Friday, December 14, 2007

കവിത: വാല്‍മീകിയോട്

ചത്തു വീണൊരിണക്കിളിയെക്കണ്ട്
ഹൃത്തിലന്നൊരൊളിയമ്പു വീണതിന്‍
വര്‍ത്തമാനങ്ങള്‍ ചൊല്ലിപ്പഠിച്ചൊരാ
തത്ത പോലും മുഖം തിരിച്ചെന്തിനോ!

‘ചത്ത പൈങ്കിളി ചാകേണ്ടതായിരു’-
ന്നുത്തരമിന്നു വേറെ പിറന്നിതാ,
അര്‍ത്ഥമേതും തിരക്കാതെയാളുകള്‍
വ്യര്‍ത്ഥമോരോന്നുരുവിടുന്നിപ്പൊഴും!

'അമ്പുകള്‍ നെഞ്ചു കീറട്ടെ, വര്‍ഗ്ഗീയ-
കമ്പനങ്ങള്‍ പെരുകട്ടെ'യെന്നൊരാള്‍
വമ്പു കാട്ടിപ്പറയിലും, നാളെ നാം
കമ്പമോടെക്കൊടുത്തിടും വോട്ടുകള്‍!

കാഴ്ചയുണ്ടേറെ കാണുവാന്‍ ഭൂവിതില്‍
വാഴ്ച മാത്രം കൊതിക്കുന്ന പാര്‍ട്ടികള്‍,
താഴ്ചയെന്തെന്നറിയുവാനാകാത്ത
വീഴ്ചയാകുന്നു നമ്മുടെ തീര്‍പ്പുകള്‍!

രാമനും രാമബാണവും വില്ലുമീ
താമരക്കു വളം ചേര്‍ന്നു ചീ,ഞ്ഞതില്‍
കോമരങ്ങള്‍ മരണം വിതക്കവേ,
'രാമ രാമ'യെന്നാരുണ്ടു ചൊല്ലുവാന്‍?


‘ചത്ത പൈങ്കിളി ചാകേണ്ടതായിരുന്നു’ - സോറാബുദ്ദീന്‍ ശൈഖിനെ വ്യാജ എറ്റുമുട്ടലിലൂടെ വധിച്ചതിനെ ന്യായീകരിച്ച് നരേന്ദ്രമോഡി നടത്തിയ പ്രസ്താവനയെ സൂചിപ്പിക്കുന്നു.

13 comments:

Sherlock said...

തലക്കെട്ടു കണ്ടപ്പോള് വിചാരിച്ചു ബ്ലോഗര് വാല്മീകിയോടാണെന്നു....:)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

“മോഡിയോട് “ എന്ന തലക്കെട്ടായിരുന്നില്ലേ ഉചിതം?

രാജന്‍ വെങ്ങര said...

“കാഴ്ചയുണ്ടേറെ കാണുവാന്‍ ഭൂവിതില്‍
വാഴ്ച മാത്രം കൊതിക്കുന്ന പാര്‍ട്ടികള്‍,“


വാഴ്ച്ചയൊത്തു വന്നാല്‍
പിന്നെ തുടങ്ങാമിനി‌ തേര്‍വാഴ്ച്ക !
ചേര്‍‌ത്തു നല്‍കുന്നു നമ്മളും
കരം കോര്‍‌ത്തിതെപ്പൊഴും‌.

നാന്നായിട്ടുണ്ട്.കരുത്തുള്ള ഭാവന.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

"അര്‍ത്ഥമേതും തിരക്കാതെയാളുകള്‍
വ്യര്‍ത്ഥമോരോന്നുരുവിടുന്നിപ്പൊഴും"

അതിഭാവുകത്വങ്ങളില്ലാതെ ഒരു കവിത. വള്രെ നന്നായിരിക്കുന്നു.

വാല്‍മീകി said...

വളരെ നല്ല കവിത മിനീസ്.

ഹരിശ്രീ said...

കൊള്ളാമല്ലോ ഭായ്,

ആശംസകള്‍...

കാവലാന്‍ said...

രാമനും രാമബാണവും വില്ലുമീ
താമരക്കു വളം ചേര്‍ന്നു ചീ,ഞ്ഞതില്‍
കോമരങ്ങള്‍ മരണം വിതക്കവേ,
'രാമ രാമ'യെന്നാരുണ്ടു ചൊല്ലുവാന്‍?

കല മരിച്ചഹൃദയങ്ങള്‍ക്കിതൊരു പുതുജീവന്‍ നല്‍കിയെങ്കില്‍!

Unknown said...

നല്ല കവിത!

(That is to say, you are not at all a burden on earth.)

ആശംസകള്‍!

ജൈമിനി said...

രാജന്‍, പ്രിയ, ഹരിശ്രീ, കാവലാന്‍, ബാബു എല്ലാര്‍ക്കും നന്ദി...

ജിഹേഷേ, അതൊരു മാര്‍ക്കറ്റിംഗ് ടെക്നിക്കാ...

മോഹന്‍, അവസാന ചോദ്യം വാല്മീകിയോടായിരുന്നു...

വാല്‍മീകി, പേരു ഞാന്‍ ദുരുപയോഗം ചെയ്തില്ലല്ലോ അല്ലേ? :-]

Unknown said...
This comment has been removed by the author.
Unknown said...

പൊയ്മുഖങള്‍ക്കുള്ളിലെ വെളിച്ചം തേടിയുള്ള യാത്രയിലെ ചില നാഴികകല്ലുകള്‍
ജനാധിപത്യത്തിന്റെ പുറംതോടും പൊട്ടിച്ച് ബീഭത്സമായ യാഥാര്‍ത്ഥ്യങ്ങളിലേക്ക്......

Unknown said...

പൊയ്മുഖങള്‍ക്കുള്ളിലെ വെളിച്ചം തേടിയുള്ള യാത്രയിലെ ചില നാഴികകല്ലുകള്‍
ജനാധിപത്യത്തിന്റെ പുറംതോടും പൊട്ടിച്ച് ബീഭത്സമായ യാഥാര്‍ത്ഥ്യങ്ങളിലേക്ക്......

Mr. K# said...

എല്ലാവരിയിലും പ്രാസമുണ്ടല്ലോ. കൊള്ളാം.