Monday, December 3, 2007

പ്രണയം: രണ്ടു ഗാനങ്ങള്‍

ഗാനം ഒന്ന്:
-------------
നിറങ്ങളില്‍ വിരല്‍ തൊട്ടു നീ
വിരിയിച്ച പൂക്കള്‍
വിടരിലും വിശ്വവസന്തവനങ്ങളില്‍
ഒരു നിറം മാത്രം തിരഞ്ഞൂ...
നിറങ്ങളില്‍ വിരല്‍ തൊട്ടു നീ
വിരിയിച്ച പൂക്കള്‍...

പലകുറി മായ്‍ച്ചും കുറിച്ചും നീയിത്ര മേല്‍
എഴുതിയ പ്രേമചിത്രങ്ങള്‍
അലസമീ മിഴികളിലെങ്ങോ പൊലിഞ്ഞു പോ-
യൊരു മുഖം മാത്രം മറന്നൂ...
തരളമെന്‍ നഖചിത്രമേതോ
നിറം വെടിഞ്ഞൂ...

(നിറങ്ങളില്‍...)

മകരമാഞ്ചില്ലകള്‍ മുടിയഴിച്ചാടുമീ
വിരഹവിലോലമാം യാമം,
വരകളായ്, വര്‍ണ്ണവസന്തമായ് നിന്നുള്ളില്‍
നിറയുവാന്‍ വെന്പുമെന്‍ ദാഹം...
സ്മൃതികളില്‍ തിര വീണു മായും
ഹൃദയവര്‍ണ്ണം...

(നിറങ്ങളില്‍...)
-------------------
ഗാനം രണ്ട്:
-----------
വര്‍ണ്ണത്തിരശ്ശീല നീര്‍ത്തി പൊന്‍വസന്തം പുഞ്ചിരിച്ചൂ
സ്വര്‍ണ്ണമുകിലേറി ഞാനുമെന്‍ നിനവും വന്നണഞ്ഞൂ
എണ്ണിയെണ്ണിത്തീര്‍ത്ത നാളിന്നെയത്രയെത്ര നിശ്വാസങ്ങള്‍
കണ്ണു തുറക്കില്ലേയെന്നുള്‍പ്പൂവിന്നിതള്‍ നിവര്‍ത്താന്‍?

(വര്‍ണ്ണത്തിരശ്ശീല...)

ഓര്‍മ്മ പൂക്കും ചില്ലകളില്‍ വിണ്‍കിളികള്‍ പാടിയപ്പോള്‍
ആദ്യരാഗഭാവനയെ കാമനകള്‍ തഴുകിയപ്പോള്‍
നിന്റെ ചിത്രത്താളില്‍ നവ്യജന്മം ഞാന്‍ നേടിയിട്ടും
ഉള്ളു തുറക്കില്ലേയെന്നര്‍പ്പണങ്ങള്‍ സ്വീകരിക്കാന്‍?

(വര്‍ണ്ണത്തിരശ്ശീല...)

കാത്തിരിപ്പിന്‍ കാല്‍ച്ചുവട്ടില്‍ വേഷങ്ങള്‍ വീണഴിഞ്ഞു
ആണ്‍കിളി തന്‍ ലാളന തന്‍ തീര്‍ത്ഥം മെയ് ചേര്‍ന്നലിഞ്ഞു,
നിന്റെ വര്‍ണ്ണകല്പനകള്‍ പുല്കാനെന്‍ പൊന്നുടുപ്പിന്‍
വെണ്ണിറവുമാര്‍ദ്രമായി, വന്നു കൈകള്‍ കോര്‍ക്കുകില്ലേ?

(വര്‍ണ്ണത്തിരശ്ശീല...)

ഈയിടെ മനോരമ യുവ സപ്ലിമെന്റ് വഴി ലെനിന്‍ രാജേന്ദ്രന്‍ പബ്ലിക്കായി ആവശ്യപ്പെട്ടത് കൊണ്ട് മാത്രം എഴുതിയ രണ്ടു ഗാനങ്ങള്‍. ഭാവന, കലര്‍പ്പില്ലാതെ നിറഞ്ഞൊഴുകിയതു കാരണം തിരസ്കരിക്കപ്പെട്ടു എന്നു തോന്നുന്നു. ;-) ആര്‍ക്കും ഈണമിട്ടുപയോഗിക്കാം. രചനയുടെ ക്രെഡിറ്റ് എനിക്കു തന്നാല്‍ ഞാന്‍ കേസ് കൊടുക്കില്ല. :-)

11 comments:

മിനീസ് said...

