര്‍ഷത്തോടെ അയാള്‍ തിരിച്ചു ചോദിച്ചു,

"ആണെങ്കില്‍?"

അകത്തു കയറിയപ്പോഴേ എനിക്കു മനസ്സിലായി, ആ ദുര്‍ഗന്ധം..."

കിഡ്നി തുടര്‍ന്നു.

"അദ്ദേഹം മദ്യപിക്കില്ലായിരുന്നു... എനിക്കോ മറ്റു ശരീരഭാഗങ്ങള്‍ക്കോ വിഷമമുണ്ടാക്കുന്ന ഒരു ശീലമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു."

"കഞ്ചാവടിയായിരിക്കും"

മുഖം കോട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു.

"അല്ല... നേരത്തിനു ഭക്ഷണം കഴിക്കില്ല. ഗതിയില്ലാത്തതു കൊണ്ടായിരുന്നു, അല്ലെങ്കില്‍ അദ്ദേഹം ഞങ്ങളെ കഷ്ടപ്പെടുത്തില്ല."

"ഹ! ഹ! ഹ!"

അയാള്‍ പൊട്ടിച്ചിരിച്ചു.

"ഇപ്പോള്‍ മനസ്സിലായില്ലേ എന്റെ ഗുണം? നിനക്കെന്തസുഖം വന്നാലും എന്റെ പണമെറിഞ്ഞു ഞാന്‍ നിന്നെ ചികിത്സിക്കും, എന്റെ കയ്യില്‍ പണമുണ്ട്."

കിഡ്നി അയാളെ സഹതാപത്തോടെ നോക്കി.

"അദ്ദേഹത്തിന്റെ കയ്യില്‍ പണമുണ്ടായിരുന്നെങ്കില്‍... എങ്കില്‍ അദ്ദേഹം എന്നെ വില്‍ക്കുമായിരുന്നില്ല."

തിരിഞ്ഞ്, അയാളുടെ വയറിലെ മുറിവിലേക്കു നോക്കിക്കൊണ്ട് കിഡ്നി തുടര്‍ന്നു,

"ഒരു പക്ഷേ, ദാനം ചെയ്തേനേ..."

കിഡ്നിയുടെ സംസാരം അയാള്‍ക്ക് വല്ലാത്ത ശല്യമായി അനുഭവപ്പെട്ടു.

"ഒന്നു പോയിത്തരാമോ?"

ഈര്‍ഷ്യയോടെ അയാള്‍ ചോദിച്ചു. അയാളുടെ ഭാവമാറ്റം ശ്രദ്ധിക്കാതെ കിഡ്നി തുടര്‍ന്നു.

"ഏതു നിമിഷവും നിങ്ങളുടെ ശരീരത്തെ തിരസ്കരിക്കാനെനിക്ക് അവകാശമുണ്ട്, അറിയാമോ?"

അയാള്‍ അങ്കലാപ്പോടെ കിഡ്നിയെ നോക്കി.

"പക്ഷേ, ഞാനതു ചെയ്യില്ല. ഞാനെന്നല്ല, ഒരു കിഡ്നിയും, നിങ്ങളുടെ ശരീരം ഞങ്ങളെ തിരസ്കരിക്കും വരേക്കും."

കിഡ്നിയുടെ കുഞ്ഞു കണ്ണുകള്‍ നിറഞ്ഞു തുളുന്പി.

"അങ്ങനെ നിങ്ങള്‍ തിരസ്കരിക്കുന്പോള്‍ ഞങ്ങള്‍ മരണമടയും, ഒരുപാടു വേദനയോടെ..., ആര്‍ക്കും... പ്രയോജനപ്പെടാനാകാതെ..."

ആ രംഗം അയാള്‍ക്ക് വല്ലാതെ അരോചകമായി തോന്നി.

"ദയവു ചെയ്ത് അകത്തേക്കു പോകൂ കിഡ്നീ"

അയാള്‍ കൈകള്‍ കൂപ്പി അഭ്യര്‍ത്ഥിച്ചു.

"ഞാന്‍ പോകാം, ഒരപേക്ഷയുണ്ട്"

"ങും... എന്താ?"

"നിങ്ങള്‍ക്കു വേണ്ടി എന്നെ ഉപേക്ഷിച്ച അദ്ദേഹം ഒരു പാവമാണ്"

കിഡ്നി തുടര്‍ന്നു,

"സുഖമായി കഴിഞ്ഞാല്‍ നിങ്ങള്‍ അദ്ദേഹത്തെ പോയി കാണണം, ഒരു നന്ദി വാക്കു പറയണം, ജസ്റ്റ് എ വേഡ് ഓഫ് താങ്ക്സ്..."

"ങും... ഓകേ..."

അയാള്‍ തല തിരിച്ചു വച്ച് കണ്ണുകളടച്ചു. കിഡ്നി തിരിച്ചിഴഞ്ഞു നീങ്ങി വയറിനകത്തേക്കു കയറി.

"ആ....ഹ്...!!!"

പെട്ടെന്ന് വയറിലനുഭവപ്പെട്ട വേദനയില്‍ അയാള്‍ നിലവിളിച്ചു കൊണ്ട് കണ്ണു തുറന്നു. മുന്നില്‍ അമ്മ, ഒന്നല്ല, രണ്ടല്ല, മൂന്ന് അമ്മ...!!

