ഇടവിട്ടുള്ള ദിവസങ്ങളില്‍ സുലേഖയും അവരുടെ യജ്ഞങ്ങളില്‍ പങ്കാളിയായി.ഭാരിച്ച ജോലികളൊന്നും അവളെക്കൊണ്ടു ചെയ്യിക്കാതിരിക്കാന്‍ ശങ്കരന്‍കുട്ടി പ്രത്യേകം ശ്രദ്ധിച്ചിരിച്ചുന്നു. അവളുടെ കൊലുസുകളുടെയും വളകളുടെയും കിലുക്കം തോട്ടത്തിന് പുതിയ ഒരു ഉന്മേഷം പകരുണ്ടെന്ന് ശങ്കരന്‍കുട്ടി വിശ്വസിച്ചു. ബക്കറ്റും കുടവും കൈമാറുന്പോള്‍ ഇടക്കെങ്കിലും, അറിയാതെയെന്നവണ്ണം അയാള്‍ അവളുടെ കൈവിരലുകളില്‍ സ്പര്‍ശിച്ചു. എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്തില്‍ സുന്ദരന്‍ തന്റെ ജോലികള്‍ തുടര്‍ന്നു പോന്നു.
കയ്പക്കായകള്‍ മൂത്തു തുടങ്ങി. ശങ്കരന്‍കുട്ടിയും സുന്ദരനും സുലേഖയും കണ്ണു നിറയെ ആ കാഴ്ച നോക്കി നിന്നു. ചിലത് പറിച്ചെടുക്കേണ്ട സമയമായി. ഇല്ലെങ്കിലവ പഴുത്തു വീഴും.
"പറിക്കാന്‍ തോന്നുന്നില്ലെടാ..."
ശങ്കരന്‍കുട്ടി വിഷമത്തോടെ പറഞ്ഞു. ഇത്ര പെട്ടെന്ന് അവ മൂപ്പെത്തുമെന്ന് അവരിരുവരും പ്രതീക്ഷിച്ചിരുന്നില്ല.
"സത്യം"
അത്ര തന്നെ വിഷമത്തോടെ സുന്ദരന്‍ പറഞ്ഞു.
"പക്ഷേ, വല്ലാതെ മൂത്താല്‍ ഒന്നിനുല്ലാണ്ടെ വീഴും"
ഒന്നു നിര്‍ത്തി അയാള്‍ തുടര്‍ന്നു.
"പുതിയത് മുളച്ചാ, പടരാനൊട്ട് സ്ഥലവുംല്ല."
ശങ്കരന്‍കുട്ടി ഒരു കയ്പക്കായില്‍ കൈ വച്ചു. സുന്ദരനെയും സുലേഖയെയും മാറി മാറി നോക്കിയ ശേഷം അയാള്‍ മറുകൈ കൊണ്ട് കണ്ണി ഇറുത്തെടുത്തു. കായറ്റ കണ്ണി വേദനകൊണ്ടെന്ന പോലെ വള്ളിയില്‍ തൂങ്ങിക്കിടന്നു വിറച്ചു.
"നീതതിങ്ങു താ."
സുന്ദരന്‍ കൈ നീട്ടി. അതു വാങ്ങി, മണ്ണിനും കയ്പക്കും വേദനിക്കാത്ത വണ്ണം അയാളത് നിലത്തു വച്ചു. മൂത്ത മറ്റു കായ്കള്‍ പറിക്കാന്‍ സുന്ദരനും ശങ്കരന്‍കുട്ടിക്കൊപ്പം കൂടി.ഏറ്റ്വും മൂപ്പെത്തിയ ആറു കായകള്‍ അവര്‍ പറിച്ചെടുത്തു. പറിച്ചെടുത്തവ ഈരണ്ടെണ്ണം വീതം അവര്‍ മൂവരും കൂടെ വീതിച്ചെടുത്തു.
അന്ന്, പതിവുള്ളതിലും ഒരു കുടം വെള്ളം അവര്‍ കയ്പച്ചുവട്ടില്‍ അധികം പാര്‍ന്നു. വേദനക്കു മരുന്നെന്ന പോലെ അരക്കുടം വെള്ളം അതിനു മീതെ തളിക്കുകയും ചെയ്തു. നേരം ഇരുട്ടിത്തുടങ്ങി.
