Tuesday, December 18, 2007

കഥ: ചൈതന്യയിലെ പെണ്‍കുട്ടി

കഫേറ്റീരിയയില്‍ ഒതുക്കി വച്ചിരുന്ന കസേരകളിലൊന്നില്‍ വിനോദ് ഇരുന്നു. തിരക്കു പിടിച്ച ഓഫീസ് ജോലികള്‍ക്കിടയില്‍ വീണു കിട്ടുന്ന ഇടവേളകള്‍ അപൂര്‍വസൌഭാഗ്യം പോലെ അയാള്‍ ആസ്വദിക്കാറുണ്ട്. ഒരു കപ്പു കട്ടന്‍കാപ്പിയും ഒരുപാടു ചിന്തകളും. തുറന്നിട്ട ജനാലയിലൂടെ പുറത്തേക്കു നോക്കിയാല്‍ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ വെള്ളിരേഖകള്‍ വരച്ചൊഴുകുന്ന സൂര്യപ്രകാശം കാണാം. സാമൂഹ്യവ്യവസ്ഥിതിയെ കീറിമുറിച്ചു മുന്നേറുന്ന പുതിയ വെളിപാടുകളെപ്പോലെ ആ പ്രകാശരേഖകള്‍ അയാളുടെ ചിന്തകളിലേക്കു പടര്‍ന്നു കയറി. വശ്യമായ ചിന്തകളെ തനിക്കിടംവലം മേയാന്‍ വിട്ട്, അവയുടെ ഗതികള്‍ സശ്രദ്ധം വീക്ഷിച്ചു കൊണ്ട് അയാള്‍ ഇരുന്നു.

ആവി പറക്കുന്ന കാപ്പി ഊതിത്തണുപ്പിച്ച് ഒരു കവിള്‍ ആസ്വദിച്ചിറക്കുന്നതിനിടെ, മേശപ്പുറത്തിരുന്ന ബ്രൌഷര്‍ വിനോദിന്റെ ശ്രദ്ധയില്‍ പെട്ടു.

"നിങ്ങളുടെ അര ദിവസത്തെ ശമ്പളം കൊണ്ട് ഒരു കുഞ്ഞിന് പുതുജീവന്‍ നല്കൂ."

പച്ചയില്‍ മഞ്ഞ നിറമുള്ള അക്ഷരങ്ങളില്‍ ഭംഗിയായി അച്ചടിച്ച ആ ബ്രൌഷര്‍ അയാള്‍ കയ്യിലെടുത്തു. നിര്‍ധനരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാനായി സംഭാവനകള്‍ തേടിക്കൊണ്ട് ഒരു സന്നദ്ധ സംഘടന തയ്യാറാക്കിയതാണത്. വിനോദ് അതെടുത്ത് മറിച്ചു നോക്കി. ഏതൊരാളുടെയും മനസ്സലിയിക്കുന്ന വാക്കും വാക്യവും ഘടനയും. മൂക്കളയൊലിപ്പിക്കുന്ന പിഞ്ചുപെണ്‍കുഞ്ഞിന്റെയും പിഞ്ഞിക്കീറിയ കുപ്പായമിട്ട കൊച്ചു കുറുമ്പന്‍ ചെക്കന്റെയും പടങ്ങള്‍ ചേര്‍ത്ത് ആകര്‍ഷകമാക്കിയ ഉള്‍ത്താളുകള്‍. വിനോദ്, വെറുതെ അമ്മയെ ഓര്‍ത്തു.

പണ്ട്, തന്റെ പച്ചക്കുപ്പായത്തിലെ വിട്ടു പോയ കുടുക്ക് മഞ്ഞ് നിറമുള്ള നൂലു കൊണ്ടാണ് അമ്മ തുന്നിത്തന്നിരുന്നത്. പലരും കളിയാക്കിയിരുന്നു, സ്കൂളിലും പുറത്തും. ഒരുപാടു നാളുകള്‍ക്കു ശേഷമാണ് അമ്മയോട് അതേക്കുറിച്ചു പറഞ്ഞത്. താന്‍ കാണാതെ, പുറം തിരിഞ്ഞു നിന്ന് അമ്മ കണ്ണുകള്‍ ഒപ്പിയത് എന്തിനായിരുന്നെന്ന് അന്നും ഇന്നും മനസ്സിലായിട്ടില്ല.

