Wednesday, November 28, 2007

ചവറ്: സംഭാഷണം

ആമുഖമോ, അടിക്കുറിപ്പോ ഇല്ലാതെ ഒരു സംഭാഷണം ചുവടെ കൊടുക്കുന്നു. ഒന്നും മനസ്സിലായില്ലെങ്കില്‍ എന്നെ കല്ലെറിയരുതേ...!!!

(ടിവിയില്‍ വാര്‍ത്താദൃശ്യങ്ങള്‍ മാറി മാറി വരുന്നു......)

ഒന്നാമന്‍: കര്‍ണ്ണാടക രാഷ്ട്രീയം ആകെ നാറി, അല്ലേ?

രണ്ടാമന്‍: പറയാനുണ്ടോ, അല്ല, രഞ്ജിട്രോഫിയില്‍ എന്താ കര്‍ണ്ണാടകയുടെ സ്ഥിതി? അവിടെയും മോശമാണോ?

മൂന്നാമന്‍: രഞ്ജിയുടെ സ്ഥിതി അറിയില്ല, പക്ഷേ, ഇന്ത്യ പാക്കിസ്ഥാനെതിരെ തകര്‍ത്തു കളിക്കുന്നുണ്ട്.

നാലാമന്‍: (മൂന്നു പേരെയും മാറി മാറി നോക്കുന്നു.)

ഒന്നാമന്‍: ക്രിക്കറ്റിനെപ്പറ്റി ഒരു പടമിറങ്ങിയിരുന്നല്ലോ, പണ്ട്, ഏതാ, ലഗാനല്ലേ?

രണ്ടാമന്‍: ങും... നല്ല പടമായിരുന്നു. ഈയിടെ ഹോക്കിയെപ്പറ്റിയും ഒന്ന് ഇറങ്ങിയിരുന്നു.

മൂന്നാമന്‍: ഉവ്വുവ്വ്, ചക് ദേ... ഇനി ഫുട്ബാളിനെ കുറിച്ചും നല്ലൊരു കമേഴ്‍സ്യല്‍ പടം വരണം. പണ്ടേതോ പെണ്ണുംപിള്ള ഇംഗ്ലീഷില്‍ ഒരു ആര്‍ട്ട് പടം പിടിച്ചതേ ഉള്ളു.

നാലാമന്‍: (താടിക്ക് കൈ കൊടുത്തിരിക്കുന്നു.)

ഒന്നാമന്‍: അടുത്ത കൊല്ലമല്ലേ ഫുട്ബാള്‍ ലോകകപ്പ്?

രണ്ടാമന്‍: അതെയതെ. കഴിഞ്ഞതിലാണോ സിദാന്‍ ഒരുത്തന്റെ നെഞ്ചത്തിടിച്ചത്? അതോ അതിനു മുന്പിലത്തേതിലോ?

മൂന്നാമന്‍: സിദാന്‍... ങും... ആ ഫ്രാന്‍സിന്റെ കളിക്കാരന്‍, അല്ലേ?

നാലാമന്‍: (കൈകള്‍ മേശമേല്‍ വച്ച് താഴേക്കു നോക്കിയിരിക്കുന്നു)

ഒന്നാമന്‍: ഫ്രാന്‍സ് യൂറോപ്പിന്റെ ഭാഗമാണല്ലോ.

രണ്ടാമന്‍: ശരിയാ, യൂറോപ്പിലെവിടെ ജീവിക്കാനും ഫ്രഞ്ച് അറിഞ്ഞാല്‍ മതി. എല്ലാരും ഫ്രഞ്ച് സംസാരിക്കും.

മൂന്നാമന്‍: ഫ്രഞ്ച് പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തെ പറ്റി ഈയിടെ ഒരു തെലുങ്കു പത്രത്തില്‍ വന്നിരുന്നു.

നാലാമന്‍: (തലയില്‍ കൈ വക്കുന്നു)

ഒന്നാമന്‍: ഫ്രഞ്ച് ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട്, അല്ലേ? കന്നഡ പത്രത്തിലുമുണ്ടായിരുന്നു.

രണ്ടാമന്‍: കന്നഡ പത്രം മുഴുവന്‍ ഇപ്പോള്‍ ഇവിടുത്തെ പൊളിറ്റിക്സിനെ പറ്റിയല്ലേ?

മൂന്നാമന്‍: അതെയതെ, കര്‍ണ്ണാടക രാഷ്ട്രീയം ആകെ നാറി അല്ലേ? (നാലാമനെ നോക്കിക്കൊണ്ട്) നാലാമനെന്താ മിണ്ടാതിരിക്കുന്നത്?

നാലാമന്‍: (നാലാമന്‍ എഴുന്നേറ്റു നിന്ന് മേശമേല്‍ വിരല്‍ കൊണ്ട് ഒരു വൃത്തം വരക്കുന്നു. പതിയെ തിരിഞ്ഞു നടന്നു പോകുന്നു. മറ്റുള്ളവര്‍ സംഭാഷണം തുടരുന്നു.)