"ന്റുമ്മാ.. നേരം കോറേയായി"
സുലേഖ പരിഭ്രമിച്ചു.
"അതിനെന്താ, ഞാന്‍ കൊണ്ടാക്കിത്തരാം"
ശങ്കരന്‍കുട്ടി അവള്‍ക്കരികിലേക്കു വന്നു.
"അയ്യോ വേണ്ട, ഞാനൊറ്റക്കു പൊയ്ക്കോളാം. ബാപ്പ പ്പം വരും."
സുലേഖ നടന്നു തുടങ്ങി.
"സുലേഖേ..."
ശങ്കരന്‍കുട്ടിയുടെ വിളി കേട്ട് അവള് തിരിഞ്ഞു നോക്കി.
"എനിക്ക് നിന്നെ ഇഷ്ടാ... ഈ തോട്ടത്തിനെക്കാളും."
സുലേഖ അന്പരന്നു പോയി. അവളുടെ കണ്ണുകള്‍ വിടര്‍ന്നു. എല്ലാം അറിയാമായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ശങ്കരന്‍കുട്ടി ഇതു പറഞ്ഞു കളയുമെന്ന് അവള് കരുതിയില്ല. ഒന്നും മിണ്ടാതെ, അങ്കലാപ്പോടെ അവള് സുന്ദരനെ നോക്കി. എല്ലാം കണ്ടു കൊണ്ട് ശാന്തനായി ഇരിക്കുകയാണയാള്‍.
"ഞാന്‍... ഞാന്‍ പുവ്വാ..."
ഇത്രയും പറഞ്ഞൊപ്പിച്ച് അവള് തിരിഞ്ഞു നടന്നു. ശങ്കരന്‍കുട്ടി വിഷമത്തോടെ സുന്ദരനെ നോക്കി. സുന്ദരന്‍ പുഞ്ചിരിച്ചു.
"അവള് വരും, എന്തായാലും വരും"
ശങ്കരന്‍കുട്ടി മുഖം താഴ്ത്തി. കുനിഞ്ഞ്, പറിച്ചു വച്ച കയ്പക്കായകള്‍ കയ്യിലെടുത്ത് ഇരുവരും തിരിച്ചു നടന്നു.
ശങ്കരന്‍കുട്ടിയുടെ വീട്. കേശവന് അടുക്കളയിലെ തിണ്ണയിലിരിക്കുന്നു. ശങ്കരന്‍കുട്ടിയുടെ അനിയത്തി അമ്മിണി അടുക്കളയില്‍ നിലത്തിരിക്കുന്നു. അമ്മിണിയെ സ്നേഹത്തോടെ അമ്മു എന്നാണെല്ലാവരും വിളിക്കാറുള്ളത്. അവള്‍ക്കും അങ്ങനെ വിളിക്കുന്നത് കേള്‍ക്കാനാണിഷ്ടം. അഞ്ചാംക്ലാസ്സില്‍ പഠിക്കുന്ന അവള് സ്കൂളില്‍ വച്ചു പോലും ആരു ചോദിച്ചാലും പേര് അമ്മു എന്നാണെന്നേ പറയൂ. ശങ്കരന്‍കുട്ടിയെ അവള്‍ക്ക് വളരെ ഇഷ്ടമാണ്. ഏട്ടനെ അനുകരിച്ച് വീട്ടിലൊരു മുളകു തൈ അവള് കുഴിച്ചിട്ടുണ്ട്. എന്നും അതു നനക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു പോന്നിരുന്നു അവള്.
അങ്ങാടിയില്‍ ചെറിയ പലചരക്കു കച്ചവടം നടത്തുന്ന കേശവന് കൃഷിയില്‍ വലിയ താല്പര്യമില്ല. അമ്മ വഴി ഭാഗം വച്ചു കിട്ടിയ സ്വത്തില്‍ പുല്ലാറക്കുന്നിലെ എഴുപതു സെന്റ് മാത്രമാണയാള്‍ വില്‍ക്കാതെ വച്ചിരിക്കുന്നത്. സ്ഥലം വെറുതെയിടേണ്ടല്ലോ എന്നു കരുതി കുറച്ചു വാഴ വച്ചിരിക്കുന്നെന്നു മാത്രം. ആ സ്ഥലത്തിനു പുറമേ ഓടു മേഞ്ഞ ആ രണ്ടു മുറി വീടും അതിരിക്കുന്ന കുറച്ചു സ്ഥലവും മാത്രമേ അയാള്‍ക്ക് സ്വത്തെന്നു പറയാനായിട്ടുള്ളു.