വിനോദ് താനിട്ടിരിക്കുന്ന മെറൂണ്‍ നിറമുള്ള കുപ്പായത്തിലേക്കു നോക്കി. ഇന്നും കുടുക്കുകള്‍ തുന്നിപ്പിടിപ്പിക്കാറുണ്ട്, അല്പം മുന്തിയ കലാബോധത്തോടെ. ഇന്നും കീറിയ തുണികള്‍ തുന്നിയുടുക്കാറുണ്ട്, ഡാണിംഗ് എന്നു വിളിപ്പേരുള്ള തുന്നല്‍പ്രക്രിയയിലൂടെ. പല പേരുകളില്‍, പല ഭാവങ്ങളില്‍ പലതും പുനര്‍ജ്ജനിക്കുന്നു! അയാള്‍ കാപ്പിക്കപ്പ് ചുണ്ടോടടുപ്പിച്ചു.

"ഹെല്ലോ സര്‍..."

ഒരു പെണ്‍ശബ്ദം കേട്ട് വിനോദ് മുഖമുയര്‍ത്തി നോക്കി. ഒരു യുവതി. വിനോദിന്റെ സൌന്ദര്യസങ്കല്‍പ്പങ്ങള്‍ അവളെക്കാള്‍ ഒരുപാടു മുന്നിലായതു കൊണ്ടാകണം, അയാള്‍ക്കവളില്‍ വലിയ ആകര്‍ഷണമൊന്നും തോന്നിയില്ല. കാതിലെ വിശേഷ ഡിസൈനിലുള്ള വലിയ വെള്ളിക്കമ്മലുകള്‍ അവളുടെ കവിളുകളെ ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു. ചായം തേച്ചു മിനുക്കിയ ചുണ്ടുകള്‍ വിടര്‍ത്തി, അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു.

മനസ്സില്‍ നുരഞ്ഞു പൊങ്ങിയ നീരസത്തിനു മീതെ മാന്യതയുടെ കുപ്പായക്കുടുക്കുകള്‍ വലിച്ചു കൊളുത്തിയ ശേഷം വിനോദ് മുഖത്തൊരു പുഞ്ചിരി വരുത്തിച്ചു.

"ഒരഞ്ചു മിനിറ്റ് ഞാനിവിടെ ഇരുന്നോട്ടെ?"

പുഞ്ചിരിയോടെത്തന്നെ അവള്‍ ചോദിച്ചു. അയാള്‍ നിരസിച്ചില്ല.

"ഷുവര്‍"

"സര്‍ ഈ ബ്രൌഷര്‍ മുഴുവന്‍ വായിച്ചോ?"

"ങും..."

മുഴുവന്‍ വായിച്ചില്ലെങ്കിലും അയാള്‍ ഉവ്വെന്നു തന്നെ പറഞ്ഞു. എന്തിത്ര വായിക്കാനെന്ന് അയാള്‍ ചിന്തിക്കാതെയുമിരുന്നില്ല. കമ്പനിയുടെ വ്യത്യസ്ത ഉല്പന്നങ്ങള്‍ക്കു വേണ്ടി ഒരുപാട് മാര്‍ക്കറ്റിംഗ് ഡോക്യുമെന്റ്സ് അയാള്‍ എഴുതിയിട്ടുണ്ട്. ഇതും അതു പോലൊരെണ്ണം.

പണ്ട്, പൂനെക്കാരിയായ മാനേജര്‍ അശ്വിനി പറയുമായിരുന്നു.

"വാട്ട് എ ലവ്‍ലി ലാംഗ്വേജ്! വിനോദ് എഴുതിയത് കാണുമ്പോള്‍ എനിക്കും നമ്മുടെ പ്രോഡക്ട് ഒരെണ്ണം വാങ്ങിക്കളയാമെന്നു തോന്നുന്നു. നൈസ് ജോബ്."

കണക്കില്ലാതെ പുകഴ്‍ത്തുകയും അതു പോലെ ഇകഴ്‍ത്തുകയും ചെയ്യാറുള്ള അശ്വിനിയെക്കുറിച്ചോര്‍ത്തപ്പോള്‍ വിനോദിനു ചിരി വന്നു. നാട്ടില്‍ ജോലി കിട്ടി അവര്‍ തിരിച്ചു പോയപ്പോള്‍ താനടക്കം എല്ലാവരും ഒരുപാടു സന്തോഷിച്ചിരുന്നു. ഇപ്പോഴെന്തോ, പുകഴ്‍ത്താനും ഇടക്കൊക്കെ ഒരാള്‍ വേണമെന്ന തോന്നല്‍!

"സര്‍..."

പെണ്‍കുട്ടി തുടര്‍ന്നു.

"ചൈതന്യ ഫൌണ്ടേഷന്‍സ് പാവപ്പെട്ട കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്കുന്ന സംഘടനയാണ്."

അയാള്‍ ’ഓഹോ’ എന്ന ഭാവത്തില്‍ തല കുലുക്കി.