ആര്‍ക്കും ഈണമിട്ടുപയോഗിക്കാം...

ശ്രീ said...

കൊള്ളാം... രണ്ടും നന്നായിട്ടുണ്ട്.

ഓരോന്നായി പോസ്റ്റിയാലും മതിയായിരുന്നല്ലോ.


ഈണമിട്ടു പാടാന്‍‌ ആരുമില്ലേ?
:)

സാക്ഷരന്‍ said...

മകരമാഞ്ചില്ലകള്‍ മുടിയഴിച്ചാടുമീ
വിരഹവിലോലമാം യാമം,
വരകളായ്, വര്‍ണ്ണവസന്തമായ് നിന്നുള്ളില്‍
നിറയുവാന്‍ വെന്പുമെന്‍ ദാഹം...

കൊള്ളാം ന്ന്നായിരിക്കുന്നു. തുടറ്ന്നും എഴുതുക …

മന്‍സുര്‍ said...
This comment has been removed by the author.
മന്‍സുര്‍ said...

മിനീസ്‌...

ഗാനമെന്നെഴുതിയത്‌ കൊണ്ട്‌ ഗാനമെന്ന്‌ തന്നെ പറയാം

വരികള്‍ നല്ലത്‌ ചിലത്‌ മോശം

ഒരിക്കല്‍ കൂടി ഇതില്‍ തന്നെ ശ്രമിച്ച്‌ നോകൂ..
നല്ല ഒരു ഗാനം ജനിക്കുമെന്നുറപ്പ്‌

നന്നായിരിക്കുന്നു...

നന്‍മകള്‍ നേരുന്നു

വാല്‍മീകി said...

നല്ല വരികള്‍. രെങ്കിലും ഈണമിട്ടു പാടൂ..

[ വെളിച്ചപ്പാട്‌ ] said...

മിനീസ്‌, മുക്കുവന്‌ കൊടുത്ത മറുപടികള്‍ കണ്ടു... എല്ലാം ലാഭംകൊണ്ടളക്കുന്ന തലമുറക്ക്‌ മണ്ണിന്റെ മണം, പട്ടിണിയുടെ നോവ്‌, ഇല്ലാത്തവന്റെ ദുരിതം അറിയില്ലല്ലോ, അതിന്റെ ആവശ്യവും ഇല്ലല്ലോ... വികസനം എന്ന അമിട്ട്‌പ്പൊട്ട്‌ കാണുന്നവന്‌, താഴെ ഒരു മഗും കൊണ്ട്‌ വഴിയോരത്തും തീവണ്ടിപാതയിലും കാര്യം നടത്തുവന്റെ, മഞ്ഞത്തും വെയിലത്തും അറ്റുപോകുന്ന പൊലിപ്പുകളുടെ വിചാരങ്ങള്‍ അറിയേണ്ടല്ലോ...

വരികളെഴുതുന്ന ഈ ഇളംകതിരിന്‌ ഒരു കുടം വെള്ളമൊഴിക്കുന്നു...

ഫസല്‍ said...

gaanam aanenkilum kavitha thulumbunnu
congrats

മിനീസ് said...

എല്ലാര്‍ക്കും നന്ദി!

തീര്‍ച്ചയായും ഒരു തവണ കൂടി ശ്രമിക്കാം മന്‍സൂര്‍... :-)

സത്യം വെളിച്ചപ്പാടെ...

purakkadan said...

നന്നായിട്ടുണ്ട്‌ ജമിനി...

Friendz4ever said...

നല്ലവരികള്‍ മനീസ്.
പാടണമെന്നൊക്കെയുണ്ടുട്ടൊ പക്ഷെ എന്തൊ വഴങ്ങില്ലാ ഹിഹി..
എന്നാലും ഒരു കൈ നോക്കുന്നുണ്ട്..
നാവിന്തുമ്പില്‍ നിന്നും അടര്‍ന്നു വീണാല്‍ തീര്‍ച്ചയായും അറിയിക്കാം മാഷെ...
തുടരട്ടെ ഇനിയും നല്ലനല്ല വരികള്‍.. എല്ലാഭാവുകങ്ങളും..