Thursday, December 27, 2007

ബേനസിര്‍ ഭൂട്ടോ കൊല്ലപ്പെട്ടു!

ബേനസിര്‍ ഭൂട്ടോ അല്പസമയം മുമ്പ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സ്ഫോടനങ്ങള്‍ക്കിടെ കഴുത്തിനു വെടിയേറ്റതാണ് മരണകാരണമെന്ന് അനുമാനിക്കപ്പെടുന്നു.

നിരന്തരമായ വധഭീഷണിയും ഒരു വധശ്രമവും വരെ ഉണ്ടായിട്ടും അവരെ സംരക്ഷിക്കാന്‍ പാകിസ്താന്‍ ഭരണകൂടത്തിനു കഴിഞ്ഞില്ല എന്നത് അപലപനീയമാണ്. തീവ്രവാദ പ്രവണതകളെ ചെറുക്കാനും എതിര്‍ക്കാനും കുഴിച്ചു മൂടാനും അന്താരാഷ്ട്രസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇതു നമുക്കു തരുന്ന പാഠമെന്തെന്ന് ഉണര്‍ന്നു ചിന്തിക്കേണ്ടതില്ലേ. ആശയസംഘട്ടനങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് നീങ്ങുന്ന ഈ പ്രവണതയെ അപലപിച്ചാല്‍ മാത്രം മതിയോ?

ബേനസിര്‍ ഭൂട്ടോ എന്ന വ്യക്തി ആരെന്നതോ, അവരെന്തിനു വേണ്ടി നിലകൊണ്ടു എന്നതോ അല്ല നമുക്കു മുന്നിലുള്ള പ്രശ്നം. തങ്ങളെ പ്രീണിപ്പിക്കാനോ അനുസരിക്കാനോ തയ്യാറാകാത്തവര്‍ ഭൂമുഖത്തു ജീവിച്ചിരിക്കേണ്തതില്ല എന്ന തീവ്രവാദികളുടെ നിലപാട്, പരിധികള്‍ ലംഘിച്ച് ഇത്രടം വരെ എത്തിയിട്ടും ഭൂരിപക്ഷം വരുന്ന അന്താരാഷ്ട്രസമൂഹം ഈ നടപടികള്‍ക്ക് കടിഞ്ഞാണിടാന്‍ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങാത്തതെന്തു കൊണ്ട് എന്നതാണ്.

ഇറാഖില്‍ സദ്ദാം ഒളിപ്പിച്ചിരുന്നു എന്നു പറയപ്പെട്ട ആയുധങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തി, ഒരു രാജ്യത്തെ മുഴുവന്‍ അരക്ഷിതാവസ്ഥയിലേക്കു തള്ളി വിട്ട അമേരിക്ക ഇത്തരം നടപടികളെ വാക്കുകള്‍ കൊണ്ടു മാത്രം എതിര്‍ക്കുന്നത് എന്തു കൊണ്ടാണ്? ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കാനാണ് ആയുധങ്ങള്‍ എന്ന തിരിച്ചറിവ് അവര്‍ക്കുമുണ്ടാവേണ്ടതില്ലേ? ഉണ്ടായിട്ടും മിണ്ടാതിരിക്കുകയാണോ?

ലോകസമൂഹത്തില്‍ തികച്ചും ന്യൂനപക്ഷമായ തീവ്രവാദികളെ നശിപ്പിക്കാന്‍ എന്നും അണുപരീക്ഷണങ്ങളും കരാറുകളുമായി നടക്കുന്ന രാജ്യങ്ങള്‍ക്ക് ആയുധസമ്പത്ത് പോരെന്നുണ്ടോ? അതെങ്ങനെ സാധിക്കും? അത്യാവശ്യം വരുമ്പോള്‍ "ഇവനെ/ഇവളെ ഒന്നു കൊന്നു തരൂ" എന്നിവര്‍ക്ക് അപേക്ഷിക്കാന്‍ ഈ തീവ്രവാദിസമൂഹം നിലനില്‍ക്കേണ്ടതുണ്ടല്ലോ!

ബേനസീറിനെക്കുറിച്ചെന്ന പോലെ തന്നെ, ഒരു പക്ഷേ, അവരെക്കാളധികമായി എനിക്കു വിഷമമുണ്ടാക്കുന്ന വസ്തുത അവരോടൊപ്പം ഇരുപത്തഞ്ചു പേര്‍ കൂടി മരിച്ചു എന്നതാണ്. ആരോര്‍ക്കാന്‍, അവരെക്കുറിച്ച്?

ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയാവുമ്പോഴും തീവ്രവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ബോംബാക്രമണങ്ങളും വെടിവെപ്പുകളും മുടങ്ങാതെ ഇനിയും നടന്നു കൊണ്ടിരിക്കുക തന്നെ ചെയ്യും. അഞ്ചോ ആറോ ദിവസങ്ങള്‍ക്കുള്ളില്‍ നാമുള്‍പ്പെടെ എല്ലാവരും ഇതെല്ലാം മറക്കുകയും അവരോട് പൊറുക്കുകയും പിന്നീടു വരാനിരിക്കുന്ന ആക്രമണങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യും. പത്രങ്ങളും മാധ്യമങ്ങളും ഇത്തരം സംഭവങ്ങള്‍ ആഘോഷം പോലെ കൊണ്ടാടുകയും ചെയ്യും. എല്ലാമൊടുങ്ങുമ്പോള്‍ ബാക്കിയാവുന്നത് പൊലിഞ്ഞു പോയ കുറേ ജീവിതങ്ങളും അവരുടെ കുടുംബാംഗങ്ങളുടെ കണ്ണുനീരും മാത്രം. ഒരു പക്ഷേ, ഒരു സ്മാരകവും!

16 comments:

മിനീസ് said...

ബേനസിര്‍ ഭൂട്ടോ അല്പസമയം മുമ്പ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കിനാവ് said...

ഒരു ആദരാഞ്ജലിയിലവസാനിപ്പിക്കാം എല്ലാ തീവ്രവാദ വിരുദ്ധതയും. പിന്നെ അമേരിക്കാവിനെക്കുറിച്ച്. ഭീകരവാദത്തെ തങ്ങള്‍ക്ക് വേണ്ടി വളര്‍ത്തുക, ആവശ്യം കഴിഞ്ഞാല്‍ കീഴടക്കുക, അതിനുശേഷം കൊള്ളയടിക്കുക എന്നതല്ലേ അവരുടെ പദ്ധതി.

Teena C George said...

ആഗോള ഭീകരതാ...
തീവ്രവാദം...

എല്ലാമൊടുങ്ങുമ്പോള്‍ ബാക്കിയാവുന്നത് പൊലിഞ്ഞു പോയ കുറേ ജീവിതങ്ങളും അവരുടെ കുടുംബാങ്ങളുടെ കണ്ണുനീരും മാത്രം. ഒരു പക്ഷേ, ഒരു സ്മാരകവും!


ഒരുതുള്ളി കണ്ണീര്‍ നമുക്കും പൊഴിക്കാം...
നശിച്ച തീവ്രവാദത്തിന്റെ രക്തസാക്ഷികളാകേണ്ടി വന്ന എല്ലാ ഹതഭാഗ്യരേയും ഓര്‍ത്ത്...

സി. കെ. ബാബു said...

ആശയസംഘട്ടനത്തിലൂടെ വളരേണ്ട ഒന്നാണു് ജനാധിപത്യം. അതിനു് സംസ്കാരസമ്പന്നരായ മനുഷ്യര്‍ ഉപയോഗിക്കുന്നതു് വാക്കുകളാണു്. അതില്ലാത്തവര്‍ വാക്കത്തികള്‍ തേടുന്നു. അവ ഏറ്റുവാങ്ങാന്‍ ‍സന്നദ്ധരായ ചാവേറുകളെ അവര്‍ ഒരുക്കി നിര്‍ത്തിയിട്ടുമുണ്ടു്. ഇക്കൂട്ടര്‍ ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ എവിടെയോ ഇരുന്നു് ചിരിക്കുന്നു! മനുഷ്യസമൂഹത്തിന്റെ അജ്ഞത എന്ന ശാപത്തിന്റെ ഫലം!

ഭൂട്ടോയ്ക്കും, ഒപ്പം മരണമടയേണ്ടി വന്നവര്‍ക്കും ആദരാഞ്ചലികള്‍!

മിനീസ് said...

സ്ഫോടനം നടന്ന ഉടനെ കാറില്‍ കയറുന്നതിനിടെ നെഞ്ചിനും കഴുത്തിനും വെടിയേറ്റാണ് ബേനസിര്‍ മരിച്ചത്. ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് പി.പി.പി. അനുയായികളും നവാസ് ഷെരീഫും മുഷറഫിന്റെ പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നത്. മുഷറഫിന് വീണ്ടും അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്താന്‍ ഒരു കാരണവുമായിത്തീര്‍ന്നേക്കാം ബേനസീറിന്റെ മരണം!

ഷാനവാസ്‌ ഇലിപ്പക്കുളം said...