"ചേരികളില്‍ നിന്നും അനാഥാലയങ്ങളില്‍ നിന്നുമായി ഇരുന്നൂറിലധികം കുട്ടികളെ ഞങ്ങള്‍ പഠിപ്പിക്കുന്നുണ്ട്."

വാനിറ്റി ബാഗ് മേശപ്പുറത്തു വച്ച്, അതിന്റെ സിബ്ബ് തുറന്ന്, അവള്‍ രണ്ടുമൂന്നു ഫോട്ടോഗ്രാഫുകള്‍ മേശപ്പുറത്തു വച്ചു. അതിലൊരെണ്ണം വിനോദിന്റെ മുമ്പിലേക്കു നീട്ടി വച്ച് അവള്‍ പറഞ്ഞു.

"ഇതാണ് ചൈതന്യയുടെ സ്കൂള്‍"

വിനോദ് ആ ഫോട്ടോയിലൂടെ കണ്ണോടിച്ചു. നാലു നിലയുള്ള മനോഹരമായ കെട്ടിടം. മുകളില്‍ വലിയ അക്ഷരങ്ങളില്‍ ’ചൈതന്യ സ്കൂള്‍ ഓഫ് ചാരിറ്റി’ എന്നെഴുതി വച്ചിരിക്കുന്നു.

"സാറിനറിയാമോ?"

വിനോദിന്റെ താല്പര്യം കണ്ട് പെണ്‍കുട്ടിയുടെ ഉത്സാഹം വര്‍ദ്ധിച്ചു.

"ബാംഗ്ലൂരിലെ ചേരികളില്‍ മാത്രം പതിനായിരക്കണക്കിനു കുട്ടികള്‍ അടിസ്ഥാനവിദ്യാഭ്യാസം പോലും കിട്ടാതെ കഴിയുന്നുണ്ട്."

വിനോദിനു പെട്ടെന്നോര്‍മ്മ വന്നത് കേരളത്തില്‍ കുട്ടികളില്ലാത്തതു കാരണം പൂട്ടിപ്പോകുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്. എങ്കില്‍ത്തന്നെയും മുഖമുയര്‍ത്തി അയാള്‍ അവളെ നോക്കി ചോദിച്ചു.

"അതേയോ?"

"അതേസര്‍, ചൈതന്യ ഇത്തരം കുട്ടികളെ ഞങ്ങളുടെ സ്കൂളില്‍ ചേര്‍ത്ത് മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും ന്യൂട്രീഷ്യസ് ഭക്ഷണവും നല്കുന്നുണ്ട്."

"ന്യൂട്രീഷ്യസ് ഭക്ഷണമെന്നു വച്ചാല്‍?"

"മുട്ട, പാല്‍... പിന്നെ അതു പോലുള്ള പോഷകാഹാരങ്ങള്‍."

വിനോദ് താന്‍ കാപ്പി കൊണ്ടുവന്ന ഗ്ലാസ്സിലേക്കു നോക്കി. തണുത്തു തുടങ്ങിയ കട്ടന്‍കാപ്പി ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്ത ശേഷം അയാള്‍ ആ കപ്പ് അവള്‍ക്ക് കാണാനാവാത്ത വിധം താഴെ വച്ചു.

ബ്രൌഷറിലൂടെ അയാള്‍ വീണ്ടൂം കണ്ണോടിച്ചു. പടത്തിലെ മൂക്കളയൊലിപ്പിക്കുന്ന പെണ്‍കുഞ്ഞിന്റെ കണ്ണുകള്‍ അയാളെ നോക്കി ചിരിച്ചു. അയാള്‍ക്ക് സിന്ധുവിനെക്കുറിച്ച് ഓര്‍മ്മ വന്നു. ഒപ്പം സര്‍ക്കാര്‍ സ്കൂളിന്റെ പഴകിയ മതിലും ഇടതു വശത്തെ മേല്‍മറയില്ലാത്ത മൂത്രപ്പുരയുമെല്ലാം. വാതില്‍ക്കല്‍ നിന്ന് ചിരിച്ചു കൊണ്ട് സിന്ധു ഒരിക്കല്‍ ചോദിച്ചിരുന്നു.

"നീയെന്താ എന്നും ങ്ങനെ വൈകി വരണേ?"

കല്ലു ചുമന്ന് ചുമലില്‍ പറ്റിയ ചതവ് കുപ്പായം കൊണ്ട് നന്നായി മറച്ചെന്ന് ഉറപ്പു വരുത്തി, അന്ന് താന്‍ മറുപടി പറഞ്ഞു.

"ണീക്കാന്‍ വൈക്‍ണത് കൊണ്ടാ..."