ശങ്കരന്‍കുട്ടിയുടെ അമ്മ ജാനകി കഞ്ഞിയും ഉപ്പേരിയും കുട്ടികള്‍ക്കു മുന്പില് വച്ചു.
"ങ്ങള് കഞ്ഞി കുടിക്ക്ണില്ലേ?"
അവര്‍ ഭര്‍ത്താവിനോടു ചോദിച്ചു. അയാളെന്തോ ആലോചനയിലാണ്. തിരിഞ്ഞു നോക്കാതെ അയാള്‍ പറഞ്ഞു.
"കുട്ട്യോള്‍ക്ക് കൊടുത്തോ. ഞാന്പിന്നെ കുടിച്ചോളാം."
ശങ്കരന്‍കുട്ടിയും അമ്മിണിയും കഴിക്കാന്‍ തുടങ്ങി.
"ഇന്ന് ഉപ്പേരിക്ക് നല്ല ടേസ്റ്റ്"
ആരോടെന്നില്ലാതെ ശങ്കരന്‍കുട്ടി പറഞ്ഞു. എല്ലാവരും ചിരിച്ചു. ഏട്ടന് കൃഷി ചെയ്തു കൊണ്ടു വന്ന കയ്പയുടെ ഉപ്പേരി അമ്മിണിയും സന്തോഷത്തോടെ നുണഞ്ഞു. പൊതുവേ കയ്പുള്ളതൊന്നും കഴിക്കാത്ത അവള് ഇതിത്ര ആസ്വദിച്ചു കഴിക്കുന്നത് എല്ലാവരെയും അദ്ഭുതപ്പെടുത്തി.
കേശവന് ജാനകിയെ വിളിച്ചു.
"ജാന്വോ, ഞാനാ പണി അങ്ങട്ട് തീര്‍ത്താലോന്ന് ആലോചിക്കായ്‍രുന്നു."
"ഏതു പണി?"
"ആ തൊടീടെ കാര്യം."
"ങും..."
ജാനകി മൂളി. ശങ്കരന്‍കുട്ടി ഒന്നും മനസ്സിലാവാതെ അവരെ നോക്കി. തുടര്‍ന്നൊന്നും അവര്‍ അതേപ്പറ്റി സംസാരിച്ചില്ല.
പിറ്റേ ദിവസം അത്യധികം ഉത്സാഹത്തോടെയാണ് ശങ്കരന്‍കുട്ടിയും സുന്ദരനും ക്ലാസ്സില്‍ എത്തിയത്. ചിരിച്ചും കളിച്ചും, പതിവില്ലാതെ എല്ലാവരോടും സംസാരിച്ചും നടന്ന അവരെ സുലേഖ സന്തോഷത്തോടെ നോക്കി. എങ്കിലും ശങ്കരന്‍കുട്ടി ചോദിച്ച ചോദ്യത്തിന് എന്തുത്തരം നല്‍കണമെന്ന ചിന്ത അവളെ വല്ലാതെ അലട്ടി. ക്ലാസ്സ് നടന്നുകൊണ്ടിരിക്കേ അവള് നോട്ടുപുസ്തകത്തില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു കൊണ്ടിരുന്നു. മൂന്നു പുറം കവിഞ്ഞ ആ എഴുത്ത് വൈകുന്നേരത്തോടെ അവള് മുഴുമിച്ചു. താളുകള്‍ കീറി, മടക്കി, ഒരു തവണ നെഞ്ചോടു ചേര്‍ത്ത ശേഷം അവളത് സുന്ദരന്‍ കൈമാറി. ആശ്ചര്യത്തോടെ അയാളത് വാങ്ങി.
"ശ്രീ ശങ്കരന്‍കുട്ടിക്ക്"
മടക്കിനു മുകളിലെ വിലാസം അയാള്‍ വായിച്ചു.
"കൊടുക്കണം, മറക്കാണ്ടെ..."
ഇത്രമാത്രം അയാളോടു പറഞ്ഞ് സുലേഖ പോയി. സുന്ദരന്‍ ആ എഴുത്ത് തുറന്നു. പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു.
