Thursday, November 29, 2007

ബ്ലോഗേഷ് എന്ന കഴുത

പണ്ടു പണ്ട് ബൂലോക്‍പുര്‍ കാട്ടിലേക്ക് അന്യകാട്ടില്‍ നിന്നും ഒരു പറ്റം കഴുതകള്‍ ഒന്നിച്ചു കുടിയേറി. വന്യമൃഗങ്ങളാരും ശല്യപ്പെടുത്താനില്ലാത്ത ആ കാട്ടില്‍ കഴുതകളെല്ലാം തന്നെ സുഖമായി ജീവിച്ചു പോന്നു.

അങ്ങനെയിരിക്കെ, കഴുതമ്മക്ക് ഒരു മകന്‍ ജനിച്ചു. പിറന്നു വീണ പാടെ ആ കഴുതക്കുഞ്ഞമറി.

"ബ്ലാ.....!!!"

കഴുതമ്മയും മറ്റു കഴുതകളും അദ്ഭുതത്തോടെ കഴുതക്കുഞ്ഞിനെ നോക്കി. ബൂലോക്‍പുര്‍ കാട്ടിലെ കഴുതജ്യോത്സന്‍ ഉടന്‍ ഓടിയെത്തി പ്രവചിച്ചു.

"ഇവന്‍ മഹാനാകും, ബ്ലോഗേഷ് എന്ന പേരില്‍ ഇവന്‍ ലോകം മുഴുവന്‍ അറിയപ്പെടും."

കഴുതമ്മക്കു സന്തോഷമായി. അവര്‍ സ്നേഹത്തോടെ മകനെ വിളിച്ചു.

"ബ്ലോഗേഷുട്ടാ....."

"ബ്ലാ...."

ബ്ലോഗേഷ് വിളി കേട്ടു. മറ്റു കഴുതകളെല്ലാം അദ്ഭുതത്തോടെ ഈ രംഗം കണ്ടു നിന്നു. വ്യത്യസ്തമായി അമറിയ ബ്ലോഗേഷ് വളരെപ്പെട്ടെന്നു തന്നെ നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയായി മാറി.

വളര്‍ന്നു വരുന്ന ബ്ലോഗേഷിനെ സഹകഴുതകളുടെ സ്നേഹാദരങ്ങള്‍ അഭിമാനിയാക്കി. പതിയെപ്പതിയെ പറയുന്നതിന്റെയെല്ലാം തുടക്കത്തില്‍ 'ബ്ലാ' എന്നു ചേര്‍ക്കുന്നത് ബ്ലോഗേഷിന്റെ ഒരു ശീലമായി മാറി. അമ്മയെപ്പോലും ഇടക്കിടെ ബ്ലോഗേഷ് 'ബ്ലമ്മേ' എന്നു വിളിച്ചു. കഴുതമ്മക്കു മകന്റെ കഴിവുകളില്‍ അഭിമാനം തോന്നി. സഹകഴുതകള്‍ ബ്ലോഗേഷിനെ അടുത്ത രാജാവാക്കി വാഴിച്ചാലെന്തെന്നു വരെ ആലോചന തുടങ്ങി.

കാലം കടന്നു പോയി. ബ്ലോഗേഷിനു കല്യാണപ്രായമായി. എല്ലാവരില്‍ നിന്നും വ്യത്യസ്തനായ ബ്ലോഗേഷിന് അനുയോജ്യയായ ഒരു കഴുതപ്പെണ്ണും ബൂലോക്‍പുര്‍ കാട്ടിലില്ലെന്ന് കഴുതമ്മക്കു തോന്നി. സ്വന്തം കാട്ടിലെ വിവാഹാഭ്യര്‍ത്ഥനകളൊക്കെ ചിറികോട്ടി തള്ളിക്കളഞ്ഞ് ബ്ലോഗേഷും കഴുതമ്മയും കൂടി വധുവിനെ തേടി നമ്മുടെ ഒറിജിനല്‍ ബന്ദിപ്പുര്‍ കാട്ടിലേക്കു പുറപ്പെട്ടു.