പുലര്‍ച്ചെ സൂര്യനുദിക്കും മുമ്പേ അച്ഛന്റെ വാലില്‍ത്തൂങ്ങി എന്നും താന്‍ പോയിരുന്നു, കല്ലെടുക്കാന്‍. കല്ലുവെട്ടിക്കുഴിയില്‍ നിന്ന് കല്ലു വെട്ടിയെടുത്ത് വീട്ടുമുറ്റത്തെത്തിക്കുന്നതിനാണ് കൂലി. അച്ഛന്‍ വെട്ടും, കഴിയുന്നിടത്തോളം താന്‍ ചുമക്കും.

നിരുത്സാഹപ്പെടുത്താന്‍ വേണ്ടിയായിരുന്നില്ലെങ്കിലും, മറ്റു പലരെയും പോലെ ഒരിക്കല്‍ അച്ഛനും ചോദിച്ചു.

"നിയ്യെന്തിനാടാ ചെക്കാ, കൂളില്‍ പോണത്? ന്റെ കൂടെത്തന്നെ നിന്ന് ഇതൊക്കെ വെട്ടാന്‍ പഠിച്ചൂടെ?"

ആ ചോദ്യം തന്നെ ഒരുപാടു വിഷമ്മിപ്പിച്ചു. എങ്കിലും സര്‍ക്കാര്‍ സ്കൂളില്‍ നിന്നും സൌജന്യമായി കിട്ടിയ പുസ്തകങ്ങള്‍ പഠിക്കാനുള്ള ത്വരയെ തട്ടിയുണര്‍ത്തി. ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം വീണ്ടും പഠനം തുടര്‍ന്നു. ഉച്ചക്കഞ്ഞിയും, ഒപ്പം ബീവാത്തുമ്മ പാകം ചെയ്തു തന്നിരുന്ന പയറുപ്പേരിയും ഓര്‍ത്ത് അയാള്‍ ചുണ്ടുകള്‍ നനച്ചു.

എല്ലാമറിഞ്ഞ്, ഒരു ദിവസം ചാക്കോമാഷ് തന്റെ പുറത്തു തട്ടിക്കൊണ്ട് പറഞ്ഞു.

"നന്നാവും... പഠിക്കണ കാര്യത്തില്‍ എന്ത് വെഷമണ്ടെങ്കിലും ന്നോട് പറഞ്ഞോളൂ..."

ഓര്‍മ്മകളില്‍ മുഴുകി വിനോദ് കണ്ണുകളടച്ചു.

"സര്‍..."

ചൈതന്യയിലെ പെണ്‍കുട്ടിയുടെ വിളി അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി.

"അയാം സോറി... ഞാനീ കുട്ടികളെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു."

"അതേ സര്‍, ചൈതന്യയിലൂടെ താങ്കള്‍ക്കും ഈ കുട്ടികളെ സഹായിക്കാം..."

ഒന്നു നിര്‍ത്തിയ ശേഷം പെണ്‍കുട്ടി തുടര്‍ന്നു.

"ഓരോ കുട്ടിക്കും വേണ്ടി ഇരുപത്തെണ്ണായിരം രൂപയാണ് ചൈതന്യ ഒരു വര്‍ഷം ചെലവാക്കുന്നത്.

അത് ഒരല്പം വലിയ തുകയാണെന്ന് വിനോദിനു തോന്നി. സംശയം മറച്ചു വക്കാതെ അയാള്‍ ചോദിച്ചു.

"എന്തിനാണിത്രക്കൊക്കെ?"

"പുസ്തകങ്ങള്‍ക്കു മാത്രം വര്‍ഷം ആയിരത്തി ഇരുന്നൂറ്. പിന്നെ യൂണിഫോം, ഷൂസ്, ഉച്ചത്തെ ന്യൂട്രീഷ്യസ് ഫുഡ്... ഇതൊക്കെത്തന്നെ..."

യൂണിഫോമും ഷൂസും! വിനോദ് തുന്നു വിട്ടു തുടങ്ങിയ തന്റെ ഷൂസിലേക്കു നോക്കി. കമ്പനി നിര്‍ബന്ധം പറഞ്ഞില്ലായിരുന്നെങ്കില്‍ താനിതെന്നേ വലിച്ചെറിഞ്ഞേനേ!

"പരമാവധി വിലയിട്ടു നോക്കിയാലും പറഞ്ഞ തുകയുടെ പകുതി പോലും വരില്ലല്ലോ?"

വിനോദ് അവളെ ഒന്നിരുത്തി നോക്കി.

"ട്യൂഷന്‍ ഫീസും ഉണ്ടല്ലോ സര്‍..."

"ചാരിറ്റിയെന്നു പറഞ്ഞിട്ട്?"