അയാള്‍ക്ക് പരിഭ്രമമായി.

"അനസ്തീഷ്യയുടെ എഫക്ട് ഉണ്ടാവും, ഇറ്റ് മൈറ്റ് ടേക്ക് എ വൈല്‍ ഫോര്‍ ഹിം ടു ബീ നോര്‍മല്‍"

നഴ്‍സിന്റെ ശബ്ദം അയാളുടെ കാതില്‍ പതിച്ചു. ആശ്വാസത്തോടെ അയാള്‍ നെടുവീര്‍പ്പിട്ടു. ഗ്ലൂക്കോസ് ട്യൂബുമായി ബന്ധിപ്പിച്ച അയാളുടെ കൈകളില്‍ പതിയെ തലോടിക്കൊണ്ട് അമ്മ അയാളോടു ചോദിച്ചു.

"മോനറിഞ്ഞില്ലല്ലോ?"

ഒന്നു നിര്‍ത്തി അവര്‍ തുടര്‍ന്നു.

"മോനു കിഡ്നി തന്ന ആളില്ലേ, അയാളിന്നലെ മരിച്ചു."

അവിശ്വസനീയതയോടെ അയാള്‍ അമ്മയുടെ മുഖത്തേക്കു നോക്കി.

"ഓവര്‍ ബ്ലീഡിംഗായിരുന്നു. മോനും ബ്ലീഡിംഗായതു കാരണം ഡോക്ടര്‍മാരെല്ലാം ഇവിടായിരുന്നു."

അമ്മ തുടര്‍ന്നു,

"അയാള്‍ക്ക് കൊടുക്കാനായി അച്ഛന്‍ രണ്ടു ലക്ഷം രൂപയുടെ ചെക്ക് ഡോക്ടറെ ഏല്പിച്ചിട്ടുണ്ട്."

"ചെക്ക്.... ക്രോസ്സ് ചെയ്തിരുന്നോ അമ്മേ...? അല്ലെങ്കില്‍ അവര്‍.... ഇനിയും പറ്റിച്ചാലോ...?"

അയാള്‍ ചോദ്യഭാവത്തില്‍ അമ്മയുടെ മുഖത്തേക്കു നോക്കി. അനസ്തീഷ്യ കാരണം മകന്‍ പിച്ചും പേയും പറയുകയാണെന്ന ധാരണയില്‍ അമ്മ അയാളുടെ നിറുകയില്‍ തലോടി. അയാള്‍ തലയിണയില്‍ മുഖമമര്‍ത്തി. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വിറക്കുന്ന ചുണ്ടുകളോടെ, പണിപ്പെട്ട് അയാളാ വാക്കുകള്‍ പറഞ്ഞൊപ്പിച്ചു.

"ന....ന്ദി..., ജസ്റ്റ് എ വേഡ്.... ഓഫ്... താങ്ക്സ്..."

11 comments:

ജൈമിനി said...

കിഡ്നിക്കഥ: ദ പോസ്റ്റ്മോര്‍ട്ടം ഓഫ് എ സര്‍ജറി

ശ്രീ said...

നന്നായിരിക്കുന്നു... ടച്ചിങ്ങ്!

:)

ശ്രീഹരി::Sreehari said...

ഇരുപതിനായിരം പോലും കിട്ടാത്തവര്‍ ഉണ്ട് മിനീ. ദാതാവിന്റെ സമ്മതം വാങ്ങാതെ തന്നെ കിഡ്നി എടുക്കുന്ന ചില ആശുപത്രികളെക്കുറിച്ച് മിനിക്കും അറിയാമായിരുക്കമല്ലോ. ശരിക്കും വല്ലാത്ത മനുഷ്യന്മാര്‍ തന്നെ..

നന്നായിട്ടെഴുതിയിരിക്കുന്നു

ഉപാസന || Upasana said...

:)
ഉപാസന

Sherlock said...

മിനീസ്, കഥ നന്നായീട്ടോ..:)

ദിലീപ് വിശ്വനാഥ് said...

നല്ല കഥ മിനീസ്. യാഥാര്‍ത്ഥ്യത്തിന്റെ ക്രൂരമുഖം വരച്ചുകാട്ടിയിരിക്കുന്നു.

സുല്‍ |Sul said...

മിനീസ്
കഥ നന്നായി
നല്ല ആശയം അതു നന്നായി പറഞ്ഞിരിക്കുന്നു.
അഭിനന്ദനങ്ങള്‍!!!

-സുല്‍

Unknown said...

വേദന ചവച്ചു തിന്നുന്ന സഹസ്രനങ്ങളൂടെ ഒരു പ്രതിധ്വനി.....

മൂര്‍ത്തി said...

നന്നായിട്ടുണ്ട്..തലക്കെട്ട് കുറച്ച് കൂടി നല്ലതാക്കാമായിരുന്നു എന്നൊരു തോന്നല്‍.

ജൈമിനി said...

Thank you all!! :-)

ആവനാഴി said...

ഇതിനെ ഞാന്‍ മനോഹരമായ കഥ എന്നു വിളിക്കുന്നു. കഥയുടെ മര്‍മ്മം കണ്ടറിഞ്ഞു അവതരിപ്പിക്കുന്നതില്‍ കഥാകൃത്ത് വിജയിച്ചിരിക്കുന്നു.

അഭിവാദനങ്ങള്‍!