ബേനസീറിന്റെ അരും കൊല ഞെട്ടിപ്പിക്കുന്നതും പ്രാകൃതവും, ക്രൂരവുമാണ്‌. ബേനസീറിന്റെ കൊലപാതകം മാത്രമല്ല ലോകത്തില്‍ നടക്കുന്ന ഏതുകൊലപാതകവും , ജീവിക്കാനുള്ള ഒരു വ്യക്തിയുടെ മൗലികമായ അവകാശത്തിനെ കശാപ്പുചെയ്യലാണ്‌.ഇക്കാര്യത്തില്‍ ലാദനെന്നോ,ബുഷ്‌ എന്നോ, സദ്ദാമെന്നോ, മോഡിയെന്നോ വ്യത്യാസമില്ല. നിരപരാധികളെ വകവരുത്തുന്ന പ്രാകൃതമായ നരനായാട്ട്‌. ബേനസീറിനും, കൂട്ടത്തില്‍ ചിന്നിച്ചിതറിയ നിരപരാധികള്‍ക്കും ആദരാഞ്ജലികള്‍.

പ്രയാസി said...

:(

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

തികച്ചും നിര്‍ഭാഗ്യകരം..:(

മിനീസ് said...

"ബേനസീറിനെ കൊന്നത് പട്ടാളമാണെന്ന് ജനങ്ങള്‍ പറയുന്നു. ഇനിയും ഇവിടെ ചോരപ്പുഴയൊഴുകും. ഇനിയെങ്കിലും ലോകം ഉണര്‍ന്നു പ്രവര്‍ത്തിക്കുമോ?"

പാക്കിസ്താനിലെ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷ അസ്മ ജഹാംഗീര്‍ വിതുമ്പലടക്കാനാവാതെ പറഞ്ഞ വാക്കുകളാണിവ!

സ്ഫോടനത്തിനു പുറകില്‍ തീവ്രവാദികളെന്നു മുഷറഫ് പറയുന്നെങ്കിലും, അസ്മ ജഹാംഗീര്‍ പറഞ്ഞതു കൂടെ കൂടി കണക്കിലെടുത്ത് ഒരു വിശകലനം ആവശ്യമാണെന്നു തോന്നുന്നു...

കോടികള്‍ മുടക്കി സ്വന്തം സുരക്ഷ ശക്തമാക്കിയ മുഷറഫിനു അല്പം തുക ബേനസീറിന്റെ സുരക്ഷക്കായും ചെലവിട്ടു കൂടായിരുന്നോ എന്ന് ഭയത്തോടെ നവാസ് ഷെരീഫ് ചോദിക്കുന്നു. ഒടുക്കം ഉരുത്തിരിയുന്ന സമവാക്യങ്ങള്‍ക്കായി നമുക്കു കാത്തിരിക്കാം!

Friendz4ever said...

വീണ്ടും ഒരു രക്തസാക്ഷികൂടെ മാഷെ..
തീവ്രവാദത്തിന്റെ മറ്റൊരു ഇര !
അതു ചിലപ്പോള്‍ മതമൊ മനുഷ്യനൊ ആയിക്കൂടെ മാഷെ..?

മൂര്‍ത്തി said...

ജനാധിപത്യം പാകിസ്താനില്‍ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നവര്‍ തന്നെ ഇതിനു പിന്നില്‍...
ബെനസീര്‍ ഭൂട്ടോയ്ക്കും കൂടെ മരണമടയേണ്ടി വന്നവര്‍ക്കും ആദരാജ്ഞലികള്‍!

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ആദരാഞ്ജലിയി...........

മുക്കുവന്‍ said...

deepest condolence!

അദൃശ്യന്‍ said...

പ്രതികരിക്കാം,
പ്രതിഷേധിക്കാം,
പിന്നെ മറക്കാം.

മിനീസ് said...

മരണകാരണം വെടിയുണ്ടകളോ സ്ഫോടനമോ അല്ല, മറിച്ച് അശ്രദ്ധ മൂലം കാറില്‍ തലയിടിച്ചതാണെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക പ്രസ്താവന....!!! ഭൂട്ടോ കാറില്‍ നിന്ന് പുറത്തിറങ്ങിയില്ലായിരുന്നെങ്കില്‍ അപകടമേ ഉണ്ടാവില്ലായിരുന്നെന്നും സാക്ഷ്യം...

ഏ.ആര്‍. നജീം said...

അമേരിക്ക അപലപിച്ചു... അത്രെയെങ്കിലും ചെയ്തല്ലോ, ഭാഗ്യം..!

ഇത്തരം ചില ഇരട്ടത്താപ്പുകള്‍ ഉള്ള രാജ്യങ്ങള്‍ ഉള്ളിടത്തോളം ഇതിങ്ങിനെ തുടരുക തന്നെ ചെയ്യും.
സ്വയം മരിക്കാന്‍ മുതിര്‍ന്നിറങ്ങുന്നവനെ ഏത് ശക്തിക്ക് തടയാനാകും..?
ആ നീരാളി കൈകളില്‍ നിന്നും ഏവരേയും കാത്ത് രക്ഷിക്കട്ടെ..