"അ... അതെ... പക്ഷേ, ടീച്ചേഴ്‍സിന്റെ ശമ്പളവും മറ്റും കൊടുക്കേണ്ടേ? ചൈതന്യയില്‍ ഞങ്ങള്‍ നിയമിച്ചിരിക്കുന്നവര്‍ എല്ലാം ക്വാളിഫൈഡ് ആളുകളാണ്. ഈ കോമ്പറ്ററ്റിവ് വേള്‍ഡില്‍ ഇതു പോലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ ഇവരെ പ്രാപ്തരാക്കണമല്ലോ!"

ഇതു പോലുള്ള സ്ഥാപനങ്ങളില്‍! വിനോദ് വീണ്ടും ബ്രൌഷറിലൂടെ കണ്ണോടിച്ചു.

"ഈ അര ദിവസത്തെ ശമ്പളം എന്തിനു വേണ്ടിയാ?"

പെണ്‍കുട്ടി വീണ്ടും മനോഹരമായി പുഞ്ചിരിച്ചു.

"ചൈതന്യയിലെ പത്താംതരം വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചു. അവര്‍ക്കു വേണ്ടി ഒരു ജൂനിയര്‍ കോളേജ് നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു. താങ്കളെപ്പോലുള്ളവരുടെ സന്മനസ്സ് ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഞങ്ങളെ സഹായിക്കും."

വിനോദ് അതിശയത്തോടെ അവളെ നോക്കി. പുറത്ത് മഴത്തുള്ളികള്‍ വീണു തുടങ്ങി. ഓരോ തുള്ളിയും ചിന്തകളെ നനച്ചു കൊണ്ട് വിനോദിന്റെ മനസ്സിനകത്തേക്ക് പെയ്തിറങ്ങി. അത്യാഹ്ലാദത്തോടെ അയാള്‍ ജനാലയിലൂടെ കൈ നീട്ടി ആ സ്ഫടികത്തുള്ളികളെ സ്പര്‍ശിച്ചു. ചെറുതായി വീശിയ കാറ്റില്‍ മഴത്തുള്ളികള്‍ പാറി വീണ് തന്റെ വസ്ത്രങ്ങളെ നനച്ചു തുടങ്ങിയപ്പോള്‍ ചൈതന്യയിലെ പെണ്‍കുട്ടി ജനാല വലിച്ചടച്ചു കൊളുത്തിട്ടു.

വിനോദ് അസഹ്യതയോടെ അവളെ നോക്കി. അവള്‍ വീണ്ടും ചിരിച്ചു. ആ ചിരിക്ക്, സിഗരറ്റ് കറ പുരണ്ട മഞ്ഞപ്പല്ലുകള്‍ കാട്ടിയുള്ള ജേക്കബ്ബിന്റെ ചിരിയോട് സാമ്യമുണ്ടെന്ന് അയാള്‍ക്കു തോന്നി. വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇതു പോലെ മഴയുള്ളൊരു ദിവസമാണ് അയാള്‍ ജേക്കബ്ബിനെ കണ്ടത്, കോളേജ് അഡ്‍മിഷനു വേണ്ടി. ഉപചാരപൂര്‍വ്വം സ്വീകരിച്ചിരുത്തിയ ശേഷം ജേക്കബ്ബ് ആദ്യം ചോദിച്ച ചോദ്യം,

"തുകയുണ്ടാവുമല്ലോ, ല്ലേ, എടുക്കാന്‍?"

ഏതു തുകയെന്നു ചോദിക്കാന്‍ മനസ്സു വിങ്ങിയതാണ്. കോളേജ് മാനേജരെ ആദ്യമേ പിണക്കേണ്ടല്ലോ എന്നു കരുതി. തുടര്‍ന്നുള്ള സംഭാഷണങ്ങള്‍ക്കിടയില്‍ കരുതി വച്ചിരുന്ന നിയന്ത്രണം എപ്പോഴോ കൈ വിട്ടു പോയി.

"അല്പം സാമൂഹ്യപ്രതിബദ്ധതയൊക്കെ വേണ്ടേ?" അല്പം ഉറക്കെത്തന്നെ ചോദിച്ചു. അന്ന് ജേക്കബ്ബ് പറഞ്ഞ മറുപടി ഇന്നും ചെവിയില്‍ മുഴങ്ങുന്നു.

"സാമൂഹ്യപ്രതിബദ്ധതയൊക്കെ സാമൂഹ്യപാഠം പഠിക്കുന്നോര്‍ക്ക്... ഞങ്ങള് പഠിപ്പിക്കുന്നതേ, ടെക്‍നോളജിയാ. നമ്മുടെ പിള്ളാര്‍ക്ക് പ്രതിബദ്ധത മള്‍ട്ടി നാഷണല്‍ കമ്പനികളോടാ... ഇറങ്ങിക്കേ, ഇറങ്ങിക്കേ..."