"പ്രിയപ്പെട്ട ശങ്കരന്‍കുട്ടി വായിച്ചറിയാന്‍ ഞാന്‍ എഴുതുന്നത്. ഇന്നലെ പറഞ്ഞതിനെപ്പറ്റി ഞാന്‍ ഒരുപാട് ആലോചിച്ചു. ഇന്നലെ തൊട്ടെന്ന് പറയുന്നത് കള്ളത്തരമാവും. കുറേ ദിവസമായി ഞാന്‍ ആലോചിക്കുന്നു.
പടച്ചവന് സമ്മതിക്കുകയാണെങ്കില്‍ ഇങ്ങനെയെല്ലാം നടന്നു കാണണമെന്ന് എനിക്കും ആശയുണ്ട്. പടച്ചവന് സമ്മതിക്കില്ല. ഞാന്‍ ആമിനയോടും ചോദിച്ചു. അവള്‍ക്കും ഇതേ അഭിപ്രായമാണ്.
ഉമ്മയോടു മാത്രമേ എനിക്കെന്തെങ്കിലും തുറന്നു പറയാന്‍ ശക്തിയുള്ളു. ബാപ്പയെയും ഇക്കായെയും എനിക്കു പേടിയാണ്. ഇങ്ങനെയൊരു കാര്യം പറഞ്ഞാല്‍ ഉമ്മ വരെ എന്നെ തല്ലിക്കൊല്ലും.
ഇനി നമ്മള് തമ്മില്‍ ഇങ്ങനെയൊരു സംസാരം ഉണ്ടാവില്ലെന്ന് ശങ്കരന്‍കുട്ടി എനിക്കുറപ്പു തരണം. നമുക്ക് പഴയതു പോലെത്തന്നെ കഴിയാം. നമ്മുടെ തോട്ടം ഇനിയും ഒരുപാട് വളരണമെന്ന ആശ മാത്രമേ എനിക്കിപ്പോള്‍ ഉള്ളു.
എനിക്ക് ശങ്കരന്‍കുട്ടിയോട് ദേഷ്യമൊന്നുമില്ല. എന്നോടും ദേഷ്യം തോന്നരുത്.
സ്നേഹത്തോടെ.
_______"
ശങ്കരന്‍കുട്ടിക്ക് ഒരുപാടു വിഷമമായി. ആരും തന്നെ ഇഷ്ടപ്പെടുന്നില്ലെന്നു വരെ അയാള്‍ക്കു തോന്നി. സങ്കടത്തോടെ, അയാളാ കടലാസുകള്‍ ഉള്ളംകയ്യിലിട്ടു ചുരുട്ടി.
"കളയല്ലേ"
സുന്ദരന്‍ അയാളുടെ കയ്യില്‍ കയറി പിടിച്ചു.
"നമ്മള്‍ക്കിത് ഒന്നു കൂടി വ്യാഖ്യാനിക്കണം. എന്തൊക്കെയോ സൂചനയുണ്ട്."
"എന്തു സൂചന?"
"അതു ഞാന്‍ പറയാം. നിന്റെ ഇപ്പോഴത്തെ ആലോചനയൊക്കെ കഴിയട്ടെ."
അവര്‍ പതിയെ നടന്ന് തോട്ടത്തിലേക്കുള്ള ഇടവഴി കയറി. തൊടിയിലേക്കു കയറുന്ന വഴിയില്‍ത്തന്നെ മുളങ്കോലില്‍ നാട്ടിയ ഒരു ബോര്‍ഡ് ശങ്കരന്‍കുട്ടിയുടെ കണ്ണില്‍ പെട്ടു.
"അതെന്താടാ?"
അടുത്തേക്ക് ചെന്ന്, കറുത്ത മഷിയില്‍ വടിവില്ലാതെ എഴുതിയ ആ അക്ഷരങ്ങള്‍ സുന്ദരന്‍ കൂട്ടി വായിച്ചു.
"വില്‍...ക്കാനുണ്ട്!!"
(തുടരും...)
1 comment:
അന്ന്, പതിവുള്ളതിലും ഒരു കുടം വെള്ളം അവര്‍ കയ്പച്ചുവട്ടില്‍ അധികം പാര്‍ന്നു.
Post a Comment