ഒന്നാമന്‍: കേരളത്തിന്റെ കാര്യം വട്ടപ്പൂജ്യമാണെന്നായിരിക്കും അയാള്‍ ഉദ്ദേശിച്ചത്.

രണ്ടാമന്‍: കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണമല്ലേ? പിന്നെങ്ങനെയാ?

മൂന്നാമന്‍: ക്യൂബയിലിപ്പോ......

(മൂവരും സംഭാഷണം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.)

--------------------------------

അര്‍ത്ഥരാഹിത്യത്തിന്റെ സന്പുഷ്ടി... ചിലര്‍ക്കെങ്കിലും സന്തുഷ്ടി... നമുക്കു നമ്മുടെ അന്നന്നത്തെ അഷ്ടി...!!!

13 comments:

ജൈമിനി said...

ഈ രണ്ടു കാതു കൊണ്ടും ഞമ്മള് കണ്ടതാ, രണ്ടു കണ്ണു കൊണ്ടും ഞമ്മള് കേട്ടതാ...!!!

Unknown said...

വര്‍ത്തമാനകാല ജീവിതത്തിന്റെ ഒരു നേര്‍കാഴ്ച...

കൊച്ചുത്രേസ്യ said...

ഇതു കൊള്ളാം..ഇതു പോലുള്ള സംഭാഷണങ്ങള്‍ ധാരാളം കാണാറുമുണ്ട്‌ കേള്‍ക്കാറുമുണ്ട്‌ അതില്‌ സജീവമായിപങ്കെടുക്കാറുമുണ്ട്‌ :-)

Mr. K# said...

:-)

ശ്രീ said...

ഒരു റിയലായ വീക്ഷണം.

ഒരു കൂട്ടം സുഹൃത്തുക്കലുടെ സംഭാഷാണം തൊട്ടടുത്തിരുന്ന് കേള്‍ക്കുന്ന പോലെ തോന്നി.

കൊള്ളാം.

:)

ദിലീപ് വിശ്വനാഥ് said...

ഇതില്‍ അത്ഭുതമില്ല. ഇങ്ങനെ സംഭവിക്കുന്നതു കൂട്ടത്തില്‍ ഇരുന്നു കേട്ടിട്ടുണ്ട്.
നന്നയി സംഭാഷണങ്ങള്‍ മിനീസേ.

ശ്രീലാല്‍ said...

പൊട്ടിച്ചിരിച്ചു പോയി നാലാമനെ വിചാരിച്ച്.. :)

രസായി എഴുത്ത്.

Sherlock said...

കൊള്ളാം വളരെ റിയലിസ്റ്റിക്കായ സംഭാഷണം.....തുടങ്ങിയ വിഷയവും അവസാനിച്ച വിഷയവും തമ്മില് യാതൊരു ബന്ധവുമില്ല.....ജയരാജ് വാര്യരുടെ കാരിക്കേച്ചര് പോലെ...

ശ്രീഹരി::Sreehari said...

ഇത് രസായി... പലപ്പോഴും പലയിടത്തും കണ്ടിട്ടുള്ള ദൃശ്യം

പൈങ്ങോടന്‍ said...

നേരം പോക്കിനായി ഞങ്ങള്‍ സുഹൃത്തുക്കള്‍ തമ്മില്‍ പലപ്പോഴും ഇത്തരത്തിലുള്ള സംഭാഷണങ്ങള്‍ ഉണ്ടാകാറുണ്ട്...ഈ സംഭാഷണം കേട്ടുനില്‍ക്കുന്ന ഈ ഗ്രൂപ്പില്‍പ്പെടാത്ത ആളുടെ കാര്യം കട്ടപൊഹ...ഞങ്ങളുടെ ഉദ്ദേശ്യവും അതു തന്നെയായിരിക്കും. ഹ ഹ ഹ

അലി said...

നന്നായി
ആഭിനന്ദനങ്ങള്‍...

ജൈമിനി said...

എല്ലാവര്‍ക്കും നന്ദി. ഇങ്ങനൊക്കെ വിളിച്ച് പറഞ്ഞാലും സ്വകാര്യമായിട്ട് ഈ വക സംഭാഷണങ്ങളിലൊക്കെ ഞാനും പങ്കെടുക്കാറുണ്ട് ട്ടോ! ;-)

ഏ.ആര്‍. നജീം said...

രാവിലത്തെ ഇളം തണുപ്പിനെ ചൂടുപിടിപ്പിക്കാന്‍ ഗ്രാമങ്ങളിനെ ചായക്കടകളിനെ ഇളകുന്ന ബഞ്ചിലിരുന്നു ചിലര്‍ ഇങ്ങനെ ലോക കാര്യങ്ങള്‍ പറയുന്ന ചിത്രമൊക്കെ ഇപ്പോ കാണാറേയില്ലല്ലോ അതോര്‍മ്മപെടുത്തി