അന്നു തീരുമാനിച്ചതാണ്, സാമൂഹ്യപാഠം തന്നെ പഠിക്കണമെന്ന്. സര്‍ക്കാര്‍ കോളേജില്‍ തന്നെ ചേര്‍ന്ന് ചരിത്രത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദവും നേടി. എന്നിട്ടും, അവസാനം താനും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍...! അയാള്‍ക്ക് തന്നോടു തന്നെ അമര്‍ഷം തോന്നി.

"ഹായ് വിനോദ്"

വിനോദിന്റെ സഹപ്രവര്‍ത്തകയായ നയന അവര്‍ക്കരികിലേക്കു നടന്നു വന്നു.

"കുറേ നേരമായല്ലോ പോന്നിട്ട്, കാര്യമായ പണിയൊന്നും ഇല്ല അല്ലേ?"

വിനോദ് ചിരിച്ചു. നയന തിരിഞ്ഞ്, ചൈതന്യയിലെ പെണ്‍കുട്ടിയെ നോക്കി.

"ഇയാള്‍ ചൈതന്യയുടെ ആളല്ലേ? ഞാന്‍ കുറേ നേരമായി അന്വേഷിക്കുന്നു."

ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും മുറിച്ചു വച്ച ചെക്ക്‍ലീഫെടുത്ത് നയന അവള്‍ക്കു നേരെ നീട്ടി.

"നാലായിരം രൂപയുടേതാണ്."

പഴയ പുഞ്ചിരിയോടെത്തന്നെ പെണ്‍കുട്ടി അതു വാങ്ങി. ഒരു റസീറ്റെഴുതി കീറിയ ശേഷം അവളതു നയനക്കു നല്കി. നയന വിനോദിനു നേരെ തിരിഞ്ഞു.

"വിനോദ് കോണ്‍ട്രിബ്യൂട്ട് ചെയ്തില്ലേ? ആഫ്‍റ്റര്‍ ഓള്‍, ഇറ്റ്സ് അ സോഷ്യല്‍ കോസ്."

വീണ്ടും പെണ്‍കുട്ടിയെ നോക്കി നയന തുടര്‍ന്നു ചോദിച്ചു.

"ടാക്സ് ബെനിഫിറ്റ് കിട്ടുമല്ലോ അല്ലേ?"

"ഷുവര്‍ മാഡം"

വിനോദിനു നേരെ കൈ വീശിക്കാണിച്ച് നയന നടന്നകന്നു. വിനോദ് പെണ്‍കുട്ടിയെ നോക്കി. അവള്‍ എഴുന്നേല്‍ക്കാന്‍ ഭാവിക്കുകയാണ്.

"നിങ്ങള്‍ക്കീ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിച്ചു കൂടെ?"

ആ ചോദ്യം അവളുടെ മുഖത്ത് ചിരി പടര്‍ത്തി.

"നിലവാരം നോക്കേണ്ടേ സര്‍?"

മേശപുറത്തു നിരത്തി വച്ചിരുന്ന ഫോട്ടോകള്‍ എടുത്ത് ബാഗില്‍ തിരുകവേ, അവള്‍ തിരിച്ചു ചോദിച്ചു.

"സാറിന്റെ കുട്ടികളെ സര്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കുമോ?"

വിനോദ് മറുപടി പറഞ്ഞില്ല്. അയാള്‍ എഴുന്നേറ്റ് ഓഫീസിലേക്കു നടന്നു. മോണിറ്ററിന്റെ പതിവു വിരസത അയാളെ അസ്വസ്ഥനാക്കി. വീട്ടിലെ ജോലിക്കാരി സുന്ദരാമ്മയുടെ മകള്‍ സീതയെ താന്‍ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചത് തെറ്റായോ എന്നയാള്‍ ശങ്കിച്ചു. കമ്പ്യൂട്ടര്‍ ഓഫ് ചെയ്ത് അയാള്‍ പുറത്തിറങ്ങി. പുറത്തപ്പോഴും അലസിപ്പെയ്യുന്ന മഴയില്‍ കച്ചവടക്കണക്കുകളൊന്നൊന്നായി മുങ്ങിത്താഴുന്ന ഒരു സുദിനം അയാള്‍ മനസ്സില്‍ കണ്ടു.