ബന്ദിപ്പുര്‍ കാട്ടിലൂടെ അവര്‍ രണ്ടു പേരുമങ്ങനെ നടന്നു. അവസാനം സുന്ദരിയായ അമ്മിണിക്കഴുതയെ അവര്‍ കണ്ടു മുട്ടി. പെണ്ണു കാണാന്‍ ചെന്ന ബ്ലോഗേഷ് അമ്മിണിയുമായി സ്വകാര്യ സംഭാഷണം തുടങ്ങി. ബ്ലോഗേഷ് വിളിച്ചു.

"ബ്ലമ്മിണീ..."

അമ്മിണിക്കഴുത ബ്ലോഗേഷിനെ അന്തം വിട്ടു നോക്കി. അവള്‍ക്ക് ചിരിയടക്കാനായില്ല. അമ്മിണി പൊട്ടിച്ചിരിച്ചു.

"ബേ... ബേ... ബേ... ബീ... ബീ...!"

മറ്റു കഴുതകള്‍ ആശ്ചര്യത്തോടെ അവരെ നോക്കി. ശങ്കയോടെ ബ്ലോഗേഷ് ചോദിച്ചു.

"ഹെന്താ ബ്ലമ്മിണി ബ്ലിരിക്കുന്നേ...?"

ഇത്തവണ ബന്ദിപ്പുരിലെ മറ്റു കഴുതകള്‍ക്കും ചിരിയടക്കാനായില്ല. എല്ലാരും കൂടെ പൊട്ടിച്ചിരിച്ചു. അപമാനം സഹിക്ക വയ്യാതെ കഴുതമ്മ ബ്ലോഗേഷിനെയും വിളിച്ച് തിരിച്ചു നടന്നു.

കഷ്ടി അരക്കിലോമീറ്റര്‍ പോയിക്കാണും, മുന്നിലതാ ചെന്പന്‍ കുറുക്കന്‍!!

"ബ്ലമ്മേ......!!!!!!"

പേടിച്ചു പോയ ബ്ലോഗേഷ് അമറി. പ്രായമെത്തിയ കഴുതമ്മക്കുണ്ടോ അമറാന്‍ പറ്റുന്നു? അവര്‍ മകനെയും വിളിച്ചോടി. ചെന്പന്‍ കുറുക്കന്‍ പുറകെയും.

"ബ്ലാ... ബ്ലാ... ബ്ലാ... ബ്ലാ..."

ബ്ലോഗേഷ് അമറിക്കൊണ്ടിരുന്നു. സാധാരണ അമറല്‍ കേട്ടാല്‍ ഓടിയെത്തി കുറുക്കനെ തുരത്താറുള്ളതാണ് ബന്ദിപ്പുരിലെ കഴുതക്കൂട്ടം. ഈ അമറല്‍ കേട്ട് കാട്ടിക്കല്‍ കഴുതേന്ദ്രന്‍ മിമിക്രി പ്രാക്ടീസ് ചെയ്യുന്നതാണെന്നു കരുതി, അവര്‍ അവരുടെ ജോലി തുടര്‍ന്നു.

ഒരു കണക്കിനു ചെന്പന്‍ കുറുക്കനില്‍ നിന്നും രക്ഷപ്പെട്ട് ബ്ലോഗേഷും കഴുതമ്മയും ഓടിയണച്ച് ബൂലോക്‍പുര്‍ കാട്ടില്‍ തിരിച്ചെത്തി. അണച്ചു കൊണ്ട് ബ്ലോഗേഷ് കഴുതമ്മയോടു ചോദിച്ചു.

"ഹെന്താ ബ്ലമ്മേ ഒന്നും ബ്ലരിയാവാത്തേ...?"

"ബ്ലരിയല്ല മോനേ, 'ശരി'"

അണപ്പു മാറ്റാന്‍ നിലത്തു കമിഴ്‍ന്നു കിടന്നു കൊണ്ട് കഴുതമ്മ പറഞ്ഞു.

"ഒരു കാര്യം മനസ്സിലായി മോനേ.... ബൂലോക്പുരില്‍ ജനിച്ചാലും ബന്ദിപ്പുരില്‍ ജനിച്ചാലും കഴുത 'ബാ...'ന്നു തന്നെ അമറണം."

16 comments:

ജൈമിനി said...

ഗുണപാഠം: എനിക്കറിയില്ലേ.......!!!!!!!

മുക്കുവന്‍ said...

