Friday, November 23, 2007

ദ്രൌപതിയുടെ വസ്ത്രം: മിനിക്കഥ

കൌരവസദസ്സ്. ദുശ്ശാസനന്‍ മീശ തടവി. ദുര്യോധനന്‍ പ്രോത്സാഹിപ്പിച്ചു.

"ചെല്ലനിയാ ചെല്ല്"

ദുശ്ശാസനന്‍ ദ്രൌപതിക്കരികിലേക്ക് നടന്നടുത്തു. കൌരവര്‍ കരഘോഷം മുഴക്കി. പാണ്ഡവര്‍ നിന്നു ജ്വലിച്ചു.

"ഇങ്ങോട്ടു മാറി നില്‍ക്ക്"

ദുശ്ശാസനന്‍ ദ്രൌപതിയോട് ആജ്ഞാപിച്ചു. പണയപ്പെട്ടു പോയില്ലേ! ദ്രൌപതി അനുസരിച്ചു. കള്ളക്കൃഷ്ണന്‍ എല്ലാം കണ്ടു കൊണ്ട് കാണാമറയത്തു നിന്ന് പുഞ്ചിരി തൂകി.

ദുശ്ശാസനന്‍ ദ്രൌപതിയുടെ സാരിത്തുന്പില്‍ കടന്നു പിടിച്ചു. ദ്രൌപതി കൈ കൂപ്പി പ്രാര്‍ത്ഥിച്ചു. ഭീമന്‍ കോപം കൊണ്ടു വിറച്ച്, തുടക്കടിച്ചൊരു വെല്ലുവിളി നടത്തി.

ദുശ്ശാസനന്‍ സാരി വലിച്ചഴിക്കാന്‍ തുടങ്ങി. കള്ളക്കൃഷ്ണന്‍ കണ്ണിറുക്കി കാണിച്ചു. സംഗതി നീണ്ടു പോയി. ദുശ്ശാസനന്‍ തളര്‍ന്നില്ല. ഇരുപത്തഞ്ചു മിനിറ്റ് കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രയത്നത്തിനൊടുവില്‍ ദുശ്ശാസനന്‍ സാരിയുടെ മറ്റേ അറ്റം കണ്ടെത്തി.

"കിട്ടി ചേട്ടാ, കിട്ടി"

ദുശ്ശാസനന്‍ ആഹ്ലാദത്തോടെ ദുര്യോധനനെ നോക്കി പറഞ്ഞു. കൃഷ്ണന് ആശങ്കയായി. അദ്ദേഹത്തിന്റെ പുഞ്ചിരി മാഞ്ഞു തുടങ്ങി. കൃഷ്ണന്‍ കണ്ണുകളടച്ചു.

"എന്നോടോ കളി"

അലറി വിളിച്ചു കൊണ്ട് ദുശ്ശാസനന്‍ ദ്രൌപതിയുടെ സാരിയുടെ മറ്റേ അറ്റം പറിഞ്ഞു പോരുമാറ് ആഞ്ഞു വലിക്കാന്‍ കൈകള്‍ ഉയര്‍ത്തി. പെട്ടെന്ന്....

സ്‍ക്രീന്‍ സ്റ്റില്‍ ആയി. ടൈറ്റിലുകള്‍ പ്രത്യക്ഷപ്പെട്ടു.

ബാക്ക് ഗ്രൌണ്ടില്‍ അനൌണ്‍സ്‍മെന്റ്:

"വസ്ത്രാക്ഷേപം പരന്പരയുടെ ബാക്കി ഭാഗം നാളെ രാത്രി എട്ടു മണിക്ക്.

ദ്രൌപതിയുടെ വസ്ത്രങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത്, പാഞ്ചാലി സില്‍ക്സ്, ചെന്നൈ!!!"

ടാങ്....ട....ടാങ്.....!!!

11 comments:

ജൈമിനി said...

ആധുനിക വാണിജ്യ സംസ്കാരത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണ് ട്ടോ. കണ്ടതില്‍ നിന്നു കടം കൊണ്ട് കണ്ടേക്കാവുന്നത് ഉണ്ടാക്കി.

യാരിദ്‌|~|Yarid said...

കൊള്ളാമല്ലൊ ഇഷ്ടാ. നന്നായിരിക്കുന്നു. ഭാവുകങ്ങള്‍...

Unknown said...

എനിക്കു വയ്യ...
എന്നെ അങ്ങു കൊല്ല്‌....

ഒരു കിടിലോല്‍ കിടിലന്‍ പോസ്റ്റല്ലയോ ഇതു...

പലതും പ്രതീക്ഷിച്ചവര്ക്കു എന്റെ വക ഒരു ":-)"

ശ്രീ said...

കൊള്ളാം.

:)

പ്രയാസി said...

ടാങ്....ട....ടാങ്.....!!!..:)

ദിലീപ് വിശ്വനാഥ് said...

ടാങ്....ട....ടാങ്....

Mr. K# said...

:-)

പൈങ്ങോടന്‍ said...

എന്നാലും വസ്ത്രങ്ങള്‍ പാഞ്ചാലിയെക്കൊണ്ട് ദ്രൌപദിക്ക് സ്‌പോണ്‍സര്‍ ചെയ്യിക്കണ്ടായിരുന്നു :)

ഏ.ആര്‍. നജീം said...

ശൊ, എന്താരവുമോ എന്തോ നാളെ ഈ നേരം വരെ കാത്തിരിക്കണമല്ലോ.. പണ്ടാരം ആ നേരത്ത് കരണ്ട് പോകാതിരുന്നാ മതിയായിരുന്നു. പുള്ളിക്കാരനും ജോലി കഴിഞ്ഞു വരാന്‍ താമസിക്കണേ.. അദ്ദേഹം വന്നാപിന്നെ ഒറ്റപോക്കാ നേരേ സ്റ്റാര്‍ ന്യൂസിലേക്കോ ആജ് തക്കിലേക്കോ...

മുരളീധരന്‍ വി പി said...

വസ്ത്രാക്ഷേപങ്ങള്‍ക്കും അവിഹിതങ്ങള്‍ക്കും കൊഴുപ്പേകാന്‍ വസ്ത്രാലയങ്ങള്‍ 'Q' നില്‍ക്കുന്നു.

എന്തും ബിസിനസാവുമ്പോള്‍ ഇതൊന്നും കാഴ്ചയല്ലാതാവുന്നു.

ജൈമിനി said...

Thank you all!! :-)