സര്‍ക്കാര്‍ സ്കൂളിന്റെ മുമ്പില്‍ വിനോദിന്റെ സ്കൂട്ടര്‍ നിന്നു. മഴക്കോട്ടിന്റെ സുരക്ഷിതത്വത്തില്‍ ഗേറ്റിനരികില്‍ കാത്തു നിന്ന തന്റെ മകള്‍ അമ്മുവിനെ അയാള്‍ വാരിയെടുത്ത് പുറകിലിരുത്തി. ദൂരെ, സ്കൂള്‍ മൈതാനത്തില്‍ നിന്നു കൊണ്ട് സീത അവരെ കൈ വീശിക്കാണിച്ചു. വിനോദ് തിരിച്ചു കൈ വീശി. നനുനനുത്ത മഴത്തുള്ളികളെ കൈ നീട്ടി, കുഞ്ഞുവിരലുകള്‍ക്കുള്ളിലൊതുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന അമ്മുവിനെ തന്നോട് ചേര്‍ത്ത് പിഠിച്ച്, അയാള്‍ അവളുടെ കവിളുകളില്‍ ചുംബിച്ചു.

19 comments:

ജൈമിനി said...

അത്യാഹ്ലാദത്തോടെ അയാള്‍ ജനാലയിലൂടെ കൈ നീട്ടി ആ സ്ഫടികത്തുള്ളികളെ സ്പര്‍ശിച്ചു. ചെറുതായി വീശിയ കാറ്റില്‍ മഴത്തുള്ളികള്‍ പാറി വീണ് തന്റെ വസ്ത്രങ്ങളെ നനച്ചു തുടങ്ങിയപ്പോള്‍ ചൈതന്യയിലെ പെണ്‍കുട്ടി ജനാല വലിച്ചടച്ചു കൊളുത്തിട്ടു.

ശ്രീ said...

വളരെ ഹൃദയസ്പര്‍‌ശിയായി തന്നെ എഴുതിയിരിക്കുന്നു.


ഓ.ടോ.

ഈ പറഞ്ഞ സംഭവം ഇവിടെ ബാംഗ്ലൂര്‌ പതിവായുള്ളതാണോ? ഇവിടെയെത്തി, നാലു മാസത്തിനുള്ളില്‍‌ തന്നെ 2 തവണ അവര്‍‌ (ചൈതന്യ എന്നാണോ പേരെന്ന് ശ്രദ്ധിച്ചില്ല) പിരിവിനു വന്നു കഴിഞ്ഞു. പിന്നെ, ആകും വിധം സഹായിയ്ക്കുന്നു എന്നു മാത്രം.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

കൊള്ളാല്ലോ മാഷെ.

ഇനി ബാക്കിയുള്ള കഥകള്‍ കുടി വായിച്ചിട്ട് അഭിപ്രായം അറിയിക്കാന്‍

നവരുചിയന്‍ said...

മാഷെ , ഈ സാധനം കൊള്ളാം ..
ഞാന്‍ ഇവനെ ഒന്നു ചിത്രികരിച്ചാലോ ....

ബാജി ഓടംവേലി said...

നമ്മുടെ സമൂഹത്തിന്റെ ചിത്രം
കഥയിലൂടെ വരച്ചു കാട്ടിയിരിക്കുന്നു
ഇന്ന് എല്ലാം വില്പന ചരക്കുകള്‍ മാത്രമാണ്
ഇതേ പേരില്‍ ബായിഗ്ലൂറില്‍ ഒരു സ്‌ക്കൂള്‍ ഉള്ളത് തികച്ചും യാദൃചിഛികം മാത്രം. കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവും ഇല്ല.

അഭിനന്ദനങ്ങള്‍

Sherlock said...

മിനീസ് നന്നായിരിക്കുന്നു ...:)

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല കഥ മിനീസ്.
ഇന്നത്തെ സമൂഹത്തില്‍ ചാരിറ്റിയും ഒരു സ്റ്റാറ്റസ് സിംബല്‍ ആണ്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നല്ല സ്പീഡിലാ വായിച്ചത് ഇടക്കെല്ലാം വിട്ട് പോയിട്ടുണ്ടാവും, ഒരുപാട് എഴുതി നിറച്ചിരിക്കുന്നു. എന്നാലും പരിഹാസച്ചുവ നന്നായി.

മുരളീധരന്‍ വി പി said...

ചൈതന്യമുള്ള കഥ.....
ചാരിറ്റിയും ബിസിനാവുന്ന കാലം വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു...

salil | drishyan said...

മിനീസ്,
ആദ്യമായാണിവിടെ...
കഥ വളരെ ഇഷ്ടമായി. തീം മാത്രമല്ല, കഥ പറഞ്ഞ രീതിയും ഒതുക്കവും പുരാവൃത്തപരാമര്‍ശങ്ങളും എല്ലാം നന്നായിട്ടുണ്ട്.