I thought its for donkey
"ബേ... ബേ... ബേ... ബീ... ബീ...!"

ആവനാഴി said...

ഉം വളരെ രസിച്ചു. അതെ കഴുത “ബാ” എന്നു തന്നെ അമറണം, “ബ്ലാ”ന്നായാല്‍ “ശീ” ന്നു കിട്ടേണ്ട ഫലം “ശൂ” ന്നായിപ്പോകും.

ശ്രീ said...

തന്നെ തന്നെ.

:)

സു | Su said...

"ഒരു കാര്യം മനസ്സിലായി മോനേ.... ബൂലോക്പുരില്‍ ജനിച്ചാലും ബന്ദിപ്പുരില്‍ ജനിച്ചാലും കഴുത 'ബാ...'ന്നു തന്നെ അമറണം."

ഹിഹിഹി. ഇതുതന്ന്യാണ് ബ്ലിനീസേ, അല്ല മിനീസേ, എനിക്കും പറയാനുള്ളത്. :)

ശ്രീഹരി::Sreehari said...

മിനീസേ ഇതില്‍ എന്തൊക്കെയോ ഒളിയമ്പുകള്‍ ഉണ്ടല്ലോ.....

ബ്ലോഗന, ബൂലോഗം ഇത്യാദികളുടെ നേരെ ആണോ?

പ്രയാസി said...

ബ്ലലക്കി.. ഇന്നാ കുട്ടാ ഒരു ബ്ലുമ്മ..!..:)

ഇടിവാള്‍ said...

HAHAHAH !!! UGRANN MACHAAN ;)


CAN'T STOP COMMENTING ;) GO ON!

സഹയാത്രികന്‍ said...

ഹ ഹ ഹ... കലക്കി...
:)

യാരിദ്‌|~|Yarid said...

ബ്ലെല്‍ഡണ്‍,ബ്ലെല്‍ഡണ്‍,!!!!!

വേണു venu said...

സ്വന്തം കാടുപെക്ഷിച്ചതു് തെറ്റു്. അവിടെ ആയിരുന്നെങ്കില്‍ ബ്ലിവാഹവും നടന്നേനെ. ബ്ലേ എന്നു കരയാനും കഴിഞ്ഞേനെ..രാജാവാകാനും.:)

പൈങ്ങോടന്‍ said...

ഇത് ആരേയോ ഉദ്ദേശിച്ചുമാത്രം എഴുതിയതാണോന്ന് ഒരു ബ്ലൌട്ട് ..ബ്ലഹഹ ബ്ലഹഹ

ജൈമിനി said...

മുക്കുവന്‍, ആവനാഴി, ശ്രീ, സു | Su, പ്രയാസി, ഇടിവാള്‍, സഹയാത്രികന്‍, വഴി പോക്കന്‍ എന്നിവര്‍ക്കെല്ലാം നന്ദി! :-)

പിന്നെ, ശ്രീഹരി, എന്താ പറഞ്ഞത്? ഒളിയോ, അന്പോ?? എന്നു വച്ചാ എന്താ, നിങ്ങളൊക്കെ ആരാ????? ;-) താങ്ക്‍യൂ...

വേണു - അപ്പറഞ്ഞത് കാര്യം, കുണ്ടുകിണറ്റില്‍.... എന്നാണല്ലോ ;-) താങ്ക്‍യൂ...

പൈങ്ങോടന്‍ന്‍ന്‍....... ഇതെന്നെ ഉദ്ദേശിച്ചു പറഞ്ഞതാണ്, എന്നെത്തന്നെ ഉദ്ദേശിച്ചു പറഞ്ഞതാണ്, എന്നെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ്.... ബ്ലൂഹുഹുഹഹഹ!!! ;-) താങ്ക്‍യൂ!

മന്‍സുര്‍ said...

മിനീസ്‌

കൊള്ളാം...അടിപൊളി

ബാന്ന്‌ കരയാത്ത കഴുതകളെ കഴുതാന്ന്‌ വിളിച്ച്‌ അപമാനിക്കല്ലേ

നന്‍മകള്‍ നേരുന്നു

Sherlock said...

ബ്ലഥ ബ്ലോല്ലാം..ബ്ലാശംസകള്‍ ഹ ഹ :)

ജൈമിനി said...

Thank you Mansur and Gehesh... :-)