ഭാവുകങ്ങള്‍

സസ്നേഹം
ദൃശ്യന്‍

Eccentric said...

മിനീസ്, അതിമനോഹരം. ഹ്രദയസ്പര്ശി ആയ അവതരണം.
(ഞാന്‍ ഇതിന്റെ ഒരു ലിങ്ക് എടുക്കുന്നു എന്റെ ബ്ലോഗിലേക്ക്. )

ജൈമിനി said...

ശ്രീ, നന്ദി. ഇതു പോലുള്ളതാണോ എന്നെനിക്കറിയില്ല, പല സ്ഥാപനങ്ങളും ഓഫീസില്‍ വരുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ഇനി, ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ച വാക്കുകള്‍:

Our children have reached grade X. Next year they will enter a Junior College (pre-university) and we need to be ready for that. We have been given land for the college. Now we need to build the college. We need your help to do it and ensure that our children are well and truly prepared to compete for high value jobs.

And all it takes is your ½ a day’s salary.

ഇതെടുത്തിരിക്കുന്നത് ഇവിടെ നിന്നും: http://www.parikrmafoundation.org/cyw_halfday.htm

ആ ലിങ്കിലെ മൂന്നാമത്തെ പാരഗ്രാഫില്‍ പറഞ്ഞ വാക്യങ്ങളാണ് മേലെ ഉദ്ധരിച്ചത്.

ബാജി, സത്യം... ഇതേ പേരില്‍ ബാംഗ്ലൂരില്‍ സ്കൂള്‍ ഉണ്ടെങ്കില്‍ അതു യാദൃശ്ചികവും സ്വാഭാവികവുമാണ്. :-) എനിക്കു വേണ്ടി ഈ കാര്യം പറഞ്ഞതിനു നന്ദി. സത്യത്തില്‍ മറ്റൊരു പേരാണ് (കൊന്നാലും പറയില്ല) ഉദ്ദേശിച്ചിരുന്നത്. ആ പേരില്‍ മലയാളികള്‍ നടത്തുന്ന ഒരു ചാരിറ്റി സംഘടന ഉണ്ടെന്നറിഞ്ഞതോടെ എല്ലാം തിരുത്തി. എഴുതിയിരുന്ന കടലാസ് കത്തിക്കുക എന്ന ജോലി മാത്രമേ ബാക്കിയുള്ളു. ;-)

വാല്‍മീകിയോട്, സ്ഥിരമായി ഇവിടെ വരുന്നതിലും അഭിപ്രായം അറിയിക്കുന്നതിലും നന്ദിയുണ്ട്. ജിഹേഷിനോടുമതേ. ജിഹേഷ്, മുരുഗേശ്പാളയയില്‍ തന്നെ ആണോ? :-)

സണ്ണിക്കുട്ടന്‍, നവരുചിയന്‍, കുട്ടിച്ചാത്തന്‍, മുരളീധരന്‍, ദൃശ്യന്‍, എല്ലാവര്‍ക്കും നന്ദി...

ജൈമിനി said...

Eccentric, വളരെ നന്ദി... ലിങ്ക് കൊടുക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം... :-)

പ്രയാസി said...

അവര്‍ക്കും ജീവിക്കണ്ടെ മാഷെ..:)

നന്നയി വിവരിച്ചിരിക്കുന്നു..

കാര്‍വര്‍ണം said...

നന്നായിട്ടുണ്ട്.

Babu Kalyanam said...

isthayittoo!!!!
puzhuvinte (eccentric) blogile link vazhi vannatha...
Thanks to puzhu and Minees..

ജൈമിനി said...

അതെ പ്രയാസീ, പൂന്താനവും പൌലോ കോയ്‍ലോ (Eleven Minutes ല്‍)യും പറഞ്ഞ പോലെ, ആരും ഒന്നും കൊണ്ടു വരുന്നുമില്ല, കൊണ്ടുപോകുന്നുമില്ല... എങ്കിലും എല്ലാര്‍ക്കും ജീവിക്കണം... :-) കാര്‍വര്‍ണം, Babu Kalyanam നന്ദി!

കുഞ്ഞായി | kunjai said...

മിനീസ്,
വളരെ നന്നായിട്ടുണ്ട്.
നല്ലൊരാശയം അതിന്റെ ഒഴുക്ക് നഷ്ടപ്പെടുത്താതെ പറഞ്ഞു
ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ
പുതുവത്സരാശംസകള്‍ മിനീസിനും ,എല്ലാ ബൂലോഗര്‍ക്കും

സമയം ഓണ്‍ലൈന്‍ said...

ബ്ലോഗ് വളരെ നന്നായിട്ടുണ്ട്

by
http://www.samayamonline.in